അതൊരു മാലാഖയായിരുന്നു. ഞാന്‍ ചിറകുകള്‍ കൈവശമാക്കിയതിനാല്‍ എന്റെ കൂടെ പോരേണ്ടിവന്നതാണ്. അര്‍ഹതയില്ലാത്തത് നമുക്ക് അധികകാലം അനുഭവിക്കാന്‍ ആവില്ലല്ലോ. അമ്മ സങ്കടപ്പെടേണ്ട.
ചൈനയില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ഒരു യുവാവായിരുന്നു ചിങ്പിങ്. മണ്‍പാത്രങ്ങള്‍ നിര്‍മ്മിച്ച് ഉപജീവനം കഴിച്ചിരുന്ന അയാള്‍ക്ക് സ്വന്തമെന്നു പറയാന്‍ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ കൊച്ചുകുടിലില്‍ അമ്മയും മകനും സൈ്വരമായി ജീവിച്ചു. വീടിനടുത്തായി ഒഴുകുന്ന നദിയുടെ കരയില്‍ നിന്ന് കളിമണ്ണ് ശേഖരിക്കും. അവ ഉപയോഗിച്ച് പാത്രങ്ങള്‍ ഉണ്ടാക്കും.
അങ്ങനെയിരിക്കേ ഒരു ദിവസം ചിങ്പിങ് നദിക്കരയില്‍നിന്ന് കളിമണ്ണ് ശേഖരിക്കുകയായിരുന്നു. പെട്ടെന്നാണ് ചിറകടിയൊച്ച കേട്ട് തലയുയര്‍ത്തിനോക്കിയത്. ഏതോ കൂറ്റന്‍ പക്ഷികള്‍ പറന്നുവരുന്നതാണെന്നു കരുതിയ അയാള്‍ വലിയൊരു മരത്തിന്റെ പിന്നില്‍ ഒളിച്ചു. അവിടെയിരുന്ന് നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. പറന്നുവന്നത് പക്ഷികളല്ല, ആകാശത്തു നിന്ന് എത്തിയ ഏതാനും മാലാഖമാരാണ്. അയാള്‍ കൗതുകത്തോടെ അവരെ നിരീക്ഷിച്ചു.
മാലാഖമാര്‍ നദിയുടെ തീരത്ത് പറന്നിറങ്ങി. പിന്നെ അവര്‍ തങ്ങളുടെ ചിറകുകള്‍ ഒരു മരച്ചുവട്ടില്‍ അഴിച്ചുവച്ചു. എന്നിട്ട് നദിയിലേക്കിറങ്ങി വെള്ളത്തില്‍ കളിച്ചുരസിക്കാന്‍ തുടങ്ങി. അപ്പോള്‍ ചിങ്പിങിന് ഒരു സൂത്രം തോന്നി. മാലാഖയുടെ ചിറകുകള്‍ എടുത്താലോ?
ചിങ്പിങ് ശബ്ദമുണ്ടാക്കാതെ നടന്നുചെന്ന് രണ്ടു ചിറകുകള്‍ കൈയിലെടുത്തു. ആ നിമിഷം മാലാഖമാര്‍ അതു കാണുകയും ചെയ്തു. അവര്‍ ഉറക്കെ കരഞ്ഞുകൊണ്ട് കരയ്ക്കു കയറി അയാളുടെ അടുത്തേക്ക് ഓടിയെത്തി.
''ദയവുചെയ്ത് ആ ചിറകുകള്‍ ഞങ്ങള്‍ക്ക് തിരികെ തരണം.'' അവര്‍ അപേക്ഷിച്ചു.
''ചിറകില്ലാതെ ഞങ്ങള്‍ക്ക് പറക്കാനാവില്ല. ഞങ്ങളോടു ദയ തോന്നി ചിറകുകള്‍ തരണം.'' അവര്‍ വീണ്ടും വീണ്ടും യാചിച്ചുകൊണ്ടിരുന്നു.
എല്ലാം കേട്ടുനിന്ന ചിങ്പിങ് പറഞ്ഞു: ''ഈ ചിറകുകള്‍ ഞാന്‍ തരില്ല. ഇതിന്റെ ഉടമസ്ഥയായ മാലാഖ എന്റെകൂടെ വരിക. മറ്റുള്ളവര്‍ക്ക് തിരികെപ്പോകാം. അല്ലെങ്കില്‍ എല്ലാ ചിറകുകളും ഞാനെടുക്കും.''
അയാള്‍ ഒരു തരത്തിലും വഴങ്ങുന്നില്ല എന്ന് മനസ്സിലാക്കിയ മാലാഖമാര്‍ ഗത്യന്തരമില്ലാതെ അതു സമ്മതിച്ചു. ചിങ്പിങ് കൈവശമാക്കിയ ചിറകുകളുടെ ഉടമസ്ഥയായ മാലാഖയ്ക്കും അത് അംഗീകരിക്കേണ്ടിവന്നു. അങ്ങനെ അയാള്‍ മാലാഖയെയും കൂട്ടി വീട്ടിലേക്കു നടന്നു. വീട്ടിലെത്തിയ ചിങ്പിങ് മാലാഖയുടെ ചിറകുകള്‍ ഒരു മുറിയില്‍ ഭദ്രമായി വച്ച് മുറിപൂട്ടി. അതിന്റെ താക്കോല്‍ അമ്മയെ ഏല്‍പിച്ചുകൊണ്ട് പറഞ്ഞു: ''ആ മുറി ഒരിക്കലും തുറക്കരുത്.''
അമ്മ അതു സമ്മതിച്ചു. മകന്‍ ഭാര്യയായി കൊണ്ടുവന്ന സുന്ദരിയെ അമ്മയ്ക്ക് ഇഷ്ടമായി. അവള്‍ മാലാഖയാണെന്ന കാര്യം മകന്‍ പറഞ്ഞുമില്ല, അമ്മ അറിഞ്ഞുമില്ല.
നാളുകള്‍ കടന്നുപോയി. ചിങ്പിങിന്റെ ജന്മദിനമെത്തി. അയാള്‍ പതിവുപോലെ പാത്രമുണ്ടാക്കാന്‍ പോയി. അപ്പോഴാണ് അമ്മ അക്കാര്യമോര്‍ത്തത്. വിവാഹശേഷമുള്ള മകന്റെ ആദ്യത്തെ പിറന്നാളല്ലേ? നന്നായി ആഘോഷിക്കണം. അമ്മയും മരുമകളും കൂടി വീടു വൃത്തിയാക്കാന്‍ തുടങ്ങി. ചിങ്പിങ് തുറക്കരുതെന്നു പറഞ്ഞ മുറിയും അമ്മ തുറന്ന് വൃത്തിയാക്കാന്‍ തുടങ്ങി. അപ്പോഴാണ് പൊടിപിടിച്ച രണ്ടു ചിറകുകള്‍ കണ്ടത്. അവര്‍ മകന്റെ ഭാര്യയെ വിളിച്ചുപറഞ്ഞു: ''മോളേ, ഈ ചിറകുകള്‍ വൃത്തിയാക്കി വയ്ക്ക്. ഇതുകണ്ടാല്‍ ചിങ്പിങിന് സന്തോഷമാകും.''
അതിരറ്റ സന്തോഷത്തോടെ മാലാഖ ചിറകുകള്‍ വാങ്ങി. അതു പുറത്തുകൊണ്ടുപോയി തുടച്ചുവൃത്തിയാക്കി. എന്നിട്ട് അത് ശരീരത്തില്‍ പിടിപ്പിച്ച് ആകാശത്തേക്കു പറന്നുപോയി. അതുകണ്ട് അമ്മ അന്തംവിട്ട് മിഴിച്ചുനിന്നു.
ജോലിയെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയ ചിങ്പിങ് കണ്ടത് കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയെയാണ്. കാരണം തിരക്കിയ മകനോട് അമ്മ ഉണ്ടായ കാര്യമെല്ലാം പറഞ്ഞു. അതുകേട്ട അയാള്‍ ശാന്തതയോടെ അമ്മയോടു പറഞ്ഞു: ''അതൊരു മാലാഖയായിരുന്നു. ഞാന്‍ ചിറകുകള്‍ കൈവശമാക്കിയതിനാല്‍ എന്റെ കൂടെ പോരേണ്ടിവന്നതാണ്. അര്‍ഹതയില്ലാത്തത് നമുക്ക് അധികകാലം അനുഭവിക്കാന്‍ ആവില്ലല്ലോ. അമ്മ സങ്കടപ്പെടേണ്ട.''
ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ ജീവിതം തുടര്‍ന്നു.