ചിറകില്ലാത്ത മാലാഖ...

കഥ : ഫാ. ജോസ് കാരാച്ചിറ
ചിറകില്ലാത്ത മാലാഖ...

ഒരിക്കല്‍ ഒരു മാലാഖ ഭൂമി കാണാന്‍ വന്നു... ഹായ്... ഹായ്... എന്തു രസം...! എന്തു രസം...!

മലയും, മരങ്ങളും, പുഴയും, തടാകങ്ങളും, തുമ്പിയും, ശലഭങ്ങളും, പൂക്കളും, പൂച്ചെടികളും...!

മാലാഖ തുള്ളിച്ചാടി.... ദൈവം സൃഷ്ടിച്ച ഈ ഭൂമി എത്ര സുന്ദരം...!

ഹായ്... എന്തു രസം..! ഈ ഭൂമിയുടെ മനോഹാരിതയും, സൗന്ദര്യവും ആസ്വദിച്ച്... ആടിയും, പാടിയും, ഉല്ലസിച്ചും, ദിവസങ്ങളും, മാസങ്ങളും, വര്‍ഷങ്ങളും കടന്നുപോയി.

ങേ...! മാലാഖയ്ക്ക് സ്വര്‍ഗത്തിലേക്ക് തിരികെപ്പോകാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു! ഉടനെതന്നെ സ്വര്‍ഗത്തിലേക്ക് മടങ്ങാനുള്ള 'മന്ത്രം' മാലാഖ ഓര്‍ത്തുനോക്കി...! വീണ്ടും, വീണ്ടും ഓര്‍ത്തുനോക്കി...??

അയ്യോ... മന്ത്രം ഓര്‍മ്മ വരുന്നില്ലാ...! ഇല്ലാ..., മന്ത്രം മാത്രം, ഓര്‍മ്മ വരുന്നില്ലത്രേ...! മാലാഖ ഇനി എന്തുചെയ്യും...?

ഒരു നിമിഷത്തെ ആലോചനയ്ക്കുശേഷം മാലാഖ തീരുമാനിച്ചുറച്ചു... 'ഈ ഭൂമിയില്‍ ജീവിക്കുക തന്നെ.' ആടിയും, പാടിയും... ചിരിച്ചുല്ലസിച്ചുമൊക്കെ മാലാഖ മുന്നോട്ടു നീങ്ങി. ഒരിക്കല്‍, ഒരു നല്ല പിതാവ്, പ്ലാവില വെട്ടാന്‍ ശ്രമിക്കുകയായിരുന്നു.... മാലാഖ, തന്റെ ചിറക് ഉപയോഗിച്ച്, പെട്ടെന്ന് മുകളിലെത്തി... പ്ലാവില പറിച്ചു നല്‍കി, തിരികെപ്പറക്കുമ്പോള്‍, ചിറകുകള്‍ ഒരു പ്ലാവിന്‍ക്കൊമ്പില്‍ തട്ടി, താഴെ വീണു... അതോടെ, മാലാഖയുടെ വലിയ ചിറകുകള്‍ നഷ്ടമായത്രേ...!

ആ ചിറകുകളുടെ സ്ഥാനത്ത്, ഇപ്പോഴും രണ്ടു വലിയ പാടുകളുണ്ട് കേട്ടോ...! ചിറകുകള്‍ നഷ്ടപ്പെട്ടെങ്കിലും, മാലാഖയ്ക്ക് നിരാശ തെല്ലുമില്ലാ...!

സ്വര്‍ഗത്തിലെ ഭാവങ്ങളും രീതികളുമെല്ലാം മാലാഖ ഓര്‍ത്തെടുത്തു...! അത് പ്രയോഗിച്ചു തുടങ്ങി...! സ്‌നേഹവും, വാത്സല്യവും, പങ്കുവയ്ക്കലും, കാരുണ്യവുമെല്ലാം...!

മറ്റുള്ളവരെ സ്‌നേഹിച്ചും, ചിരിപ്പിച്ചും, പഠിപ്പിച്ചും, പങ്കുവച്ചും, ഇന്നും ഈ മാലാഖ ജീവിക്കുന്നു...! തല്‍ക്കാലം സ്വര്‍ഗത്തിലേക്ക് മടങ്ങുന്നില്ലത്രേ...! സുഹൃത്തേ, താങ്കളെ കാണുമ്പോള്‍, തെല്ലൊരമ്പരപ്പോടെ, ഞാനും ഓര്‍ത്തുപോകുന്നു... 'നീയും ഒരു മാലാഖയാണോ...? ചിറകില്ലാത്ത മാലാഖ!!'

നിന്റെ 'ചിറകുപാടുകളില്‍ 'തൊട്ട്, എന്റെ സ്‌നേഹവന്ദനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org