അന്‍പേകാന്‍ ഒരു നോമ്പുകാലം

അന്‍പേകാന്‍ ഒരു നോമ്പുകാലം

നോമ്പുകാലം, ചില വേദനകള്‍ ബോധപൂര്‍വം ഏറ്റെടുത്ത് അപരനെ സ്‌നേഹത്തിലേക്ക് നയിക്കാനും, സ്വയം സ്‌നേഹ സൗഹൃദത്തിലേക്ക് വളരാനുമുള്ള ശുദ്ധീകരണ കാലഘട്ടം. നമ്മുടെയൊക്കെ ജീവിതത്തിന്റെ ഒരു കല്ലേറു ദൂരം ഒരുപാട് പേരുണ്ടെങ്കിലും. നമ്മുടെ നിസ്സഹായതകളില്‍, സങ്കടങ്ങളില്‍ ആരും നമ്മെ തിരിച്ചറിയുന്നില്ലെന്നതാണ് സത്യം. ക്രിസ്തുവിന്റെ ജീവിതത്തിലും ഇത് അതി വിദൂരത്തായിരുന്നില്ല. മനുഷ്യജീവിതത്തിലും ഇതൊക്കെ സംഭവിക്കേണ്ടതാണെന്ന് ക്രിസ്തു മനസ്സിലാക്കുന്നുണ്ട്. നമുക്ക് ഈ നോമ്പുകാലം പീഡാനുഭവങ്ങളുടെ എന്നതിനേക്കാള്‍, ഉത്ഥാനത്തിന്റെ പ്രതീക്ഷയിലേക്കുള്ള ഊര്‍ജമായി തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

തന്നെ ഏല്‍പ്പിച്ചതില്‍ ഒന്നിനെപ്പോലും കൈവിട്ടു കളയാതെ ചേര്‍ത്തുപിടിച്ചവനാണ് ക്രിസ്തു. പരിക്കുകള്‍ സാരമാക്കാത്ത പരിഗണനകള്‍, പാതിവഴിയില്‍ മറന്നിട്ട് പോകാത്ത സ്‌നേഹ നിലപാടുകള്‍, ബലം പകരുന്ന സാന്നിധ്യം അവന്റെ ഈ കരുതല്‍...!!! ഈ കരുതലിന് അവന്‍ പകരം കൊടുക്കേണ്ടിവന്ന നൊമ്പരത്തിന്റെ ഓര്‍മ്മയാണ് നോമ്പുകാലം. അപരന്റെ പൊള്ളുന്ന വേദനയില്‍ തണലും, തളര്‍ച്ചയില്‍ താങ്ങുമായവനാണ് ക്രിസ്തു. നിയമത്തിന്റെ പുതിയ പാഠങ്ങള്‍ക്ക് സ്‌നേഹം എന്നാണ് അവന്‍ പേരിട്ടത്. പാദം കഴുകുവോളം സ്‌നേഹത്തിന് അര്‍ത്ഥം നല്‍കിയവനാണ് ക്രിസ്തു. മിഴിയനക്കങ്ങളുടെ പൊള്ളലറിഞ്ഞവന്‍. അപരന്റെ മിഴി നിറയാതിരിക്കാന്‍ കൂടെ നിന്നവര്‍ക്ക്, ഒരിക്കലും മരണമില്ലെന്ന് അവന്‍ തെളിയിച്ചു. ഓര്‍മ്മകളായി ചരിത്രമായി അവരെന്നും അവരുടെ മനസ്സുകളില്‍ ജീവിക്കുന്നു എന്ന് ക്രിസ്തുവിന്റെ ജീവിതം നമുക്ക് പാഠമായി മാറുന്നു.

സങ്കടങ്ങള്‍ എന്നും മനുഷ്യജീവിതത്തിന്റെ ഭാഗധേയങ്ങളാണ്. അതിന്റെ ഉപ്പുരസം കുടിച്ചിറക്കിയവനാണ് ക്രിസ്തുവും. അവന്‍ ഉത്ഥിതനായത്, തനിക്കായി കരഞ്ഞു കാത്തിരുന്നവര്‍ക്ക് വേണ്ടി കൂടിയാണ്. ജീവിതത്തിന്റെ കാത്തിരിപ്പുകളില്‍ മിഴി നനയാതിരിക്കാന്‍, പ്രതീക്ഷയുടെ കരുത്തുള്ള നങ്കൂരമായി എന്നും നമ്മോടൊപ്പം അവനുണ്ട്. മനുഷ്യന്റെ ശരീരമാനസങ്ങളുടെ വിശപ്പില്‍ ഒരിക്കലും അവനെ കുറ്റപ്പെടുത്താത്തവന്‍ ക്രിസ്തു തന്നെയാണ്. കാരണം അവനും അതിലൂടെ കടന്നുപോയവന്‍ തന്നെ. അതിനെ ജയിക്കാന്‍ നല്‍കിയ വചന പാഠത്തിന്റെ ആയുധങ്ങള്‍ നമുക്ക് ബലം തരേണ്ടതാണ്. നമ്മുടെ ബലഹീനതയില്‍ അവന്റെ ശക്തി വചനങ്ങളില്‍ നമുക്ക് അനുഭവിച്ചറിയാനാകും.

ക്രിസ്തുവിലെ സത്യങ്ങളും നേരുകളുമാണ് മറ്റുള്ളവരില്‍ അമര്‍ഷമായതും, അവനെ മരണത്തോളമെത്തിച്ചതും. നമ്മുടെ നന്മകളും കഴിവുകളും ഒക്കെ ഒരുപക്ഷേ വിധിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്‌തേക്കാം. അതിന്റെ നൊമ്പരങ്ങളിലൂടെ കടന്നുപോയവന്‍ എന്നും നമുക്ക് കരുത്താകും. അപരന്റെ ജീവിതത്തിലെ പെയ്‌തൊഴിയാത്ത സങ്കടങ്ങളില്‍ കൂടെ നടന്നവനാണ് ക്രിസ്തു. അഗ്‌നിസ്തംഭമായും മേഘത്തൂണായും നടന്ന ആ പഴയകാല വഴികള്‍ക്കപ്പുറം ഇന്നവന്‍ മനുഷ്യമനസ്സിന്റെ മരുഭൂമികളില്‍ വസിക്കുന്നുണ്ട്. അവന്‍ കടന്നുപോയ കുരിശിന്റെ വഴികള്‍ നമ്മെ ബലപ്പെടുത്താനായിരുന്നു. മാത്രമല്ല ഉത്ഥാനത്തിലേക്ക് മിഴി ഉയര്‍ത്താന്‍ കൂടിയും…അധികാരങ്ങളും നേട്ടങ്ങളും വച്ചു നീട്ടി അവനെയും വിലപേശിയത് ഓര്‍മ്മയില്ലേ…നമുക്ക്? കൊതിപ്പിക്കുന്ന സ്ഥാനമാനങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും മുമ്പില്‍ നാം പലപ്പോഴും പതറിയിട്ടുണ്ട്, ചുവടു മാറിയിട്ടുണ്ട് ക്രിസ്തുവിനറിയാം. എഴുന്നേറ്റ് വീണ്ടും നടക്കാനാണ് അവന്‍ നമ്മെ വിളിക്കുന്നത് 'come with me.' ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ മനസ്സിന്റെ തീരത്ത് ആ സ്വരം കേള്‍ക്കാം. നമ്മുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി, സ്വയം വലുതാകാന്‍ വേണ്ടി, പടവെട്ടി നാം നേടിയ പലതുമുണ്ട് ഈ ജീവിതത്തില്‍. എന്നാല്‍ രക്തം ചിന്തേണ്ടി വന്നപ്പോള്‍ വേണ്ടെന്നു വച്ച മൂല്യങ്ങളും ബലമുള്ളവര്‍ക്ക് മാത്രമേ സഹിക്കാനാകൂ; മൗനംകൊണ്ട് മനനം ചെയ്യാനാകുക എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ശിരസ്സു കുനിച്ച് നിശ്ശബ്ദനായി നില്‍ക്കുന്ന ക്രിസ്തു ഭീരുവായിരുന്നില്ലെന്ന് ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നുണ്ട്. സത്യങ്ങള്‍ ആര്‍ജവത്തോടെ വിളിച്ചു പറയാന്‍ ധൈര്യം കാണിച്ചവനാണ് ക്രിസ്തു. അപ്പോഴൊക്കെ അധികാരത്തിന്റെ അന്ധതകൊണ്ട് അടിയേറ്റ നൊമ്പരം. എത്ര കഠിനമാണ്!! 'എന്തിനാണ് എന്നെ അടിച്ചത്' എന്നു മാത്രം ചോദിച്ചുകൊണ്ട് മൗനമായി നില്‍ക്കുന്ന ക്രിസ്തുവില്‍ എല്ലാ ഉത്തരവും ഉണ്ട്. ചില മൗനങ്ങള്‍ ഉയരേകാനുള്ള ഊര്‍ജമാണ്!! ചില സൗഹൃദങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുംവേണ്ടി നീതിയെ തള്ളിപ്പറഞ്ഞ പീലാത്തോസ് വേഷപ്രച്ഛന്നനായി ഇന്നും ഇവിടെയൊക്കെ അലയുന്നുണ്ട്. ഒരുപക്ഷേ നീയും ഞാനും ഒക്കെയായി അത് വേഷം മാറുന്നുമുണ്ട്. നാം മെനഞ്ഞെടുത്ത കുതന്ത്രങ്ങള്‍ പലരെയും തടവിലാക്കിയിട്ടില്ലേ? നിരപരാധികള്‍ കുറ്റം ചുമത്തപ്പെടേണ്ടി വന്നിട്ടില്ലേ?? മനസ്സുകൊണ്ടെങ്കിലും മാപ്പ് പറഞ്ഞാല്‍ ഈ നോമ്പുകാലം ക്രിസ്തുവിലേക്കുള്ള യാത്രയാക്കാന്‍ നമുക്ക് കഴിയും.

മുറിവുകള്‍ എന്നൊക്കെ ഞാന്‍ പറയുമെങ്കിലും മുറിവേല്‍ക്കാത്ത ഒരിടം പോലും ഇല്ലാതെ നില്‍ക്കുന്നവനാണ് ക്രിസ്തു. അവന്റെ ആ നിശ്ശബ്ദതയായിരുന്നു എല്ലാ ചോദ്യങ്ങളുടെയും ഒടുവിലത്തെ ഉത്തരം. അവന്റെ മൗനം നിര്‍ ജീവമായിരുന്നില്ല. സ്വയം രക്ഷപ്പെടാനുള്ള തന്ത്രവും ആയിരുന്നില്ല. അവന് ചെയ്യാനുള്ളതെല്ലാം അവന്‍ ചെയ്യുമായിരുന്നു. അവഗണിക്കപ്പെട്ടവരും അറിയപ്പെടാത്തവരും ശബ്ദമില്ലാത്തവരും ഒക്കെ അവന്റെ കൂടെ കൂടി. അവര്‍ക്കൊക്കെ കാഴ്ചയും ശബ്ദവും കൈകളും ഒക്കെ ആകാന്‍ അവനു കഴിഞ്ഞു...! പിലാത്തോസ് ചോദിക്കുന്നുണ്ട്, 'നീ രാജാവാണോ?' അവന്റെ മറുപടി 'അതെ ഞാന്‍ രാജാവാണ്.' ഈ ലോകത്തിന്റെ രാജാവായിരുന്നില്ല അവന്‍. മത്സരവും മതഭ്രാന്തും പണകൊതിയും ഇല്ലാത്ത, എല്ലാവരും ഒരുപോലെയാകുന്ന സ്വര്‍ഗ്ഗരാജ്യത്തിന്റെ രാജാവ്!! അതേ, അവന്റെ രാജ്യം ഐഹികമായിരുന്നില്ല…അതിന് ഒരു നിയമമേ ഉള്ളൂ. സ്‌നേഹത്തിന്റെ നിയമം. അപരന്റെ കണ്ണുനീരിന് മുന്‍പില്‍ ഹൃദയം തകര്‍ന്നു പോകുന്ന ഒരേയൊരു രാജാവായിരുന്നു ക്രിസ്തു. അവന്‍ ഉത്ഥാനം ചെയ്തതും ആ രാജ്യം ഇന്നും നിലനില്‍ക്കുന്നതിനു വേണ്ടി തന്നെ. തന്റെ വൈകല്യത്തിന്റെ മുറിവുണങ്ങാത്ത ഒരുവന്‍, ആരോടൊക്കെയോ ഉള്ള പകതീരാത്ത ഒരുവന്‍ ക്രിസ്തുവിന്റെ ഹൃദയം കുത്തി കീറിയ സംഭവം നാം വായിക്കുന്നുണ്ട്. അവന്റെയും മനസ്സറിയുന്ന അവന്‍ പ്രകാശത്തിലേക്ക് വീണ്ടും അവനെ ക്ഷണിക്കുന്നു. നമ്മിലെ പൊറുക്കാത്ത ചില വൈകല്യങ്ങള്‍ അപരന്റെ ഹൃദയത്തെ കീറിമുറിക്കുമ്പോള്‍ സുഖമാക്കാന്‍ ഈ നോമ്പില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഒരു ജൈവമനുഷ്യനായി ജീവിക്കാന്‍ ഈ നോമ്പുകാലത്തില്‍ നമുക്ക് കഴിയട്ടെ. അങ്ങനെ ഉത്ഥാനത്തിലേക്ക് നമുക്ക് നടന്നടുക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org