കുട്ടികളിലെ അലര്‍ജി

കുട്ടികളിലെ അലര്‍ജി

ഡോ. ഹിമ മാത്യു പി.
ശിശുരോഗ വിദഗ്ദ്ധ, ലിസി ഹോസ്പിറ്റല്‍

എന്താണ് അലര്‍ജി?

ഭൂരിഭാഗം ആളുകള്‍ക്കും ഹാനികരമല്ലാത്ത ഒന്നിനോട് നമ്മുടെ ശരീരം അസാധാരമായ രീതിയില്‍ പ്രതികരിക്കുന്നതിനാണ് അലര്‍ജി എന്നു പറയുന്നത്. അലര്‍ജന്‍' അഥവാ അലര്‍ജിക്കു കാരണമായ വസ്തു, ഏതു രീതിയില്‍ വേണമെങ്കിലും നമ്മുടെ ശരീരത്തിലേയ്ക്കു പ്രവേശിക്കാം. നമ്മുടെ ശ്വാസവായുവിലൂടെയോ, ത്വക്കിലൂടെയോ, ഭക്ഷണത്തിലൂടെയോ, രക്തത്തിലൂടെയോ (ഉദാ: മരുന്നുകള്‍) 'അലര്‍ജന്‍' ശരീരത്തില്‍ പ്രവേശിക്കുന്നു

അലര്‍ജി പാരമ്പര്യമാണോ?

മാതാപിതാക്കള്‍ക്ക് അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ നമ്മുടെ ജനിതകഘടനയും പ്രതിരോധശക്തിയും വളരുന്ന ചുറ്റുപാടുകളുമാണ് ഒരു വ്യക്തിയില്‍ അലര്‍ജി ഉണ്ടാകുന്നതിന് കൂടുതല്‍ പങ്കുവഹിക്കുന്നത്.

എന്താണ് അലര്‍ജിയുടെ ലക്ഷണങ്ങള്‍?

പ്രധാനമായും 5 തരത്തിലുള്ള ലക്ഷണങ്ങളാണ് കുട്ടികളില്‍ നമ്മള്‍ കാണുന്നത്.
1) ത്വക്ക് – Atopic Dermatitis സ്‌കിന്‍ വരണ്ടിരിക്കുക, ചുമന്ന പാടുകള്‍ വരുക, ചെറിയ കുരുക്കള്‍ വന്ന് പൊട്ടിയൊലിക്കുക, നിരന്തരമായ ചൊറിച്ചില്‍.
2) വയറുസംബന്ധമായ ലക്ഷണങ്ങള്‍ – ഛര്‍ദ്ദി, വയറിളക്കം, വയറുവേദന
3) കണ്ണില്‍ അനുഭവപ്പെടുന്ന ചൊറിച്ചില്‍, ചുമപ്പ്, (Allergic Conjuctivitis)
4) നിരന്തരമായ തുമ്മല്‍, മൂക്കൊലിപ്പ്, ഇടവിട്ടുള്ള ചുമ, (Allergic Rninits)
5) ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ – വിട്ടുമാറാത്ത വരണ്ടചുമ, ശ്വാസംമുട്ട് (Childhood Asthma)

അലര്‍ജി എങ്ങനെ കണ്ടുപിടിക്കാം?

തുടര്‍ച്ചയായി ഈ ലക്ഷണ ങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടുക. ലക്ഷണങ്ങളെ ശരിയായി പഠിച്ചതിനുശേഷം അലര്‍ജി മൂലമാണോ എന്നുള്ള രോഗനിര്‍ണ്ണയത്തിലേയ്ക്ക് എത്താന്‍ സാധിക്കും.

അലര്‍ജിക്ക് ടെസ്റ്റുകള്‍ ആവശ്യമുണ്ടോ?

ഭൂരിഭാഗം അലര്‍ജി സംബന്ധമായ അസുഖങ്ങളും പ്രത്യേകിച്ച് ടെസ്റ്റുകള്‍ ഒന്നും കൂടാതെ തന്നെ നമുക്ക് നിര്‍ണ്ണയിക്കാനും, ചികിത്സിക്കാനും സാധിക്കും. അതിനാല്‍ പത്രപരസ്യങ്ങളുടെ പുറകേ പോയി, വിലകൂടിയ ടെസ്റ്റുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ചെയ്യാതിരിക്കുക.

അലര്‍ജി ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുമോ?

അലര്‍ജിയുടെ തീവ്രതയനുസരിച്ച് നമുക്ക് മരുന്നുകള്‍ വഴി, ലക്ഷണങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും. എന്നാല്‍ എല്ലാവരിലും 100% ചികിത്സിച്ചു മാറ്റുക എന്നത് സാധ്യമല്ല.

അലര്‍ജി നിയന്ത്രിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും?

അലര്‍ജിക്കു കാരണമായ വസ്തു ഒഴിവാക്കാന്‍ കഴിവതും ശ്രദ്ധിക്കുക
6 മാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം കൊടുത്ത് അവരുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുക.
പോഷകാഹാരവും വ്യായാമവും ശീലിച്ച് ആരോഗ്യം നിലനിര്‍ത്തുക

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org