അനാമികയും അലബാസ്റ്റര്‍ സുഗന്ധ തൈലജാറും

(മത്തായി 26:6-13)
അനാമികയും അലബാസ്റ്റര്‍ സുഗന്ധ തൈലജാറും
Published on

"Get the SPARK, be the LIGHT" (Fr. Jose)

ആരാണീ അനാമിക? (നാമമില്ലാത്തവള്‍)....?

അവളുടെ പേര് എല്ലാവരും കൂടി പിച്ചി ചീന്തിക്കളയുന്നു. ഇന്നവള്‍ വെറും ഉപഭോഗവസ്തു മാത്രം.

സൗന്ദര്യമുണ്ട്... പക്ഷേ, സ്വസ്ഥതയില്ല... ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞു തരുന്ന പണവും ധാരാളം! ആ പണംകൊണ്ട് അലബാസ്റ്റര്‍ ജാറില്‍ നിറയെ സുഗന്ധതൈലം ശേഖരിക്കും. വളരെ വിലയേറിയ സുഗന്ധതൈലം. ഗ്രീക്കുകാര്‍ ഉപയോഗിക്കുന്ന കൈപ്പിടിയില്ലാത്ത വലിയ സുഗന്ധ ജാര്‍! ജീവിക്കാന്‍ വേണ്ടി ആരുമറിയാതെ തുടങ്ങിപ്പോയി. ഇപ്പോഴിതാ നിലയില്ലാ കയത്തില്‍ എന്നപോലെ, താണുപോയിരിക്കുന്നു. ഈ കയത്തില്‍ നിന്നു രക്ഷപ്പെടുക, അസാധ്യം. അപ്പോഴാണ് അവള്‍ കേട്ടത് യേശു എന്ന പുണ്യപുരുഷനെക്കുറിച്ച്. ജനങ്ങള്‍ അവന്‍ ദൈവപുത്രന്‍ എന്നുവരെ പറഞ്ഞുവയ്ക്കുന്നു.

പക്ഷേ, ആ ദൈവമനുഷ്യനെ താന്‍ അകലെ നിന്നു ദര്‍ശിക്കുക തന്നെ അപരാധമെന്നേ മറ്റുള്ളവര്‍ പരിഗണിക്കുകയുള്ളൂ.

എങ്കിലും, ഉള്ളിലൊരു പ്രാര്‍ത്ഥനയുണ്ട്, 'എവിടെയെങ്കിലും വച്ച് അവന്റെ കാല്‍പ്പാദങ്ങളില്‍ വീണ് ഒന്ന് പൊട്ടിക്കരയണം.'

പാപിനിയായ തനിക്ക്, അങ്ങനെ ഒരു സ്വപ്നം കാണാന്‍ അവകാശമുണ്ടല്ലോ!

അപ്പോഴാണ്, പുറത്ത് ജനാവലിയുടെ ആരവം കേട്ടത്. 'ഇറങ്ങീ വാടി, യേശുവിനെ ഒന്നു പരീക്ഷിച്ചിട്ടുതന്നെ കാര്യം' അവര്‍ എന്നെ വലിച്ചിഴച്ചുകൊണ്ടു പോയി. എല്ലാവരുടെയും കൈയില്‍ മുഴുത്ത കല്ലുകളുണ്ട്.

അകലെ ഒരു മരത്തണലില്‍, ശാന്തമായി ഇരുന്ന് എന്തോ എഴുതുന്നുണ്ടവന്‍.

അതെ, താന്‍ കാണാന്‍ കൊതിച്ച യേശുവിന്റെ അടുത്തേക്കാണ് തന്നെ കൊണ്ടുപോ കുന്നത്.

എങ്കിലും, മനുഷ്യരുടെ കൈയിലെ കല്ലു കള്‍, എന്നെ ഏറെ ഭയപ്പെടുത്തുന്നു.

യേശുവിന്റെ അടുത്തെത്തിയപ്പോള്‍, എന്തോ ഒരു ശാന്തത. ആരെയും കൂസാത്ത ഭാവം. ആരോഗദൃഡഗാത്രനായ ഒരു ഏഴടിക്കാരന്‍.

ഇതുവരെ താന്‍ ദര്‍ശിക്കാതിരുന്ന ഒരു ദൈവപുത്രന്‍!

ഭയമുണ്ടെങ്കിലും, ഉള്ളില്‍ ആരാധനയായി.

....പെട്ടെന്ന്, ജനാവലി ആക്രോശം തുടങ്ങി.

'ഇവളെ കല്ലെറിയട്ടെയോ?'

ഓ, തന്റെ ആരാധന ഭയമായി മാറി.

കല്ലെറിഞ്ഞു കൊല്ലപ്പെടാന്‍ ഇനി അധിക സമയമില്ല.

വിറയലും, ഭയവും!!

യേശുവിനെ താന്‍ നോക്കിക്കൊണ്ടിരുന്നു. അവന്‍ പതുക്കെ മുഖമുയര്‍ത്തി പറഞ്ഞു 'പാപം ചെയ്യാത്തവന്‍ ആദ്യം കല്ലെറിയട്ടെ'.

കല്ലുകള്‍ താഴെ വീഴുന്ന ശബ്ദം! തന്റെ കാല്‍മുട്ടോളം ഉയരത്തില്‍ കല്ലു കള്‍ വീഴപ്പെട്ടു. ജനാവലി ആരും കാണാതെ സ്ഥലം വിട്ടു.

ഓ. ദൈവമേ. ഇതെന്തൊരു അത്ഭുതം. കല്ലെറിയാന്‍, അവകാശ മുള്ളവന്‍, പാപം ചെയ്യാത്ത ആ പുണ്യപുരുഷന്‍ വീണ്ടും പറഞ്ഞു, 'ഞാനും നിന്നെ വിധിക്കുന്നില്ല. പോയ്‌ക്കൊള്ളുക, പാപം ചെയ്യരുത്.'

ഓ. ഞാന്‍ രക്ഷപെട്ടു. എന്ന തോന്നല്‍. അല്ലാ. ഞാന്‍ യേശുവെന്ന ദൈവപുത്രനെ കണ്ടെത്തി എന്ന തോന്നല്‍. പെട്ടെന്ന്, സര്‍വശക്തിയുമെടുത്ത് തിരിഞ്ഞോടി! ആ ഓട്ടം ജീവിതത്തിന്റെ ചെളിക്കുണ്ടില്‍ നിന്നുള്ള തിരിഞ്ഞോട്ടമായിരുന്നു. അകലെ നിന്ന് അവന്റെ ചലനങ്ങള്‍ ശ്രദ്ധിച്ചു.

അവന്‍ ശിമയോന്റെ ഭവനത്തിലേക്ക് നടന്നു നീങ്ങി.

അതെ, തനിക്ക് പലവട്ടം പരിചയമുള്ള സ്ഥലം.

പെട്ടെന്ന്, ഞാന്‍ നിറയെ സുഗന്ധതൈലമുള്ള അല ബാസ്റ്റര്‍ ജാര്‍ കൈയ്യിലെടുത്തു. ശിമയോന്റെ വീട്ടിലേക്ക് വേഗത്തില്‍ നടന്നുചെന്നു. ആ ജാര്‍ എന്നന്നേക്കുമായി അവള്‍ തച്ചുടച്ചു. രണ്ടു കൈയ്യിലും സുഗന്ധതൈലമെടുത്ത് അവന്റെ കാലിലും ശിരസ്സിലും പൂശി!

അതെ, ഇനി എനിക്കീ സുഗന്ധതൈലവും, ജാറും, ആവശ്യമില്ല.

അന്നുമുതല്‍, അവള്‍ യേശുവിന്റെ പിന്നാലെയാണ്. പാപവഴികളില്‍ നിന്നകന്ന്. നന്മയുടെ വഴിയില്‍! യേശുവിന്റെ കുരിശിന്റെ വഴികളിലും അവള്‍ കൂടെപ്പോകുന്നു.

അവസാനം യേശു മരിച്ച് അടക്കപ്പെട്ട് മൂന്നാം ദിവസ വും, പേടി കൂടാതെ ശവക്കല്ലറയില്‍ അവള്‍ എത്തി. മൃത ദേഹത്തില്‍ പൂക്കള്‍ വയ്ക്കാന്‍. അന്ന്, ഉത്ഥിതനായ യേശു തന്നെ തിരിച്ചറിഞ്ഞു. പേരു നല്‍കി 'മറിയം' തന്റെ സ്വന്തം മാതാവിന്റെ പേരു തന്നെ.

അന്നു മുതല്‍ ഉത്ഥിതനായ യേശുവിന്റെ സുഗന്ധമായി ഞാന്‍ മാറി.

പാപവഴികളില്‍നിന്ന് ധൈര്യത്തോടെ പിന്‍തിരിയാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും കരങ്ങളും, പാദങ്ങളും ചുംബിച്ചു കൊണ്ട്...

ഒരു പുഞ്ചിരിയോടെ,

സ്‌നേഹവന്ദനം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org