പ്രാര്‍ത്ഥനയെക്കുറിച്ച്

പ്രാര്‍ത്ഥനയെക്കുറിച്ച്

പ്രാര്‍ത്ഥനയുടെ ശക്തിയെ കുറിച്ച് ക്ലാസെടുക്കുകയായിരുന്നു. ക്ലാസ് കേട്ടുകൊണ്ടിരുന്ന എല്ലാ കുഞ്ഞുമക്കളുടെയും മുഖത്തു കാണുന്ന ആ പ്രകാശം എന്തോ ഒരു മകളില്‍ മാത്രം കണ്ടില്ല. പകരം സങ്കടം നിറഞ്ഞ കണ്ണുകള്‍. എന്തു പറ്റി എന്ന ചോദ്യത്തിന് 'എന്റെ പ്രാര്‍ത്ഥന ഈശോ കേള്‍ക്കുന്നില്ല' എന്നതായിരുന്നു ഉത്തരം. ഈശോ പ്രാര്‍ത്ഥനകള്‍ കേട്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച പല സംഭവങ്ങളും അവള്‍ക്കായി പറഞ്ഞു. പക്ഷേ ഒന്നും അവളിലെ സങ്കടഭാവത്തെ മാറ്റിയില്ല. ഒടുവില്‍ അവളുടെ നിയോഗത്തിനായി ഞാനും പ്രാര്‍ത്ഥിക്കാട്ടോ എന്നു പറഞ്ഞ് ആശ്വസിപ്പിച്ച് ക്ലാസ് അവസാനിപ്പിച്ചു.

രണ്ടു ദിവസങ്ങള്‍ക്കു ശേഷം ദിവ്യകാരുണ്യ സന്നിധിയില്‍ ആയിരുന്നപ്പോള്‍ അവളുടെ മുഖം വീണ്ടും ഓര്‍മ്മ വന്നു. അവള്‍ക്കായി പ്രാര്‍ത്ഥിച്ചു. പിന്നെ ഈശോയോടായി ഹൃദയത്തില്‍ ചോദിച്ചു. 'ആ മകളെ പോലെ എത്രയോ പേര്‍ക്ക് (എനിക്കും) ഇത്തരത്തില്‍ സങ്കടമുണ്ടാകും? പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നില്ല എന്ന പരാതിയുണ്ടാകും? എങ്ങനാ അവരെ ആശ്വസിപ്പിക്കുക?'

ശാന്തമായി ആ തിരുസന്നിധിയില്‍ കുറച്ചു സമയം ആയിരുന്നപ്പോള്‍ മനോഹരമായ ചില കാഴ്ചകള്‍ മനസ്സിലേക്കു വന്നു. 'സൈക്കിള്‍ എന്ന ആവശ്യവുമായി പപ്പയുടെ അരികിലെത്തുന്ന ഒരു മകന്‍. തൊട്ടടുത്ത ദിവസം തന്നെ സൈക്കിള്‍ വാങ്ങി കൊടുക്കുന്നുണ്ടവന് പപ്പ. എന്നാല്‍ മറ്റൊരു ചിത്രത്തിലാകട്ടെ മകനെ ചേര്‍ത്തു പിടിച്ച് 'നിന്റെ കുഞ്ഞിക്കാലുകള്‍ കുറച്ചു കൂടി ബലമുള്ളതാകട്ടെ. എന്നിട്ട് വാങ്ങിത്തരാം' എന്നു പറഞ്ഞ് നെറുകയില്‍ ചുംബിക്കുന്നു. മറ്റൊരു ചിത്രത്തില്‍ 'അടുത്ത വാര്‍ഷിക പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടിയാല്‍ സൈക്കിള്‍ ഉറപ്പ്' എന്നു പറഞ്ഞ് അവനെ സ്‌നേഹത്തോടെ ആശ്ലേഷിക്കുന്നു. പിന്നൊരിക്കല്‍ അവനെ മുറുകെ കെട്ടി പിടിച്ച് 'വേണ്ട മോനെ, തൊട്ടുമുമ്പില്‍ ഹൈവേയാണ്. സൈക്കിള്‍ അപകടം ക്ഷണിച്ചു വരുത്തും. അതിനാല്‍ വേണ്ട' എന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്നു.

സൈക്കിള്‍ ലഭിക്കാത്തതില്‍ അവന്റെ ഹൃദയത്തില്‍ പരാതികളോ സങ്കടങ്ങളൊ കണ്ടില്ല. പകരം പപ്പ പകര്‍ന്ന സ്‌നേഹത്താല്‍ അവന്‍ ജ്വലിക്കുകയായിരുന്നു.

പിന്നെ കണ്ടത് മറ്റൊരു സാഹചര്യമായിരുന്നു. പിതാവിനരികില്‍ സൈക്കിള്‍ എന്ന ആവശ്യവുമായെത്തുന്ന മകന്‍. പക്ഷേ ഉടനെ ലഭിക്കില്ലെന്നറിയുന്നതോടെ പരാതി പറഞ്ഞ് വഴക്കിട്ട്, സങ്കടപ്പെട്ട്, പപ്പയില്‍ നിന്ന് ഓടിയകന്ന് അവന്‍ നിരാശയില്‍ ആഴുന്നു. പിതാവിന്റെ കരവലയത്തിലേക്കോ ആ സ്‌നേഹ വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കാനോ അവന്‍ തയ്യാറാകുന്നില്ല. പകരം തനിക്കര്‍ഹതപ്പെട്ടത് നിഷേധിക്കുന്ന മര്‍ക്കട മുഷ്ടിക്കാരനാണ് തന്റെ പിതാവെന്ന് അവന്‍ സ്വയം അനുമാനിക്കുന്നു. ചുറ്റുമുള്ളവരെക്കൂടി അങ്ങനെ ബോധ്യപ്പെടുത്തുന്നു.

എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഉത്തരമുണ്ട്. ചിലപ്പോള്‍ പെട്ടെന്ന്, ചിലപ്പോള്‍ ദിവസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം. ചിലപ്പോള്‍ നാം ആഗ്രഹിക്കുന്ന വിധത്തിലാകണമെന്നുമില്ല. പക്ഷേ ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവങ്ങള്‍ക്കും ഈശോയുടെ പക്കല്‍ വിശദീകരണമുണ്ട്. ഒന്നും യാദൃച്ഛികമല്ല. ക്ഷമയോടെ ആ സന്നിധിയില്‍, ആ കരവലയത്തില്‍ ശാന്തമായിരുന്നാല്‍ മതി. മാറോട് ചേര്‍ത്ത് നെറുകയില്‍ ചുംബിച്ചു കൊണ്ട് ഒന്നൊന്നായി പറഞ്ഞു തരും. ആ സ്‌നേഹത്തിന്റെ ആഴം അല്‍പമെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയാല്‍ പതിയെ പതിയെ അതൊരു ലഹരിയായി മാറും. സമൂഹത്തിനു മുന്നില്‍ ഒരുവേള ഭ്രാന്തെന്നു തോന്നിയേക്കാവുന്നത്ര ലഹരി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org