താലികെട്ട്

താലികെട്ട്

വിവാഹത്തിന്‍റെ സര്‍വപ്രധാന കര്‍മ്മമായി ക്രിസ്ത്യാനികള്‍ കരുതുന്ന ഒന്നാണു താലികെട്ട്. കുമ്പളത്താലി, മിന്ന് എന്നീ പേരുകളും താലിക്കുണ്ട്. ഭാരതീയ സംസ്കാരത്തില്‍നിന്നു രൂപമെടുത്ത ഒന്നാണു താലി. ബ്രാഹ്മണര്‍ ഉപയോഗിക്കുന്ന അരയാലിന്‍റെ ഇലയുടെ ആകൃതിയിലുള്ള താലിയോട് ഏറെ സാമ്യമുള്ളതാണു ക്രൈസ്തവതാലി. ഹൈന്ദവവിശ്വാസത്തില്‍ വിശാലമായി വളര്‍ന്നു പക്ഷിമൃഗാദികള്‍ക്കും മനുഷ്യനും തണുപ്പും സംരക്ഷണവും നല്കുന്ന ആല്‍മരം നിത്യതയെയും ഐക്യത്തെയും സൂചിപ്പിക്കുന്നു. അത്തരത്തില്‍ താലി സന്തോഷപ്രദമായ, ദീര്‍ഘമായ വിവാഹജീവിതത്തിന്‍റെ പ്രതീകമാണ്. സുരക്ഷിതവും സൗഭാഗ്യദായകവുമായി കുട്ടികള്‍ക്കു വളരാനുള്ള ഇടവുമാണു കുടുംബം. ഏഴോ ഏഴിന്‍റെ ഗുണിതങ്ങളോ അടങ്ങിയ മുകുളങ്ങള്‍ (അരിമ്പ്) കൊണ്ടു ക്രൈസ്തവതാലിയില്‍ കുരിശു രേഖപ്പെടുത്തിയിരിക്കുന്നു. മന്ത്രകോടിയില്‍ നിന്നുള്ള ഏഴു നൂലുകളെടുത്തു പിരിച്ചു മൂന്നായി മടക്കി അതിലാണു താലികെട്ടുക. ഈ താലി ഭാര്യയുടെ കഴുത്തില്‍ നിന്നും മരണം വരെ അഴിച്ചുമാറ്റുകയില്ല. അവളുടെ മരണശേഷം അതു ദേവാലയഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നു.

താലി ആശീര്‍വദിച്ചുകൊണ്ടു ചൊല്ലുന്ന പ്രാര്‍ത്ഥന താലിയുടെ അര്‍ത്ഥം വ്യക്തമാക്കുന്നു. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുരിശ്, കുരിശുമരണം വഴി തിരുസ്സഭയെ വധുവായി സ്വീകരിച്ച മിശിഹായെ സൂചിപ്പിക്കുന്നു. വിവാഹജീവിതത്തില്‍ കുരിശിനുള്ള പ്രാധാന്യവും വിവാഹജീവിതം ആവശ്യപ്പെടുന്ന ത്യാഗവും ഈ പ്രാര്‍ത്ഥന സൂചിപ്പിക്കുന്നു. വിശ്വാസത്തിലും സ്നേഹത്തിലും വധൂവരന്മാരെ ബന്ധിക്കുന്നതാണു കുരിശ്. ദൈവമനുഷ്യബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടതു മിശിഹായുടെ ആത്മബലിയിലൂടെയാണ്. ഈ ബലിയുടെ പ്രതീകമാണു കുരിശ്. വധൂവരന്മാര്‍ ഒന്നായിത്തീരുന്നതും ഈ ആത്മസമര്‍പ്പണത്തിലൂടെയാണ്. ഇത്തരത്തില്‍ താലി ഐക്യത്തിന്‍റെ പ്രതീകമാണ്. ജീവിതത്തില്‍ ഉണ്ടാകുന്ന ക്ലേശങ്ങള്‍ സന്തോഷപൂര്‍വം സഹിക്കുവാനും ദൈവത്തിന്‍റെ ഇഷ്ടമനുസരിച്ചു പരിശുദ്ധരായി ജീവിക്കുവാനും ഈ കുരിശു ദമ്പതികള്‍ക്കു ശക്തി നല്കുന്നു.

'താലി കെട്ടുക' എന്നതിനു വധുവിനെ കെട്ടിയിടുക എന്ന അര്‍ത്ഥമില്ല, ഐക്യപ്പെടുത്തുക, സ്നേഹത്തില്‍ ഒന്നിപ്പിക്കുക എന്നാണര്‍ത്ഥം. ഹോസിയ 11:1 മുതലുള്ള വാക്യങ്ങള്‍ ദൈവം ഇസ്രായേലിനെ സ്നേഹത്തിന്‍റെ നൂല്‍കൊണ്ടു കെട്ടുന്നതിനെക്കുറിച്ചു പറയുന്നു. ജനം അകന്നുപോകാതിരിക്കാന്‍, തന്നോടു ചേര്‍ത്തുനിര്‍ത്താനുള്ള ദൈവസ്നേഹത്തിന്‍റെ ബന്ധത്തെയാണ് ഇവിടെ സൂചിപ്പിക്കുക.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org