ക്രിസ്മസ് രാത്രി

ക്രിസ്മസ് രാത്രി
  • ജോസഫ് മണ്ഡപത്തില്‍

ജന്മമെടുത്തു സ്‌നേഹനാഥനൊരു പുല്‍ക്കൂട്ടില്‍

തന്‍ ജനത്തെ പാപങ്ങളില്‍ നിന്നടര്‍ത്തീടുവാനായ്

സ്‌നേഹത്തെ ഗാഢമായ് പുല്‍കിയവന്‍

എളിമയെ തന്‍പ്രജകള്‍ക്ക് കാണിച്ചുതന്നവന്‍

അനുസരണശീലത്തെ കൂട്ടായ്ക്കൂട്ടിയവന്‍

സ്‌നേഹത്തിനെല്ലാമധീനമെന്നോര്‍പ്പിച്ചവന്‍

വന്നു പിറന്നൊരു പിഞ്ചോമനയായ്

ഈ മണ്ണിലെ പുല്‍ക്കൂട്ടിലൊരു രാത്രി

ഡിസംബര്‍ രാത്രി... വീണ്ടുമൊരു ക്രിസ്മസ് രാത്രി.

ആരുമറിഞ്ഞില്ലാ കേവലമാട്ടിടയരല്ലാതെ

മാലാഖവൃന്ദങ്ങള്‍ മീട്ടിയതന്‍ തമ്പുരുവില്‍

നിന്നുതിര്‍ന്ന ഗാനശകലങ്ങള്‍ കേട്ടുണര്‍ന്നീ ആട്ടിടയര്‍

മൂന്നു പൂജരാജാക്കന്മാരുമെത്തി

വഴികാട്ടിയാം നക്ഷത്രങ്ങള്‍ക്കൊപ്പം

എന്ത് ചെയ്‌വൂ എന്നറിയാതവര്‍

ശങ്കപൂണ്ടിരിക്കുമാനിമിഷത്തില്‍

പുല്‍ക്കൂട്ടിലെ നിറസാന്നിധ്യമറിഞ്ഞവര്‍

ആകാശത്തിലുദിച്ചയാതാരകങ്ങളാലെ

വണങ്ങീയവര്‍ തന്‍ രാജാധിരാജനെ

കാഴ്ചകളര്‍പ്പിച്ചു ഭവ്യതയോടെ

വിനയത്തോടെ വീക്ഷണത്തോടെ

ലോകരക്ഷയ്ക്കായ് പിറവിയെടുത്തൊരു-

ഉണ്ണിയെ കണ്ടുകണ്‍നിറഞ്ഞവര്‍ യാത്രയായ്.

ഈ രാത്രി ക്രിസ്തുമസ് രാത്രി ഇന്നീ-

ആകാശത്തിലെ നക്ഷത്രങ്ങള്‍ക്ക് തിളക്കമേറും

മരച്ചില്ലയിലെ മിന്നാമിനുങ്ങുകള്‍ക്ക് വെളിച്ചവും

കോടമൂടിയ മഞ്ഞിന്‍രാവില്‍

പുതുമണ്ടുപുതച്ചുപള്ളിയില്‍-

പോകുന്നവരുടെ എണ്ണവും കൂടും.

രാജാധിരാജന്‍ പിറവിയെടുത്തു ഈ രാവില്‍,

ഈ ഭൂവില്‍ നമ്മള്‍ക്കായ് കരുണയോടെ.

ഇഷ്ടമുള്ള രുചിക്കൂട്ടുകളെ ചില്ലുഭരണിയിലടച്ച്

ചെയ്ത സുകൃതങ്ങളുടേയും, ചൊല്ലിയ-

സുകൃതങ്ങളുടെയും എണ്ണമെടുത്ത്

കാത്തിരിക്കാം നമുക്കീവരുംദിനങ്ങളില്‍

മറ്റൊരു ക്രിസ്മസ് രാത്രിക്കായ്

ലോകരക്ഷകന്‍ പിറവിയെടുത്തൊരു രാത്രിക്കായ്

ഇത്തരുണത്തിലൊന്നോര്‍ക്കാം

നമുക്കാഹതഭാഗ്യരെ, അനാഥരെ

ആരോരുമില്ലാത്തവരെ

ഒന്നുമെന്നും നേടാന്‍ കഴിയാത്തവരെ

തെരുവീഥികള്‍ ഭവനമായെടുത്തവരെ

ഈ മനോഹരക്രിസ്മസ് രാത്രി

വഴിയോരങ്ങളില്‍ കൊണ്ടാടുന്നവരെ

ഒരു നേരത്തെ ആഹാരംപോലുമില്ലാത്തവരെ

രോഗികളെ, ഉടുതുണിക്ക് മറുതുണിയില്ലാത്തവരെ

ബന്ധുമിത്രാദികള്‍ നഷ്ടമായവരെ

എല്ലാമെല്ലാം തകര്‍ന്നുടഞ്ഞുപോയവരെ

ചേര്‍ന്നവരോടുകൂടി പാടാം നമുക്കീ

ക്രിസ്തുമസ്സ് ഗീതം, മാലാഖമാര്‍ പാടിയ,

ഈ മഞ്ഞുള്ള രാത്രിയില്‍

ആകാശം ചായ്ച്ച് മഞ്ഞിലവതരിച്ചവന്

ഹൃദയത്തിലൊരിടമൊരുക്കാം

നമ്മള്‍തന്‍ സല്‍പ്രവര്‍ത്തികളാല്‍

മനുഷ്യരാശിതന്‍ രക്ഷക്കായ് ജന്മമെടുത്തയീ-

പുല്‍ക്കൂട്ടിലെ പിഞ്ചുപൈതലിനെ

നമുക്ക് ചേര്‍ന്നു വാഴ്ത്തിപ്പാടാമീമാലാഖമാര്‍ക്കൊപ്പം.

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org