

എം.ആർ. ജോൺ, കൈപ്പട്ടൂർ
ആഴിതൻ ഘോരമാമാഴത്തിൽ നിന്നു ഞാൻ-
കേഴുന്നിതെൻ സ്വരം കേട്ടുണരേണമേ.
കാലുറക്കാതെ ഞാൻ ചേറ്റിൽ കുഴഞ്ഞു പോയ്-
താഴുന്നിതെൻ ജീവശ്വാസം നിലക്കുമോ...?
വേദനകൊണ്ട് തളർന്നു ഞാനെൻ മനം-
പൊട്ടിവിളിച്ചു നീ കേൾക്കുന്നതില്ലയോ...?
കുത്തൊഴുക്കായ് ജലം പാഞ്ഞു തിരകളായ്-
എന്നുടെ മീതെയൊഴുകുന്നു രൗദ്രമായ്.
പേർത്തും കരഞ്ഞു കുഴഞ്ഞു തളർന്നു ഞാൻ-
തൊണ്ടവരണ്ടു മുറിഞ്ഞുപോയ് വാക്കുകൾ.
ജീവന്റെ നാഥനെക്കാണുവാനെൻ മനം-
കാത്തിരുന്നെന്നുടെ കണ്ണിണ മങ്ങുമോ...?
കാരണമില്ലാതെയെൻ തെറ്റു പാടുവാൻ-
ആയിരങ്ങൾ തിങ്ങി നിൽക്കുന്നു കൂട്ടമായ്.
ഇല്ലാനുണ കൊണ്ട് എന്നെത്തകർക്കുവാൻ-
ശക്തരായ് നിന്നു വിലസുന്നു വൈരികൾ.
മോഷണം ചെയ്യാത്ത ഞാനെന്റെ കൈകളാൽ-
തൊണ്ടിവസ്തുക്കളെ നല്കുന്നതെങ്ങിനെ...?
ഭോഷനാമെന്നുടെ വൃത്തിയറിഞ്ഞ നിൻ-
മുമ്പിലെൻ തെറ്റുകളെന്നും തെളിഞ്ഞിടും.
ദൈവമാമങ്ങയിൽ പ്രത്യാശ വയ്ക്കുവോർ-
ലജ്ജിതരാകരുതെൻ തിക്തവാക്കിനാൽ.
ഓർക്കണം ഞാനേറെ നിന്ദനമേറ്റതും-
പീഡിതനായതും താവക ചിന്തയിൽ.
അന്യനായ് തീർന്നു ഞാൻ എന്നമ്മ മക്കൾക്ക്-
സോദരർക്കൊട്ടും പരിചിതനല്ല ഞാൻ.
തീക്ഷണതയെന്നെ വിഴുങ്ങുന്നു താവക-
ശ്രേഷ്ഠമാമാലയം തന്നുടെയോർമ്മയിൽ.
നിന്ദനമെന്റെമേലാഞ്ഞു പതിച്ചു നിൻ-
വാക്കിനെ നിന്ദിക്കും ദുഷ്ടർതൻ വാക്കിനാൽ.
ഏറ്റം വിനീതനായ്ത്തീർന്നു ഞാനെന്നിലായ്
തീർത്ത നിതാന്തമുപവാസ ശക്തിയാൽ
മാനവൻ കാംക്ഷിക്കുമീ നന്മപോലുമെൻ-
നിന്ദന ഹേതുവായ്ത്തീർന്നതും കഷ്ടമേ...
കാരുണ്യലോപനാം നിൻമുമ്പിൽ നിൽക്കുമെൻ-
ദീനമാം രോദനം കേട്ടുകൃപാലുവായ്-
ചേർത്തു പിടിച്ചു നൽ സ്വാന്തനവാക്കിനാൽ
ശാന്തിതൻ തീരമണയാൻ കനിയണേ...