വേനല്‍ തുടിപ്പുകള്‍

വേനല്‍ തുടിപ്പുകള്‍
  • ചെന്നിത്തല ഗോപിനാഥ്

ധരണിയില്‍ ധൂളിതന്‍ കണികള്‍ മോഹിച്ചു

മാമരമ്പോലും പുല്‍ക്കൊടികളായ് ദാഹിച്ചു

അലയാഴിയിന്നോ വറുതിയാല്‍ യാചിച്ചു

ദാഹജലത്തിനായ് ദിനരാത്രമെന്നപോല്‍

കുംഭത്തില്‍ കുപ്പയില്‍ മാണിക്യമെന്ന പോല്‍

മുളയിടാന്‍ വിത്തുകള്‍ കാതോര്‍ത്തു മണ്ണിലായ്

പോയ് മറയിന്നിതാ പഴമൊഴിതത്ത്വവും

കനിയാതെ വറുതിയില്‍ വേനല്‍ തുടിപ്പുകള്‍.

ഇടതൂര്‍ന്ന മാമല കുന്നിന്റെ നിബിഡിത-

ക്കുള്ളില്‍ വസിക്കുന്ന വന്യജീവിക്കിന്നോ

ചിത്തഭ്രമം പൂണ്ട മട്ടില്‍ വിഭ്രാന്തരായ്

ജനവാസകേന്ദ്രങ്ങള്‍ താണ്ഡവമാടുന്നു.

ആരോടായ് പ്രതികാര ദാഹം ശമിക്കാത്ത

പ്രതീകമെന്നപോല്‍ പ്രതിഭാസ ദാഹത്താല്‍

പ്രകൃതിമാതാവിന്റെ കലിപൂണ്ട തീഷ്ണത

കേരളക്കരയാകെ ഉരുകുന്നു വേനലില്‍

നദികളാല്‍ പേരുറ്റ ഈ കൊച്ചുകൈരളി

കീറിമുറിക്കുവാന്‍ നാല്പത്തിനാലുപേര്‍

ശരണം പ്രാപിക്കുന്നു സാഗരസീമയെ

മിഴിനീരാലൊഴുകുന്ന നിരര്‍ത്ഥഭാവത്താല്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org