വിശപ്പിന്റെ വില നേര്‍ച്ചയായി നിക്ഷേപിച്ച വിധവ

വിശപ്പിന്റെ വില നേര്‍ച്ചയായി നിക്ഷേപിച്ച വിധവ
Published on
  • സെബാസ്റ്റ്യന്‍ ഡി കുന്നേല്‍

മിശിഹാനാഥനന്ന്, വിശുദ്ധ ജറുസലേം

ആലയം തന്നില്‍ നില്‌ക്കേ, കിലുക്കം കേട്ടു നോക്കി:

ഭണ്ഡാര സമീപത്തായ്, ആളുകള്‍ വരിയായി,

നേര്‍ച്ചകള്‍ നിക്ഷേപിക്കും മുഴക്കം, നാണയത്തിന്‍!

ധനികര്‍ പട്ടുവസ്ത്രം, ചെമന്ന മേലങ്കിയും

ധരിച്ചു വന്നിട്ടിടും, സ്വര്‍ണ്ണത്തിന്‍ നാണയങ്ങള്‍!

ആലയം തന്നിലുള്ളില്‍ കാളയെ വില്ക്കുന്നവര്‍,

നാണയം മാറുന്നവര്‍; എല്ലാരും സമ്പന്നരാം.

കളവിന്നൊരു വീതം, ദൈവത്തിനേകിയെന്നാല്‍

പാപമേ തീരുമെന്ന് കരുതാറില്ലേ ഭോഷര്‍!

* * * * * * *

കര്‍ത്താവു നോക്കി നില്‍ക്കേ, കീറിയതാണെങ്കിലും,

വെളുത്ത മേലുടുപ്പും മങ്ങിയ തലമുണ്ടും

ധരിച്ച വിധവയും ഭണ്ഡാരത്തിങ്കലെത്തി:

ചെമ്പിന്റെ നാണയങ്ങള്‍, രണ്ടെണ്ണം ചെറുതിട്ടു!

മറ്റുള്ള മാനുഷര്‍ക്ക്, തുച്ഛമാം തുകയത്;

ദൈവത്തിന്‍ പുത്രനത്, നേര്‍ച്ചയിലേറ്റം ധന്യം!

അവിടുന്നരുള്‍ ചെയ്തു: ''ഇക്കാണും വിധവതന്‍,

നേര്‍ച്ചയാണേറ്റം ധന്യം; ഇന്നത്തെയപ്പവള്‍

വേണ്ടെന്നു വച്ചിട്ടതിന്‍, വിശപ്പിന്‍, വില നല്കി:

താതന്‍, തന്‍ ഹൃദയത്തിന്‍, വിങ്ങലോടതു കണ്ടു!

സമ്പന്നര്‍, തങ്ങള്‍ തന്റെ സമൃദ്ധി തന്നില്‍ നിന്നും

ചെറിയ വീതമേറ്റം, ഗര്‍വോടെ വലിച്ചിട്ടു.''

* * * * * * *

ദൈവത്തിന്റെ പ്രീതി നേടാന്‍, സമ്പന്നര്‍ വന്‍തുകകള്‍

അനാഥര്‍ക്കൊന്നും നല്കാ, തിട്ടതു ഭണ്ഡാരത്തില്‍!

അനാഥര്‍, വിധവകള്‍, ദരിദ്രര്‍ വിശന്നെന്നാല്‍

ദൈവത്തിന്‍ മനം നീറും. അവരും ദൈവമക്കള്‍

മക്കള്‍ തന്‍ വേദനയും, അബ്ബാതന്‍ വേദനയാം;

മക്കള്‍ക്കു നല്കുവതും, തനിക്കായെണ്ണും താതന്‍!

കാരുണ്യം വേണമാദ്യം; ബലികള്‍ നേര്‍ച്ചകളും

പിന്നീടു നേദിച്ചെന്നാല്‍, സ്വീകരിച്ചീടും ദൈവം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org