വിളക്കുമാടങ്ങള്‍

വിളക്കുമാടങ്ങള്‍
Published on
  • ഫ്രാന്‍സിസ് തറമ്മേല്‍

ചായക്കറ പറ്റിയ ഇറക്കം കൂടിയ മുറി കയ്യന്‍ ഷര്‍ട്ടും കട്ടിയുള്ള ഒറ്റ മുണ്ടുമാണ് ലൂയി അപ്പാപ്പന്റെ വേഷം. എഴുപതു വയസ്സോളം പ്രായം വരും. സ്വന്തം ചായക്കടയോട് ചേര്‍ന്നു തന്നെയാണ് ലൂയി അപ്പാപ്പന്റെ താമസവും. സ്‌കൂള്‍ ഒഴിവുള്ള ദിവസങ്ങളില്‍ കൊച്ചുമകള്‍ എലീന അപ്പാപ്പനു കൂട്ടിനു കടയില്‍ കാണും.

റെഡ് അലര്‍ട്ട് ഉള്ളതിനാല്‍ കളക്ടര്‍ ഒരാഴ്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ എലീന കടയില്‍ ചുറ്റിപ്പറ്റി നില്‍പുണ്ട്. രാവിലെ വലിയ മഴയില്ലായിരുന്നു. പക്ഷേ, വൈകിട്ടായപ്പോ ഭയങ്കര മഴയായി. കോരിച്ചൊരിയുന്ന ആ മഴയെ വകവയ്ക്കാതെ കട എലീനയെ ഏല്പിച്ച് വലിയൊരു കാലന്‍ കുടയും ചൂടി ലൂയി അപ്പാപ്പന്‍ പുറത്തേക്കിറങ്ങി.

അല്‍പം അകലെ മാറിയുള്ള തെരുവിലെ വഴിവിളക്ക് ഉന്നം വച്ചാണ് നടപ്പ്. വഴിവിളക്കിനടുത്ത് എത്തിയ അപ്പാപ്പന്‍ മഴയുടെ തണുവില്‍ ചെറുതായി ഒന്ന് വിറച്ചെങ്കിലും കുടയുടെ സഹായത്തോടെ വലിയ ചിമ്മിനി വിളക്കില്‍ എണ്ണ നിറച്ചശേഷം വിളക്കിന്റെ ചില്ലു ഗ്ലാസ് നീക്കി വിളക്കിലെ തിരി അല്പം ഉയര്‍ത്തി തന്റെ ഉടുമുണ്ടിന്റെ അരയിലെ മടിക്കുത്തില്‍ കരുതിയിരുന്ന തീപ്പെട്ടി എടുത്ത് ഉരച്ചു കത്തിച്ചു തീ കൊളുത്തിയ ശേഷം വിളക്കിന്റെ ഗ്ലാസ് ഭദ്രമായി അടച്ചു.

അതുവരെ ഇരുട്ട് സ്വന്തമാക്കിയിരുന്ന വഴിയില്‍ വെളിച്ചം സമ്മാനിച്ചു കഴിഞ്ഞപ്പോള്‍ നല്ലതെന്തോ നേടിയെടുത്ത ആത്മ സംതൃപ്തിയോടെയാണ് ലൂയി അപ്പാപ്പന്‍ ചായക്കടയിലേക്ക് തിരിഞ്ഞു നടന്നത്. മഴയില്‍ നനഞ്ഞു നടന്നുവരുന്ന അപ്പാപ്പനെയും നോക്കി കൊച്ചുമകള്‍ എലീന നില്‍ക്കുന്നത് അകലെ നിന്നു തന്നെ ലൂയി അപ്പാപ്പന്‍ കണ്ടു. അപ്പാപ്പന്‍ വേഗം നടന്ന് കടയിലെത്തി.

കയറി വാ അപ്പൂപ്പാ... എന്തൊരു മഴയാണിത്! വല്ലാതെ നനഞ്ഞല്ലോ. അവള്‍ അപ്പാപ്പന്റെ കയ്യില്‍ നിന്നും കുട വാങ്ങി താഴെ വച്ചശേഷം കടയിലുണ്ടായിരുന്ന ബഞ്ചില്‍ പിടിച്ചിരുത്തി. എന്നിട്ട് അവള്‍ ആ ബഞ്ചിന്റെ മുകളില്‍ കയറിനിന്ന് ഉണങ്ങിയ തോര്‍ത്തുമുണ്ടു കൊണ്ടു അപ്പാപ്പന്റെ നെറ്റിയിലും മുഖത്തും കൈകളിലുമെല്ലാം പറ്റിയ മഴവെള്ളം തുടച്ചെടുത്തു.

''എന്തിനാ അപ്പാപ്പ എല്ലാ ദിവസവും നേരം ഇരുട്ടുമ്പോള്‍ ഇങ്ങനെ വിളക്കു തെളിയിക്കുവാന്‍ അത്ര ദൂരം പോകുന്നത്? അതും ഈ മഴയും നനഞ്ഞ്! എന്തിനാണ് ആ തെരുവിലെ വിളക്ക് തെളിയിക്കുന്നത്. ഇത് അപ്പാപ്പന്റെ പണിയാണ് എന്നാരാ പറഞ്ഞത്? അപ്പോള്‍ അപ്പൂപ്പന്‍ ചെറുചിരിയോടെ എലീനയെ പിടിച്ച് മടിയിലിരുത്തിയിട്ടു പറഞ്ഞു,

''നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടിലുമുള്ള തിരികള്‍ തെളിയിക്കാനാണ് ദൈവം നമ്മെ ഈ ഭൂമിലേക്കയച്ചിരിക്കുന്നത്. ഈ തിരിവെട്ടം ആര്‍ക്ക് പ്രയോജനപ്പെടുമെന്ന് വിചാരിക്കേണ്ടതില്ല. നമ്മുടെ പ്രവര്‍ത്തനംകൊണ്ട് നാം ആയിരിക്കുന്ന ലോകത്തിലെ അന്ധകാരം അല്പമെങ്കിലും മാറ്റാനായാല്‍ അത് നമ്മുടെ വിജയമാണ്. പ്രകാശം പരതാനും പ്രകാശമായി മാറാനും നാം ശ്രമിക്കണം.''

എലീന അപ്പാപ്പന്റെ മാറില്‍ ചാഞ്ഞിരുന്ന് സ്വകാര്യമായി പറഞ്ഞു, ''എന്റെ അപ്പാപ്പന്‍ അപ്പോള്‍ ഒരു പ്രകാശമാണല്ലേ!''

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org