മുസിരിസിലെ അജ്ഞാതന്‍

മുസിരിസിലെ അജ്ഞാതന്‍
രണ്ടു കൈയ്യും നീട്ടി ആശ്ലേഷിച്ചുകൊണ്ടാണ് അവന്‍ അയാളെ എതിരേറ്റത്. അവന്റെ ചുമലില്‍ കിടന്ന് അയാള്‍ ആ രാത്രിയില്‍ ഒരുപാട് കരഞ്ഞു. അവന്‍ അയാളുടെ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ടേയിരുന്നു. അയാള്‍ അവനോട് അന്ന് ഒന്നും യാചിച്ചില്ല... കാരണം അയാള്‍ക്കു വേണ്ടത് എന്താണെന്ന് അവന് അറിയാമായിരുന്നു.

കടലിന് അഭിമുഖമായാണ് അയാള്‍ ഇരുന്നത്. തിര ഇരച്ചുകയറാതിരിക്കാന്‍ ചെത്തികെട്ടിയുണ്ടാക്കിയ കടല്‍ഭിത്തിയുടെ കോണിലെ ഒരു കല്ലില്‍. തിര അയാളെ തിരിച്ചു വിളിക്കുന്നതുപോലെ തോന്നി. തിരിച്ചു കടലിലേക്ക്, അതിനുമപ്പുറം തന്റെ ജന്മദേശത്തേക്ക്. ആയിരം കാതങ്ങള്‍ക്കുമകലെയാണത്. അവിടെ ഉറ്റവര്‍ എന്ന് പറയാന്‍ ഇന്നാരുമില്ല. ഉള്ളത് കുറച്ചു ചങ്ങാതിമാരായിരുന്നു. അവരും ഇന്നവിടെയില്ല. അവരും നിയോഗിക്കപ്പെട്ടിരിക്കുന്നു. അറിയാത്ത ദേശങ്ങളിലേക്ക്, പതിയിരിക്കുന്ന മരണത്തിലേക്ക്. അതെ, എന്തുകൊണ്ടോ അങ്ങനെ ചിന്തിക്കാനാണ് ഇപ്പോള്‍ തോന്നുന്നത്. ഇറങ്ങിതിരിച്ചപ്പോള്‍ ഉണ്ടായിരുന്നു ദിശാബോധം എവിടെയോ നഷ്ടപ്പെട്ടുപോയി. അവന്‍ ഇന്ന് ഒന്നു കൂടെയുണ്ടായിരുന്നെങ്കില്‍...

പക്ഷെ, അവനെ പ്രതിയാണ് ഈ യാത്ര... അവന്‍ പറഞ്ഞത് നിറവേറ്റാന്‍... അവന്റെ സുവിശേഷം ഈ ലോകത്തെ അറിയിക്കാന്‍... അവന്‍ കൂടെയുണ്ടായിരുന്നപ്പോള്‍ വല്ലാത്ത ഒരു ധൈര്യമായിരുന്നു. അവന്റെ വ്യക്തിത്വവും സ്‌നേഹവും കരുതലും എപ്പോഴും തങ്ങള്‍ പന്ത്രണ്ടുപേരെ പൊതിഞ്ഞു നിന്നു. വരാനിരിക്കുന്ന ദിവസങ്ങളില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ആവന്‍ പറഞ്ഞിരുന്നതാണ്. എല്ലാം അതുപോലെ തന്നെ സംഭവിച്ചു. അവന്റെ കുരിശുമരണം തങ്ങളെ തകര്‍ത്തു... ചിതറിച്ചു. അവന്‍ തന്നെയാണ് പിന്നീട് എല്ലാവരെയും തിരിച്ചു കൊണ്ടുവന്നത്. അല്പവിശ്വാസിയായ താനും എല്ലാവരും അവന്‍ ഉയിര്‍ത്തുവെന്നു പറഞ്ഞിട്ടും വിശ്വസിച്ചില്ല. അവന്‍ മുന്നില്‍ വന്ന് നില്‍ക്കുന്നതു വരെ. അന്നവന്‍ വാഗ്ദാനം ചെയ്തതാണ് മുകളില്‍ നിന്നു സഹായം വരുമെന്ന്, പരിശുദ്ധാരൂപി തങ്ങളെ പൊതിയുമെന്ന്. പക്ഷെ എന്നിട്ടും... ഈ അല്പവിശ്വാസിയായ താന്‍ ഇന്ന് പതറുകയാണ്...

കപ്പലില്‍ കഴിഞ്ഞ പതിനാല് ദിനരാത്രങ്ങളും അയാള്‍ ആലോചിച്ചത് അതുതന്നെയായിരുന്നു. ചെന്നെത്തുന്ന മണ്ണ്, അത് കപ്പമായി ചോദിക്കുന്നത് തന്റെ ജീവനായിരിക്കും. കടലിലെ ശീതക്കാറ്റേറ്റ് ശരീരം വിറയ്ക്കുമ്പോഴും ഉള്ളില്‍ കനലെരിയുകയായിരുന്നു. മുഷിഞ്ഞ വസ്ത്രത്തിനും ശോഷിച്ച ശരീരത്തിനുമിടയില്‍ ആ കൊടും തണുപ്പിലും വിയര്‍പ്പുത്തുള്ളികള്‍ ഒലിച്ചിറങ്ങി. അതോ അത് കണ്ണുനീരായിരുന്നോ... അറിയില്ല, കണ്ണുനീരും വിയര്‍പ്പുമെല്ലാം തിരിച്ചറിയാന്‍ പറ്റാത്തവിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു.

മരണത്തെ അതിന്റെ കണ്ണില്‍ നോക്കി ചെറുത്തുതോല്‍പ്പിക്കാന്‍ താന്‍ ക്രിസ്തുവല്ല. ഒരു ശിഷ്യനും ഗുരുവിനെക്കാള്‍ വലുതാവുന്നില്ല. അതറിയാഞ്ഞിട്ടല്ല. താനുള്‍പ്പടെ എല്ലാവരും ഓടിയോളിച്ചപ്പോഴും കുരിശുമരണം വരെ അവനെ അനുഗമിച്ച യോഹന്നാന്റെ ഗുരുസ്‌നേഹവും ചങ്കുറപ്പും തനിക്കില്ല. എന്നാല്‍ സ്‌നേഹിച്ച ഗുരുവിനെ ഒറ്റികൊടുക്കാന്‍ മാത്രം താന്‍ ക്രൂരനുമല്ല. അതിനിടയില്‍ എവിടെയോ ആണ് തന്റെ സ്ഥാനം. ആണികള്‍ ചൂഴ്ന്നിറങ്ങിയ പാടുകളും വിലാവിലെ കുന്തമിറങ്ങിയ മുറിവും കാണാതെ അവന്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്നത് വിശ്വസിക്കില്ലെന്ന് ആണയിട്ടവനാണ് താന്‍. അയാള്‍ അറിയാതെ തന്റെ വിലാവില്‍ കൈകള്‍ വച്ചുപോയി. ഒരു കുന്തം തന്നെ പിളര്‍ക്കാനായി ഏതോ ഒരു ഉലയില്‍ രാകിമിനുങ്ങി തയാറാകുന്നതു പോലെ, തന്നെ കാത്തിരിക്കുന്നതുപോലെ. തിരകള്‍ തന്റെ കാലറ്റം വരെ എത്തിതുടങ്ങി. തിരിച്ചു വിളിക്കുകയാണ് കടലിലേക്ക്. തന്നെ തന്റെ ദൗത്യത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ഈ കടല്‍ എന്തോ ഒരുമ്പെട്ടിറങ്ങിയ പോലെ തോന്നി അയാള്‍ക്ക്.

ഈ ദിവസത്തിന്റെ ആദ്യ നാഴികകളിലാണ് താന്‍ സഞ്ചരിച്ച കപ്പല്‍ ഈ മുസിരിസ് തുറമുഖത്തു നങ്കൂരമിട്ടത്. നേരം ഉച്ചയോടടുത്തിട്ടും ചെറുതോണികളില്‍ ഇനിയും ചരക്കുസാമഗ്രികള്‍ ഇറക്കി കഴിഞ്ഞിട്ടില്ല. കറുത്ത് കുറിയ മനുഷ്യരാണ് ഇവിടെ. തന്നെ പോലെ കപ്പലിറങ്ങി വരുന്ന വിദേശികളെ അവരെപ്പോഴും കാണുന്നതാണ്. എന്നിട്ടും തന്നെ കണ്ടപ്പോള്‍ അവര്‍ക്ക് വല്ലാത്ത കൗതുകം. മറ്റു കച്ചവടക്കാരായ നാവികര്‍ അവരുമായി പലതും പറഞ്ഞ് സംഭാഷണത്തിലേര്‍പ്പെടുമ്പോള്‍ താന്‍ മാത്രം കീറിപറിഞ്ഞ വസ്ത്രവുമായി മാറിനില്‍ക്കുന്നതു കണ്ടിട്ട് അവര്‍ക്കിടയില്‍ അടക്കം പറഞ്ഞു തുടങ്ങി, 'ആരാണീ അജ്ഞാതന്‍...? ഈ യഹൂദന്‍...?'

ഇടയില്‍ എപ്പോഴോ കപ്പലിലുണ്ടായിരുന്ന ഒരാള്‍ വക്കു പൊട്ടിയ ഒരു കോപ്പയുമായി വന്നു തനിക്ക് മുമ്പില്‍ വച്ചു നീട്ടി. അതില്‍ കഞ്ഞിയായിരുന്നു. താന്‍ കൈകൂപ്പി കൊണ്ട് അത് തിരസ്‌കരിച്ചു. തന്റെ മനസ്സിലെ കനല്‍ അണക്കാന്‍ ആ തണുത്ത കഞ്ഞിക്കാവില്ലെന്ന് ആയാള്‍ക്കറിയാമായിരുന്നു. വിശപ്പ് എന്ന വികാരത്തോട് താന്‍ പൊരുത്തപ്പെട്ട് കഴിഞ്ഞു.

മണിക്കൂറുകള്‍ പിന്നെയും ഒരുപാട് ഇഴഞ്ഞു നീങ്ങി. ആകാശം കൂടുതല്‍ കൂടുതല്‍ മേഘാവൃതമാവുകയാണ്. വെളുത്തപ്പഞ്ഞിക്കെട്ടുകളില്‍ കറുപ്പിന്റെ വേഷപകര്‍ച്ച നടക്കുന്നത് അയാള്‍ കണ്ടു. പേമാരി വരുന്നതു പോലെ... ആളുകള്‍ തുറമുഖത്തു നിന്ന് നീങ്ങിതുടങ്ങി. കപ്പല്‍ കൂടുതല്‍ ദൂരത്തേക്ക് നീങ്ങി വീണ്ടും നങ്കൂരമിട്ടു. അതിലുണ്ടായിരുന്ന നാവികരെല്ലാവരും തന്നെ കരക്കണഞ്ഞു കഴിഞ്ഞു. രാത്രിയുടെ സുഖങ്ങളിലേക്കും വ്യവഹാരങ്ങളിലേക്കും അവര്‍ വഴുതിവീണു തുടങ്ങി. കപ്പലിനും തുറമുഖത്തിനുമിടയില്‍ അയാളും തിരകളും മാത്രമായി. കാറ്റ് വീശിയടിച്ചതും മഴയാര്‍ത്തു പെയ്തതും അയാള്‍ അറിഞ്ഞില്ല. കാരണം അപ്പോള്‍ അയാളുടെ ചിന്ത ഐഹികമായിരുന്നില്ല. ഭൂമിക്കും കടലിനുമിടയില്‍ ഭാവിക്കും ഭൂതകാലത്തിനുമിടയിലുള്ള ആ ഇടുങ്ങിയ ഇടനാഴിയില്‍ അയാള്‍ ഒരു ഭ്രാന്തനെ പോലെ ഓടി നടന്നു. തന്റെ നിലപാടുകളുടെ വ്യക്തതയ്ക്കുവേണ്ടി. ഒരിറ്റ് സാന്ത്വനത്തിനുവേണ്ടി. അവിടെ വച്ച് അയാള്‍ ക്രിസ്തുവിനെ വീണ്ടും കണ്ടുമുട്ടി. രണ്ടു കൈയ്യും നീട്ടി ആശ്ലേഷിച്ചുകൊണ്ടാണ് അവന്‍ അയാളെ എതിരേറ്റത്. അവന്റെ ചുമലില്‍ കിടന്ന് അയാള്‍ ആ രാത്രിയില്‍ ഒരുപാട് കരഞ്ഞു. അവന്‍ അയാളുടെ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ടേയിരുന്നു. അയാള്‍ അവനോട് അന്ന് ഒന്നും യാചിച്ചില്ല... കാരണം അയാള്‍ക്കു വേണ്ടത് എന്താണെന്ന് അവന് അറിയാമായിരുന്നു.

കണ്ണുകള്‍ തുറന്നപ്പോള്‍ അയാള്‍ ആദ്യം കണ്ടത് തന്റെ മുട്ടറ്റംവരെ എത്തിനില്‍ക്കുന്ന തിരകളെയാണ്. അയാള്‍ കാല്‍ പിന്നോട്ടുവലിച്ചു. കടല്‍ കൂടുതല്‍ കൂടുതല്‍ ശക്തിയോടെ തന്റെ കാലുകളെ പൊതിയാന്‍ തുടങ്ങി. അവിടെ ഒരു വടിയുണ്ടായിരുന്നു. അയാള്‍ എഴുന്നേറ്റുനിന്ന് ശക്തിയോടെ ആ വടി കടലില്‍ കുത്തിനിര്‍ത്തി. കടല്‍ പെട്ടെന്ന് പിന്‍വാങ്ങി. അകലെ സൂര്യന്റെ ആദ്യരശ്മികള്‍ മേഘകീറുകള്‍ക്കുള്ളിലൂടെ ആകാശത്തെ പ്രകാശിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അയാള്‍ ചുറ്റിലും നോക്കി. നിലത്ത് അയാള്‍ നിന്നയിടത്തും കടല്‍ഭിത്തിക്കുമുകളിലും നിറയെ വെള്ളരിപ്രാവുകള്‍. അവര്‍ കടല്‍ത്തീരത്തേക്ക് ഇറങ്ങി ചെന്നു. അവര്‍ ഓരോ അടി മുന്നോട്ടു വയ്ക്കുംതോറും കടല്‍ കൂടുതല്‍ പിന്‍വലിഞ്ഞു.

അയാള്‍ മുകളിലേക്ക് ഒന്നുകൂടി നോക്കി. പതുക്കെ ഒന്ന് മന്ദഹസിച്ചു. എന്നിട്ട് വടിയുമെടുത്തു മുസിരിസ് പട്ടണം ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി.

അന്നവിടെ അയാളുടെ പ്രഭാഷണം കേള്‍ക്കാന്‍ കൂടിയവര്‍ മുസിരിസ്സിലെ ഈ അജ്ഞാതന്‍ ആരാണെന്നറിയാന്‍ തിരക്കുകൂട്ടി. അറിഞ്ഞവര്‍ മറ്റുള്ളവരോട് പറഞ്ഞു, 'അവന്റെ പേര് തോമ, യേശുവിന്റെ ശിഷ്യന്‍...'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org