ഉല്‍പത്തി

ഉല്‍പത്തി
Published on
  • ആന്റണി ജോസ് കല്ലൂക്കാരന്‍

കാലം കനപ്പിച്ച മേഘങ്ങളില്‍,

നോവുകള്‍ കൂട്ടികെട്ടി,

ഒടുവിലവള്‍ പെയ്തിറങ്ങി

ആ മേഘവിസ്‌ഫോടനത്തില്‍,

പൊടുന്നനെ ഒരു പ്രളയം

നിര്‍മ്മിതികളെല്ലാം തുടച്ചുമാറ്റി.

ഇനി തുടക്കം അവളിലൂടെ

കൈവിരലുകള്‍ നീട്ടി,

കറുപ്പില്‍ നീറ്റിയെടുത്തു,

വെളിച്ചത്തിന്റെ ഒരു തുണ്ട്

പകലും രാത്രിയും ചേര്‍ത്തുരുമി,

അവള്‍ സ്വപ്നങ്ങള്‍ വരച്ചു

സന്ധ്യയായി, പ്രഭാതമായി - ഒന്നാം ദിനം

കരിതട്ടിയ കലം തോണ്ടിയവള്‍,

കരിനീല കണ്ണെഴുതിയപ്പോള്‍,

കണ്ണുകള്‍ക്കു ചുറ്റുമൊരു വിതാനം

ആ വെള്ളത്തൂവല്‍ തുണ്ടുകള്‍,

മഞ്ഞുകണങ്ങളായി ഇമകളെ നനച്ചു

സന്ധ്യയായി, പ്രഭാതമായി - രണ്ടാം ദിനം

കാലുകൊണ്ടു കളംവരച്ച്,

കവിതകൊണ്ടവള്‍ വിതച്ചു,

മണ്ണ് കുതിര്‍ന്നു പച്ചയായി

പടര്‍ന്നു വിടര്‍ന്ന ഇലകളില്‍,

പൂമൊട്ടുകള്‍ ചാഞ്ചാടിയുറങ്ങി

സന്ധ്യയായി, പ്രഭാതമായി - മൂന്നാം ദിനം

ഋതുമതി അവളുടെ ചിരികളെല്ലാം,

കോരിയെടുത്ത് മേലേയ്‌ക്കെറിഞ്ഞു,

അവിടം നക്ഷത്രങ്ങള്‍ നിറഞ്ഞു

സൂര്യചന്ദ്രന്മാരുടെ ഒളിച്ചുകളിയും

നിലാവിന്റെ പ്രണയവും നിറഞ്ഞു

സന്ധ്യയായി, പ്രഭാതമായി - നാലാം ദിനം

പിന്നെയവളുടെ പാട്ടില്‍,

ചിറകടികളും കുറുകലുകളും

കുളമ്പടികളില്‍ മണ്ണിരയും നിറഞ്ഞു

തിരകള്‍ക്കടിയില്‍ പവിഴകൊട്ടാരങ്ങളും

പച്ചപ്പുകളില്‍ ശീല്‍ക്കാരങ്ങളും നിറഞ്ഞു

സന്ധ്യയായി, പ്രഭാതമായി - അഞ്ചാം ദിനം

ചൂടുപിടിച്ചവളുടെ നെഞ്ചില്‍,

പൂമ്പാറ്റകള്‍ നൃത്തം ചെയ്തു,

അവിടം നുണയുന്ന കരച്ചില്‍ പിറന്നു

കവിതവിതയ്ക്കുന്ന ഉടലും

നിറങ്ങളൊഴുകുന്ന മനസ്സും കിളിര്‍ത്തു

സന്ധ്യയായി, പ്രഭാതമായി - ആറാം ദിനം

പിന്നെയവള്‍ വിശ്രമിച്ചില്ല,

നൃത്തം ചെയ്തുകൊണ്ടേയിരുന്നു,

പ്രഭാതങ്ങളും പ്രദോഷങ്ങളുമില്ലാതെ,

പ്രപഞ്ചത്തെയവള്‍ പ്രണയിച്ചുകൊണ്ടേയിരുന്നു

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org