
ചെന്നിത്തല ഗോപിനാഥ്
ഒരു ദിവ്യലോഹമായ് ജന്മം ലഭിക്കുകില്‍
ബ്രഹ്മാസ്ത്രമായി ഞാന്‍ പിറന്നിരുന്നേനേ!
കലിയുഗ ശ്രേണിയില്‍ ഇക്കാണും ധനഹാരി
ഒന്നൊന്നായ് ഹനിച്ചു തീര്‍ത്തേനേ!
ഞാന്‍ ഒന്നൊന്നായ് ഹനിച്ചു തീര്‍ത്തേനേ!
നിക്ഷേപ ശ്രേണിയില്‍ ധനകാര്യപാരമ്യം
സര്‍വോപരിക്കുമൊട്ടപ്പുറം നാട്യമായ്
സൈബര്‍ സിദ്ധാന്തങ്ങളെല്ലാം തകര്‍ന്നപോല്‍
അനുദിനം കോടികള്‍ വ്യാജന്റെ കീശയില്‍
രണ്ടു പതിറ്റാണ്ടു താണ്ടുന്നീ ദുര്‍വിധി
രാജ്യാന്തരത്തിലെ കേളീതരംഗമായ്
കണ്ടെത്തി നിര്‍ഭയം ദുരീകരിക്കുവാന്‍
''ടെക്കി''കള്‍ക്കെന്തേ മയക്കംവിടായ്കയോ?
ബീഡിപുകക്കുന്ന ലാഹവത്താല്‍ ''ഈഡി''
ലാസ്യത്തിലാടിത്തിമിര്‍ക്കുന്നുവോ ദിനം?
കൊള്ളപ്പണത്തിന്‍ കിരാതവേഴ്ചയെ
ഗളച്ഛേദനത്താല്‍ ഹനിക്കാതിരിക്കയോ?
വാര്‍ദ്ധക്യജീവിത പെന്‍ഷനാണെങ്കിലും
കഷ്ടിച്ചു നിക്ഷേപ ഗുണിതങ്ങളാക്കിയാല്‍
നാളത്തെ അഷ്ടിക്കായ് അരി കിലോവാങ്ങുവാന്‍
ഭിക്ഷാടനത്തിന്റെ ഭാണ്ഡവും പേറണോ?
ഇനി വരും നാളുകള്‍ ''ബാങ്ക്'' എന്ന സല്‍പദം
പന്തയപ്പണം കാക്കും ക്ഷേത്രമായ് മാറിടാം!
നിക്ഷേപകേന്ദ്രമാം അഭിമാന സ്തംഭമായ്
കരുതേണ്ട കാലങ്ങള്‍ കടന്നുപോയോ?
കോടാനുകോടികള്‍ നിത്യവും കൊള്ളയായ്
ഒഴുകുന്നതീതെരുവീഥിയിലല്ലയോ?
കണ്ടെത്തുവാന്‍ വകുപ്പെത്രയുണ്ടിവിടെയും
പതിറ്റാണ്ടുകള്‍ പോന്ന താണ്ഡവം നീളെയായ്
കഷ്ടം മഹാകഷ്ടം ലജ്ജയില്ലേ നാടുവാഴുന്ന
തമ്പുരാന്മാര്‍ക്കാര്‍ക്കും കണ്ണില്ലേ! കാതില്ലേ!
ഭരണപരാജയപദമാണു പര്യായം
നാടുഭരിക്കുന്ന മാരണമോയിതും?