കുരിശിന്റെ നാള്‍ വഴി

കുരിശിന്റെ നാള്‍ വഴി
Published on
  • ചെന്നിത്തല ഗോപിനാഥ്

മരക്കുരിശൊന്നിന്റെ മുന്നിലായ് ഞാനെന്നും

മൗനമായ് സ്മരിക്കുന്നെന്‍ യേശുവിനെ

ക്രൂശിതനായ് നില്‍ക്കും നാഥന്റെ യാതന

ത്താനെന്നുമോര്‍ത്തു നമിക്കുന്നു ദാസന്യനായ്

സഹചാരിയായവര്‍ പന്ത്രണ്ടു ശിഷ്യന്മാര്‍

ചുറ്റിലും ഉള്ളവരായിരുന്നെന്നാളും

യേശുവിന്‍ അത്ഭുത ദിവ്യപ്രഘോഷണം

പാടിപ്പുകഴ്ത്തി ഭൂലോകത്തിലന്നവര്‍

ഇടയനോടിഷ്ടം ചൊരിയുവാന്‍ കുഞ്ഞാട്

മാത്രം ശഠിച്ചാല്‍ ഫലിക്കില്ല ദൗത്യവും

ഇടയന്‍ നയിക്കുവാന്‍ യോഗ്യനായ് വാഴണം

മനോമന്ത്രഭാവത്തില്‍ ലാളിത്യമേകണം.

ഇടവകകൂട്ടരായ് എത്രേ കുഞ്ഞാടുകള്‍

കൂട്ടങ്ങള്‍ തെറ്റാതെ ആരാധനയ്‌ക്കെന്നും

ഇടവകപ്പള്ളിയില്‍ ലക്ഷ്യമായെത്തുവാന്‍

ഇടയനില്‍ അര്‍പ്പണം പരമാര്‍ത്ഥമാകണം.

സഹസ്രങ്ങള്‍ രണ്ടു പണ്ടേശുമഹേശന്‍

ജറുസലേം ദേശത്തൊരേകാകിയായ് ക്രി

കുരിശുയുദ്ധം വരിച്ചരുളിയതാണഹോ

ലോകോത്തരം കണ്ട ക്രിസ്തീയ ഭാഷ്യങ്ങള്‍.

കാരിരുമ്പാണികള്‍ മൂന്നില്‍ കുരിശ്ശേറി

ദാഹജലത്തിനായ് കേഴുന്ന വേളയില്‍

ഞാങ്കണത്തുമ്പില്‍ പുളിപ്പാര്‍ന്ന ദ്രാവകം

ചുണ്ടിലായ് സ്പര്‍ശിച്ച പീഢനം ഓര്‍ക്കുകില്‍.

ദൈവനാമങ്ങള്‍ ഉരുവിട്ടുനാളുകള്‍

കുഞ്ഞാടുകള്‍ക്കായ് അരുള്‍ ചെയ്ത നാഥനെ

മ്‌ളേച്ഛരായ് ക്രൂശിച്ച കാലത്തെ ഓര്‍ക്കണം

ഇന്നിന്റെ രാജാധിരാജരാം ഇടയരും.

ബലിതര്‍പ്പണം തന്റെ ശിഷ്യര്‍ക്കു മുന്നിലായ്

അര്‍പ്പിച്ചതെപ്പോഴും മുഖാമുഖങ്ങളാല്‍

മുഖമെന്ന ദര്‍പ്പണം നോക്കി പഠിക്കുവാന്‍

മനമെന്ന മര്‍ത്ത്യന്റെ ഉള്ളം തുടിക്കണം.

എന്തിനായ് അങ്കം കുറിക്കണം ദൈവീക

നാമത്തിലര്‍പ്പിക്കൂ തിരുവരുള്‍ പാതയില്‍

കലികാല സിദ്ധാന്ത വീഥിയെ പുല്‍കാതെ

കര്‍ത്താവിന്‍ വിഖ്യാത സൂക്തങ്ങളോര്‍ത്തിടൂ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org