പെണ്‍മണി

പെണ്‍മണി

Published on

ഫാ. തോമസ് പാട്ടത്തില്‍ച്ചിറ സി.എം.എഫ്.

പാകമായ് മുന്തിരിക്കായ്കള്‍ നിരന്നോരു-
പാലസ്തീനായിലെ താഴ്‌വര തന്നിലായ്
പാല്‍നിലാവുള്ള ശരല്‍ക്കാലസന്ധ്യയില്‍
പാരില്‍ പിറന്നു മറിയമാം പെണ്‍മണി!

മാതാപിതാക്കള്‍ ജൊവാക്കീമുമന്നയും
മാറോടുചേര്‍ത്തു വളര്‍ത്തിയാ മുത്തിനെ.
മൂന്നു വയസ്സിലാദേവാലയത്തി-
മുമ്പിലാക്കുഞ്ഞിനെ കാഴ്ചയണച്ചവര്‍.

വിണ്‍മേഘവാര്‍മുടിത്തുമ്പില്‍നിന്നൂര്‍ന്നൊരു-
വെള്ളിനക്ഷത്രപ്പൂപോലെയാ സുന്ദരി,
വെണ്‍ചുവരുള്ളൊരാ നസ്രത്തുനാടതില്‍
വെട്ടിത്തിളങ്ങി നടന്നൂ വിനീതയായ്.

ദൈവമാതാവായവള്‍ മാറുമെന്നൊ-
ദേവദൂതന്‍ ഗബ്രിയേല്‍ ചൊന്ന വേളയില്‍
ദാസിയായ് തന്നെ സമര്‍പ്പിച്ചു പൂര്‍ണ്ണമായ്
ദിവ്യറൂഹായാല്‍ ഗര്‍ഭവതിയായവള്‍.

തച്ചനൗസേപ്പൊരുവന്‍ തന്റെ കൈകളാല്‍
താലികെട്ടി സ്വന്തമാക്കിയാ കന്യയെ.
തണുവെഴും ധനുമാസരാവില്‍ തൊഴുത്തിലായ്
തമ്പുരാനീശോയ്ക്കു ജന്മം കൊടുത്തവള്‍.

പുല്‍ക്കൂടുതൊട്ടങ്ങു കാല്‍വരിയോളവും
പുത്രനു താങ്ങായി കൂടെ നടന്നവള്‍.
പാരിജാതമലരവളെ മാലാഖമാര്‍
പാണികളിലേന്തി മേലേ പറന്നുപോയ്.

നാകഭൂലോകങ്ങള്‍ക്കൊരുപോലെ റാണിയായ്
നാരീമണിയവള്‍ വാഴ്‌വൂ സമംഗളം.
നന്മനിറഞ്ഞ മറിയമേ, നിന്‍ പുകള്‍
നന്ദിയോടേയിവര്‍ പാടുന്നൂ സാദരം.

logo
Sathyadeepam Online
www.sathyadeepam.org