ഫാ. ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF
തീപ്പെട്ടി എടുക്കാന്‍ വേണ്ടി മാത്രം കറന്റ് ഉപയോഗിച്ച സാറാമ്മച്ചിയായിരുന്നു കെ എസ് ഇ ബി യുടെ ഏറ്റവും നല്ല കസ്റ്റമര്‍. ഇപ്പോള്‍ ഉറ്റ സുഹൃത്തായ ഏലിയാമ്മ പുള്ളിക്കാരിയെ കാണാന്‍ വന്നിട്ടുണ്ട്. ഏലിയാമ്മച്ചിയുടെ വരവ് കണ്ടപ്പോഴേ സാറാമ്മച്ചി എന്നോട് പറഞ്ഞു,
'നിത്യേ... ഇന്ന് കുറെ രൂപ പോകുന്ന ലക്ഷണമാണ്.'
അമ്മച്ചിയുടെ സ്വഭാവം അറിയാവുന്നതു കൊണ്ട് ഞാന്‍ പഠിക്കുന്നതു പോലെ അഭിനയിച്ച് കട്ടിലില്‍ വെറുതെ കിടന്നു. ഒരു കാര്യത്തിന് എനിക്ക് ആശ്വാസം തോന്നി. ഇനി കുറെ നേരത്തിന് അമ്മച്ചിയുടെ ശാസന കേള്‍ക്കേണ്ടി വരില്ലല്ലോ എന്ന്.
അമ്മച്ചി ഊഹിച്ചതു പോലെ തന്നെ ഏലിയാമ്മച്ചി മകന്റെ ജോലിക്കുവേണ്ടി രൂപ ചോദിച്ചു. ഉടനേ അമ്മച്ചിയുടെ മാസ് മറുപടിയും വന്നു.
'എന്നാല്‍ നിനക്കങ്ങ്ട് അവനെ കാശ് ഉപയോഗിക്കാന്‍ പഠിപ്പിച്ചു കൂടേ? നീ ഈ കാശിന് അടയിരുന്നിട്ട് എന്താ പ്രയോജനം?' പഴയ കളരിയിലെ ക്ലാസ്‌മേറ്റിനോട് ഏലിയാമ്മച്ചി തിരിച്ചടിച്ചു.
'എടീ ഏലി നിന്റെ മോനായതു കൊണ്ട് പറയുകയല്ല. അവന് ഒരു കോടി രൂപ കിട്ടിയാലും രക്ഷപ്പെടില്ല. കാരണം കാശ് എങ്ങനെ ഉപയോഗിക്കണം എന്ന് അവനറിയില്ല.'
'എന്നാല്‍ നിനക്കങ്ങ്ട് അവനെ കാശ് ഉപയോഗിക്കാന്‍ പഠിപ്പിച്ചു കൂടേ? നീ ഈ കാശിന് അടയിരുന്നിട്ട് എന്താ പ്രയോജനം?' പഴയ കളരിയിലെ ക്ലാസ്‌മേറ്റിനോട് ഏലിയാമ്മച്ചി തിരിച്ചടിച്ചു.
'പഠിപ്പിക്കാം. പക്ഷേ നിന്നോട് ഒരു ചോദ്യം ചോദിക്കാം.... നീ ഇന്ന് എന്നെ കാണാന്‍ വന്നപ്പോള്‍ തന്നെ എത്ര രൂപ ചെലവായി?'
'എടീ സാറേ... നീ എച്ചിക്കണക്ക് പറയുന്നതു എന്നു നിര്‍ത്തുന്നുവോ, അന്ന് നീ നന്നാകും.'
ഇത്തവണ കാശൊന്നും വേണ്ട എന്ന മട്ടില്‍ ഏലിയാമ്മച്ചി എഴുന്നേറ്റു. എന്നാല്‍ കെ എസ് ഇ ബി യുടെ അവാര്‍ഡ് വാങ്ങിയ, രണ്ട് ജോഡി ഡ്രസ് മാത്രമുള്ള, ആ റിട്ടയേര്‍ഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥയായ സാറാമ്മച്ചിക്ക് ഒരു കുലുക്കവും ഇല്ല.
'എടീ ഏലി, ഞാന്‍ പറഞ്ഞത് ഇവിടെ വരെ ഓട്ടോ പിടിച്ച് വരേണ്ട വല്ല കാര്യവും നിനക്കുണ്ടോ... എത്രയോ ബസ് ഓടുന്ന വഴിയാണിത് ? ആ.... ഓട്ടോ പോട്ടെ... നിന്റെ മകനാണെങ്കില്‍ ഇവിടെ വരുന്നത് അവന്റെ സെക്കന്‍ഡ് ഹാന്‍ഡ് കാറിനല്ലേ? അതിന് മാത്രം വരുമാനം അവന് ഉണ്ടോ?'
'നിനക്ക് അസൂയ ആണ് ഏലി... ഞാനും മകനും കാറില്‍ ചെത്തി നടക്കുന്നതിന്റെ അസൂയ.'
'ഓ... എനിക്ക് നാക്ക് ചൊറിഞ്ഞു വരുന്നു. ഇനി പറ... നിനക്ക് എത്ര രൂപ വേണം ?'
'അത് ശരി. ഞാനിവിടെ നിന്റെ പൈസ ചോദിക്കാന്‍ വന്നതാണെന്നാണോ നീ ചിന്തിക്കുന്നത്.'
'എന്റെ ഏലി... ഒരാവശ്യവും ഇല്ലാതെ നീ ഇവിടെ വരില്ല, അത് തീര്‍ച്ച. സുഖിപ്പിക്കാതെ കാര്യം പറ!'
'എന്നാല്‍ പറയാം... എനിക്ക് 3000 രൂപ വേണം. വേളാങ്കണ്ണിക്ക് പള്ളിയില്‍ നിന്ന് ടൂര്‍ പോകുവാ!'
'എന്റെ ദൈവം കര്‍ത്താവേ, മുണ്ടക്കയത്തു നിന്ന് വേളാങ്കണ്ണിക്കു പോകാന്‍ 3000 രൂപയോ... എടീ 600 രൂപയുണ്ടെങ്കില്‍ സുഖമായി പോയി വരാം.'
'നടന്നു പോകണമായിരിക്കും.'
'അതാണ് ഏറ്റവും നല്ലത്.... അതിന് പറ്റിയില്ലെങ്കില്‍ മുണ്ടക്കയം കുമളി തേനി നാഗപട്ടണം വണ്ടിക്ക് കേറിയിറങ്ങി പോകണം.'
'എടീ... ഈ വയ്യാത്ത കാലത്ത് അത് പറ്റുമോ?'
'വയ്യാത്ത പട്ടി കയ്യാല കേറണോ എന്ന പഴഞ്ചൊല്ല് ഓര്‍മ്മ വരുന്നു. നിനക്ക് വീട്ടില്‍ ഇരുന്നാല്‍ പോരേ?'
ഈ സംഭാഷണത്തിന്റെ രസച്ചരട് മുറുകുന്നതിനിടയില്‍ ഞാന്‍ വെള്ളം കുടിക്കാന്‍ എന്ന വ്യാജേന അടുക്കളയിലേക്ക് വന്നു. എന്നെ കണ്ടതും സാറാമ്മച്ചി അലറി.
'എടീ... നിത്യ, നീ ആ ഇയര്‍ ഫോണ്‍ ഒന്ന് ഊരി നടക്കാമോ? അല്ലെങ്കില്‍ അത് നിന്റെ ചെവിയുടെ ഭാഗമായിത്തീരും.'
'അസ്വസ്ഥതപ്പെടുത്തുന്ന സംസാരം കേള്‍ക്കാതിരിക്കാന്‍ വേണ്ടിയാ....' ഞാന്‍ എന്റെ അഭിപ്രായം പങ്കുവച്ചു.
'കണ്ടോ, നിന്റെ കൊച്ചു മോളുടെ സംസാരം! നിന്റെ ഒച്ച അവള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു പോലും.'
'ഞാന്‍ നിങ്ങളുടെ രണ്ടു പേരെയുമാ ഉദ്ദേശിച്ചത്.'
'സാറേ... നിന്റെ കൊച്ചുമോള് കൈവിട്ടു പോയി.' ഏലിയാമ്മച്ചി താടിക്ക് കൈ കൊടുത്ത് പറഞ്ഞു.
'പറയെട്ടടീ ഏലി... അവള് പറയട്ടെ... നമ്മുടെ തലമുറ കഴിഞ്ഞാല്‍ പിന്നെ മനുഷ്യര് മുഖത്തു നോക്കി സംസാരം എന്ന കല തന്നെ മറക്കും. ഇപ്പോള്‍ തന്നെ നമ്മള് സ്‌നേഹത്തോടെ സംസാരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ എത്രയായി? ഇപ്പോഴത്തെ ബൊമ്മകള്‍ കൂട്ടിമുട്ടിയാലും മിണ്ടില്ല. ഞാനേ നിനക്ക് കുറച്ച് കുടിക്കാന്‍ എടുക്കാം.'
അങ്ങനെ പതിവു പോലെ അടിയിലേക്ക് നീങ്ങേണ്ടിയിരുന്ന ഒരു സൗഹൃദ സംഭാഷണത്തെ രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ട് ഞാന്‍ രക്തസാക്ഷിയായി. അവര്‍ക്ക് സംസാരിക്കാന്‍ പുതിയ വിഷയവുമായി.
വൈകുന്നേരം കുരിശ് വരയ്ക്കാന്‍ മെഴുകുതിരി കത്തിച്ചപ്പോള്‍ സാറാമ്മച്ചി പറഞ്ഞു.
'രൂപ 5000 പോയാല്‍ എന്താ... വല്ലപ്പോഴും വരാന്‍ ഏലി മാത്രമേയുള്ളൂ. നിന്റെ തള്ളക്ക് പോലും എന്നെ വേണ്ട.'
'അമ്മച്ചി... അമ്മച്ചി എന്തിനാണ് ഇങ്ങനെ പിശുക്കുന്നത്?' ഞാന്‍ അനേകയാവര്‍ത്തി ചോദിച്ച ചോദ്യം ആവര്‍ത്തിച്ചു.
'നീ എന്ത് തന്നെ പറഞ്ഞാലും ഞാന്‍ ബസില്‍ പോകും, പ്ലാസ്റ്റിക്ക് ഉപയോഗിക്കില്ല, പരമാവധി നടക്കും, നാട്ടുകാര്‍ക്ക് മുഴുവന്‍ സദ്യ കൊടുക്കില്ല. ആശുപതിയില്‍ കയറില്ല. കണ്ട കട മുഴുവന്‍ കേറി നിരങ്ങില്ല. കാരണം പാവപ്പെട്ടവന്റെ ജീവിതം ബില്ലടച്ചും ഇടത്തരക്കാരന്‍ ഉള്ള കമ്പോളം മുഴുവന്‍ വാങ്ങിയും ജീവിക്കാന്‍ വേണ്ടി എന്നെപ്പോലെ ജീവിക്കാന്‍ പഠിച്ചവര്‍ മറ്റുള്ളവര്‍ക്ക് തൊഴില്‍ എടുക്കാന്‍ അവസരം ഉണ്ടാക്കി ജീവിക്കുന്നു. ഇപ്പോള്‍ത്തന്നെ, നമ്മുടെ ഷോപ്പിങ്ങ് കോംപ്ലക്‌സ് കൊണ്ട് എത്രയോ പേര്‍ക്ക് ജോലി കിട്ടുന്നു. ഒരുത്തന്‍ നല്ല സംരംഭം തുടങ്ങട്ടെ... ഞാന്‍ സഹായിക്കാം, പക്ഷേ അവന്റെ ചരിത്രം ഞാന്‍ അന്വേഷിക്കും. അര്‍ഹത ഉള്ളവര്‍ക്ക് കൊടുക്കണം. എന്നാല്‍ നിനക്ക് ഞാന്‍ തരില്ല. കാരണം നീ മടിച്ചിയാണ്.
'അമ്മച്ചിയുടെ ജീവിതം മഹനീയമാണ്. പക്ഷേ ഈ ചൊറിയുന്ന വര്‍ത്തമാനം നിര്‍ത്തിയാല്‍ തന്നെ അമ്മച്ചി രക്ഷപ്പെടും. കാരണം ഞാന്‍ എന്നാണ് നിങ്ങള്‍ക്ക് കഞ്ഞിയില്‍ വിഷം വിളമ്പിത്തരുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.'
'സന്തോഷം അസത്തേ, ഒരു പ്രവൃത്തി എങ്കിലും എന്റെ മോള് നന്നായി ചെയ്തു എന്ന സംതൃപ്തിയോടെ ഞാന്‍ ചാകുമെടീ.'
ഇല്ല, ഈ തള്ളയെ തോല്പിക്കാനാവില്ല എന്ന ചിന്തയോടെ ഞാന്‍ പ്രാര്‍ത്ഥന ആരംഭിച്ചു.