സംഘട്ടനം

ചെറുകഥ
സംഘട്ടനം
Published on
  • ജിൻസൺ ജോസഫ് മുകളേൽ

“ജിയാ... ഇനിയും നമ്മൾ ഒരുമിച്ച് ജീവിച്ചാൽ ഞാൻ എന്നോടു തന്നെ ചെയ്യുന്ന ചതിയാകും.” അവൻ പതിവു പോലെ പറഞ്ഞു.

“പണ്ട് നീ ഇതേ വാചകം പറഞ്ഞിരുന്നു: നിന്നോടുള്ള ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിൽ ഞാനത് എന്നോടു ചെയ്യുന്ന ചതിയായിരിക്കും എന്ന്.”

“നീ ദേഷ്യപ്പെടാതെ കേൾക്ക്. പണ്ട് നമ്മളെ കൂട്ടിമുട്ടിച്ചത് പ്രകൃതിയുടെ ഒരു കൺകെട്ട് വിദ്യയായിരിക്കണം. അന്ന് നിന്റെ ചിരിയിൽ, സംസാരത്തിൽ എല്ലാം ഞാൻ ക്ലീൻ ബൗൾഡായിപ്പോയി എന്നത് സത്യമാണ്.”

“അതുകൊണ്ടു നിന്നില്ലല്ലോ മോനെ. പരസ്പരം ഉമിനീര് പാനം ചെയ്ത് വർഷങ്ങളോളം ജീവിക്കും എന്ന് നീ എനിക്ക് അയച്ച വാട്ട്സപ്പ് മെസേജും എന്റെ കൈയിൽ ഉണ്ട്.” ജിയാ പുഞ്ചിരിയോടെ പറഞ്ഞു.

“എനിക്ക് നിന്നോട് ഒത്തിരി ഇഷ്ടം തോന്നി എന്നത് സത്യമാണ്. നിന്നെ കെട്ടിപ്പിടിക്കാൻ വേണ്ടി കാത്തിരുന്നു എന്നതും സത്യം. എന്നാൽ ഇപ്പോൾ എല്ലാം കഴിഞ്ഞപ്പോൾ നീ എനിക്ക് ദുഃഖം മാത്രം തരുന്നു.” ജിയാ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

“ഞാൻ എന്നെത്തന്നെ നിനക്ക് തന്നു. എന്നാൽ ഇപ്പോൾ നിനക്ക് പോകണം. പൊയ്ക്കോ! എന്നാലും നീ ഒരു കാലത്തും രക്ഷപ്പെടില്ല.”

“മതി... സതീഷ് ! നീ ആ മുഖം മൂടി താഴെ വയ്ക്ക്.”

ജിയാ മരിയായുടെ റോൾ അഭിനയിച്ചുകൊണ്ടിരുന്ന തന്റെ കൂട്ടുകാരൻ സതീഷിനോട് അഭിനയം നിർത്താൻ അയാൾ പറഞ്ഞു.

“എന്താടാ, ഞാൻ പറഞ്ഞ ഡയലോഗുകൾ തെറ്റാണോ ?”

“തെറ്റ് ഒന്നുമില്ല. പക്ഷേ അവൾ നിന്നെപ്പോലെ ഇങ്ങനെ ലോജിക് ഉപയോഗിച്ചല്ല സംസാരിക്കുക.”

“പിന്നെ.”

“ഇമോഷൻസ് ! നല്ല ഒന്നാന്തരം ഇമോഷൻസ്.”

“നിങ്ങളുടെ രണ്ടു പേരുടെയും പ്രണയത്തിന് കാവൽ നിന്ന ആൾ എന്ന നിലയിൽ ചോദിക്കുവാ, ശരിക്കും നിന്റെ പ്രശ്നം എന്താണ്?”

“അവൾ എനിക്കും ഞാൻ അവൾക്കും സന്തോഷം കൊടുക്കുന്നില്ല. കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ ഞങ്ങൾ തമ്മിൽ ഭയങ്കര ഫ്രണ്ട്ഷിപ്പായിരുന്നു. അന്ന് പരസ്പരം കൈയടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നു.”

“ഇന്നോ?”

“അസൂയ!”

“ഞാനും അവളും ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു. അവളെ എല്ലാവരും പുകഴ്ത്തുന്നു. അവൾ ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യുന്നു. ഞാൻ അതിന്റെ നെഗറ്റീവ് പറഞ്ഞ് നടക്കുന്നു.”

“അല്ലാതെ അവള് സംസാരിക്കുന്നതല്ല നിന്റെ പ്രശ്‌നം.”

“സംസാരം എന്നു പറഞ്ഞാൽ അവൾ ആജ്ഞാപിക്കുകയാണ്. അത് എനിക്ക് ഇഷ്ടപ്പെടുന്നില്ല. അവൾ തെറ്റ് തെറ്റാണ് എന്ന് മുഖത്ത് നോക്കി പറയും. ഭയങ്കരമായി ദേഷ്യപ്പെടും. ഓഫീസിൽ അവൾ ജീവനക്കാരോട് പെരുമാറുന്നതുപോലെ വീട്ടിൽ എന്നോടും.”

“ഇത് നീ നേരിട്ട് പറഞ്ഞാൽ?”

“ഇൻഫീരിയോരിറ്റി കോംപ്ലക്സ് എന്ന് അവൾ പറയും.”

“നിന്റെ പ്രശ്നം നിനക്ക് തന്നെ അറിയാമല്ലോ. അതുകൊണ്ട് നീയങ്ങ് പരിഹരിക്ക്.”

“എന്ത് പരിഹാരം?”

“ഇപ്പം നിന്റെ കാര്യങ്ങളിൽ നിന്നെ ഉപദേശിക്കുന്നത് അവളല്ലേ. അവളോടു തന്നെ ഇതിനുള്ള പരിഹാരവും ചോദിക്ക്.”

അന്ന് വൈകുന്നേരം വീട്ടിൽ എത്തിയപാടെ രോഹൻ ജിയായുടെ അടുത്തെത്തി. അവൾ തുണിയെല്ലാം അടുക്കിവയ്ക്കുകയായിരുന്നു.

“ജിയാ ... ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ.”

“തുണി അടുക്കാൻ കൂടുന്നോ ഇല്ലയോ?”

“കൂടാം. പക്ഷേ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്കണം.”

“എന്താ? പറഞ്ഞ് തൊലയ്ക്ക്! എനിക്ക് വേറെ പണിയുണ്ട്.”

“നീ എന്നെ ഒട്ടും ബഹുമാനിക്കുന്നില്ല.”

“ആരാണ് ബഹുമാനം നഷ്ടപ്പെടുത്തിയത് ഡിയർ?”

“അത് എനിക്ക് അറിയില്ല.”

“ഓഫീസിൽ നിങ്ങൾ ചെയ്യാത്ത ജോലിയുടെ പഴി കേൾക്കുന്നത് ഞാൻ! അയൽപക്കത്തുള്ളവർ അതിര് മാന്തിയപ്പോൾ സംസാരിച്ചതും വഴക്ക് ഉണ്ടാക്കിയതും ഞാൻ. മകന്റെ സ്കൂളിലെ പ്രശ്നം പരിഹരിച്ചതും ഞാൻ. ഈ വീട്ടിലെ എല്ലാ പണിയും ചെയ്യുന്നതും ഞാൻ. എന്നാൽ വെറുതെ മൊബൈലിൽ നോക്കി ഇരുന്ന് കൈ കഴുകി ഭക്ഷണം കഴിക്കുന്ന ഒരാളെക്കൊണ്ട് എന്ത് പ്രയോജനം?”

“നിന്റെ വ്യൂപോയിന്റ് തെറ്റാണ് എന്ന് ഞാൻ പറയുന്നില്ല. ഇത്രയും ടെൻഷൻ പിടിച്ച ഈ ജോലി നമുക്ക് ആവശ്യമുണ്ടോ? ജീവിതത്തിന് വേറെ വശങ്ങൾ ഇല്ലേ? ഈ വീട്ടിൽ സമാധാനം ഉണ്ടോ? കുട്ടിയെ പഠിപ്പിച്ചു അതിന്റെ സമാധാനം നീ കളയുന്നു. എന്നോട് വഴക്കിട്ട് എന്റെ സമാധാനം കളയുന്നു. ഇതെല്ലാം പറഞ്ഞ് നിന്റെ സ്വന്തം സമാധാനം കളയുന്നു.”

“ഓഹോ! ജീവിതത്തിൽ ആദ്യമായി ഇതാണ് എന്റെ കുറ്റം എന്ന് നിങ്ങൾ പറഞ്ഞല്ലോ. ഈ സത്യം പറച്ചിൽ, അത് നടത്തണം എന്നാണ് ഞാൻ ഈ കാലമത്രയും പറഞ്ഞോണ്ടിരിക്കുന്നത്.”

“അത് പറയാതിരുന്നത് എന്റെ തെറ്റാണ്. അതുപോലെ എന്റെ തെറ്റുകൾ നീയും പറഞ്ഞല്ലോ. അതുകൊണ്ട് ഞാൻ മൊബൈലിൽ നോക്കാതെ നിന്നെ സഹായിക്കാം.” റോഹൻ ഒരു മഴ പെയ്തുത്തീർന്ന ആശ്വാസത്തിൽ പറഞ്ഞു.

“എന്നാൽ വേഗം തുണി അടുക്കാൻ കൂട്. ഞാൻ എന്റെ വീട്ടിൽ പോകുകയാണ്. ഇനി നിങ്ങൾക്ക് ആവശ്യം ഉള്ളപ്പോൾ എന്നെ വന്ന് വിളിക്ക്. ഞാൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ എനിക്കറിയാം. ഇവിടെ സമാധാനം ഉണ്ടാകട്ടെ.”

“കൊച്ച്.”

“അതിനെയും നോക്കി സമാധാനം ആയിട്ട് ഇരിക്ക്.”

“നീ പോകണം എന്നല്ല ഞാൻ പറഞ്ഞത്.”

“പിന്നെ! ഇവിടുത്തെ മുഴുവൻ പണിയും ചെയ്തതിന്റെ മുഴുവൻ കൂലിയും നിങ്ങൾ തന്നല്ലോ! മതി! സന്തോഷമായി.” ജിയാ പൊട്ടിത്തെറിച്ചു.

“ജിയാ, ഇതുകൊണ്ടാണ് എന്റെ മനസ്സിൽ ഉള്ളത് മുഴുവൻ ഇതുവരെ പറയാതിരുന്നത്. പറഞ്ഞാൽ ഇതു തന്നെ സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.”

“മനുഷ്യാ! നിങ്ങൾക്ക് എന്ത് എവിടെ എങ്ങനെ പറയണം എന്നറിയില്ല. എല്ലാം പറഞ്ഞ് കൊളമാക്കും.”

“പണ്ട് നമ്മൾ പ്രേമിച്ച് നടന്നപ്പോൾ എന്തു രസം ആയിരുന്നു. നമ്മൾ എന്തു മാത്രം സംസാരിക്കുമായിരുന്നു. പുറത്ത് നിന്ന് ഫുഡ് കഴിക്കുമായിരുന്നു. അന്ന് നിന്റെ പെരുമാറ്റം എത്ര ഹൃദ്യമായിരുന്നു.”

“ദേ... ഞാൻ ചിരവയെടുത്ത് തലയ്ക്ക് അടിക്കും. വീട് പണിത ലോൺ, കാർ മേടിച്ച ലോൺ, കൊച്ചിന്റെ അടയ്ക്കാത്ത ആറു മാസത്തെ ഫീസ്... ഇതൊക്കെ ഓർത്ത് എന്റെ ഉറക്കം നഷ്ടപ്പെടുമ്പോൾ അപ്പുറത്ത് ഒരാൾ കൂർക്കം വലിച്ച് ഉറങ്ങുന്നു.”

“വീടിനും കാറിനും ലോണിനുമെല്ലാം ഞാൻ എതിരായിരുന്നു.”

“എന്നിട്ട് എന്താ അന്ന് പറയാതിരുന്നത്?”

“പറഞ്ഞാൽ നിനക്ക് ഇഷ്ടപ്പെടില്ല എന്ന് എനിക്കറിയാമായിരുന്നു. ഓഫീസിൽ ഉള്ളവരുടെ മുകളിൽ നിൽക്കണം എന്നല്ലേ എന്നും നിന്റെ ആഗ്രഹം!”

“രോഹൂ! നിർത്ത് അഭിനയം! പറയാനുള്ളത് പറ! എല്ലാ ആണിയും ഒരുമിച്ച് എന്റെ നെഞ്ചിലേക്ക് തറയ്ക്കരുത്.”

ബാഗും എടുത്ത് അവൾ സോഫയിൽ ഇരുന്നു. കൂട്ടിന് രോഹനും ഇരുന്നു. ആരും ഒന്നും മിണ്ടിയില്ല. അവൾ ബാഗ് താഴെ വച്ചപ്പോൾ അയാൾ ചോദിച്ചു.

“നീ പോകുന്നില്ലാത്ത സ്ഥിതിക്ക് ഇന്ന് അത്താഴത്തിന് എന്താ സ്പെഷ്യൽ?”

അവൾ രൂക്ഷമായി അയാളെ നോക്കി.

“എന്റെ ഈ ചോദ്യവും തെറ്റിപ്പോയോ?”

“രോഹൻ! നിങ്ങളുടെ ഉള്ളിൽ ഒത്തിരി ചോദ്യങ്ങൾ ഉണ്ട്. പക്ഷേ അതിന്റെയൊന്നും ഉത്തരം നിങ്ങൾക്ക് അറിയില്ല. പണ്ട് എന്റെ മനസ്സിൽ കയറിക്കൂടാൻ നിങ്ങൾ കാണിച്ച സ്മാർട്ട്നെസ്സിന്റെ നൂറിൽ ഒരംശം ഇപ്പോഴത്തെ ജീവിതത്തിൽ കാണിച്ചാൽ നമ്മൾ രക്ഷപ്പെടും!”

ജിയാ അടുക്കളയിലേക്ക് പോയപ്പോൾ രോഹൻ മൊബൈലിനു പകരം അവിടെ കിടന്ന പഴയ വനിത മാസികയെടുത്തു വായന തുടങ്ങി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org