
മരിക്കാന്‍ കൊതിച്ച്
പല നാളുകള്‍
പല നേരങ്ങളില്‍
ഇടവഴികള്‍ കയറി
കിഴക്കുമാറിയൊരു
മലയുണ്ടതിനുച്ചിയിലായി
ചെന്ന് നില്‍ക്കും.
അവിടെ നിന്നും പലപ്പോഴും
പുലരിയുടെ പുഞ്ചിരി
കാതില്‍ കേള്‍ക്കാം.
ചിലപ്പോള്‍
അവിടെ നിന്നും പലപ്പോഴും
രാവിന്റെ അട്ടഹാസം
കാതില്‍ കേള്‍ക്കാം.
പലനാളുകളില്‍ പതിവായി
മരണമെന്നെ തഴുകുന്നുണ്ട്.
ഇണയുടെ കൊഞ്ചല്‍ ചിരിയോടെ
പുണരുന്നുണ്ട്.
ഒരുനാളില്‍ ഒന്നായി ചേരുവനായി
ഞാനും കൊതിച്ചിരുന്നു.
പക്ഷെ!
ഏറെ ദൂരെ നിന്നും പ്രഭാതമുറക്കെ
ചോദിക്കും.
നിറങ്ങള്‍ പലതുണ്ടായിട്ടും
എന്തിന് നീയൊരു നിറം തേടുന്നു?
കണ്ണുകള്‍ ചിമ്മാതെ
കണ്ടുനീ അറിഞ്ഞിട്ടും
അന്ധനായി പോയതെന്തേ?
ഞാനെന്റെ ശബ്ദമില്ലാത്ത
ജീവിതകാലം തുടരെ ചിന്തിച്ചു.
അടഞ്ഞു മൂടിയ ചെപ്പിനുള്ളില്‍
മഞ്ചാടിക്കുരുവിനോളം
നിറമുള്ളൊരു ഹൃദയം
ഞാന്‍ കണ്ടെത്തി.
ജീവിതമെന്തെന്ന് അറിയാന്‍
ജീവിക്കണമെന്നാരോ പറഞ്ഞത്
ഈ നിമിഷം കാതുകളില്‍
പതിഞ്ഞ സ്വരത്തില്‍
സപ്തസ്വരങ്ങള്‍ ചേര്‍ത്ത്
പാടുമ്പോള്‍
മിഴികള്‍ തുളുമ്പുന്നതും
പുഴയായി ഒഴുകുന്നതും
കടലായിയലയുന്നതും
തിരയായിയുയരുന്നതും
ഞാനറിയുന്നു.