സിറിയൂസും എല്‍റോയും

ബ്രദര്‍ റൂബന്‍ വെന്‍സസ് (വടവാതൂര്‍ സെമിനാരി, കോട്ടയം)
സിറിയൂസും എല്‍റോയും

''ഇത് അരങ്ങേറുന്നതിന് തൊട്ടുമുമ്പ്, സ്വന്തക്കാരാല്‍ അവഗണിക്കപ്പെട്ട് അവന്‍ തിരികെ നടക്കുകയായിരുന്നു...?''

''എന്ത് നടക്കുമ്പോള്‍?''

അത് ശരിയാണല്ലോ! തലയില്ലാതെ എന്ത് വാല്...!

അപ്പോള്‍ തുടങ്ങാലെ..?

ഇത് തുടങ്ങുന്നത് ബി.സി.യില്‍ ആണ്. കൃത്യമായി പറഞ്ഞാല്‍ ബി.സി. 1800-ാം ആണ്ടിലെ ഒരു രാത്രി. കാനാനില്‍ താന്‍ ആദ്യമായി നിര്‍മ്മിച്ച ബലിപീഠത്തിനരികിലെ കൂടാരത്തില്‍ വിശ്രമിക്കുകയായിരുന്ന അബ്രാമിനെ പുറത്തേക്ക് ആനയിച്ചുകൊണ്ട് സാക്ഷാല്‍ യഹോവയായ ദൈവം പറഞ്ഞു: ''ആകാശത്തേക്ക് നോക്കുക. ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെക്കാന്‍ കഴിയുമോ? നിന്റെ സന്താന പരമ്പരയും അതുപോലെയായിരിക്കും.'' അബ്രാമിന്റെ തല ലേശം പുകഞ്ഞെങ്കിലും, സന്ദര്‍ശിച്ച ദൈവത്തെ സന്ദേഹിക്കാന്‍ മുതിര്‍ന്നില്ല. ഉടമ്പടിയും വാഗ്ദാനവും നല്കി ദൈവം മറഞ്ഞു. രാത്രികളും പകലുകളും നിലച്ചില്ല. അബ്രാമില്‍ നിന്ന് അബ്രാഹാമിയ മാറിയ വിശ്വാസികളുടെ പിതാവിനു ലഭിച്ച വാഗ്ദാനത്തിന്റെ വളര്‍ച്ചയും. യക്കോബില്‍നിന്ന് ഇസ്രായേലായി വളര്‍ന്ന ഒരു ജനതയുടെ ഉത്ഭവവും, വളര്‍ച്ചയും, അടിമത്തവും, സ്വാതന്ത്ര്യവും, കീഴടക്കലും വാഗ്ദത്ത ഭൂമിയിലെ അധിവാസവും ഒരാള്‍ നോക്കിക്കാണുന്നുണ്ടായിരുന്നു... അതാണ് സിറിയൂസ്... അതെ കൂടാരത്തിന്റെ പുറത്തേക്ക് ദൈവസ്വരം ശ്രവിച്ച് ഇറങ്ങി വന്ന് മാനത്തേക്ക് കണ്ണുംനട്ട് നിന്ന് അബ്രാമിന്റെ ദൃഷ്ടികളില്‍ പതിയാത്തതും എന്നാല്‍ അവനേയും ശേഷം അവന്റെ സന്താനങ്ങളുടെ വളര്‍ച്ചയും ഉറ്റിനോക്കിയതുമായ ക്ഷീരപഥത്തിലെ ഒരു വാല്‍ നക്ഷത്രം...

''സിറിയൂസ്..!

''ഇതെന്താപ്പാ നക്ഷത്രത്തിന്റെ കഥയാണാ താനീ പറയാന്‍ പോണതെന്നല്ലേ നിങ്ങള്‍ വചാരിക്കണെ...?'' ഒരു പുറത്തില്‍ അതെ, പക്ഷേ, മറുപുറത്തില്‍ അല്ല...! അധികം കുഴപ്പിക്കുന്നില്ല... കഥ തുടരുകയാണ്. അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്ന് വാഗ്ദാന നാടായ കാനാനിലേക്ക് പറിച്ചു നടപ്പെട്ട ഇസ്രായേല്‍ സമൂഹത്തിന് സാമുവേല്‍ പ്രവാചകന്റെ സമയം ഒരു മോഹം, ഒരു രാജാവ് വേണം...! ജനത്തിന്റെ പിടിവാശിക്കു മുന്നില്‍ തലകുനിച്ച ദൈവം ബഞ്ചമിന്‍ ഗോത്രജ്ഞനായ കിഷിന്റെ മകന്‍ സാവൂളിനെ ജനാഭിലാഷത്തിനനുസൃതം തിരഞ്ഞെടുത്തു. എന്നാല്‍ തന്റെ ഹൃദയത്തിനിണങ്ങിയ ഒരു രാജാവിനെ ദൈവം ദര്‍ശിച്ചത് ജസ്സെയുടെ പുത്രനായ ദാവീദിലായിരുന്നു. കര്‍ത്തൃസന്നിധിയില്‍ നിന്ന് സാവൂള്‍ തിരസ്‌കൃതനായശേഷം, ദൈവകല്പന പ്രകാരം സാമുവല്‍ പ്രവാചകന്‍ ആട്ടിടയനായ ദാവീദിനെ തൈലാഭിഷേകം നടത്തി ഇസ്രായേല്‍ രാജാവായി തിരഞ്ഞെടുത്തു. വര്‍ഷങ്ങള്‍ കടന്നുേപായി. താന്‍ പണി കഴിപ്പിച്ച കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍നിന്ന് വിദൂരങ്ങളില്‍ മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി നിന്ന് ദാവീദിന്റെ അധരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനയുടെ മധുരമൊഴികള്‍ നിര്‍ഗളിച്ചു:

''ദൈവമായ കര്‍ത്താവേ അങ്ങ് എന്നെ ഇത്രത്തോളം ഉയര്‍ത്താന്‍ ഞാനും എന്റെ കുടുംബവും എന്താകുന്നു...?'' ഹൃദയഭേദകമായ പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ തന്റെ ഹൃദയത്തിലനുഭവപ്പെടുന്ന ശൂന്യത എന്താണെന്ന് ദാവീദ് തിരിച്ചറിയുകയായിരുന്നു. ''അതെ, വാഗ്ദാനപേടകം. എന്റെ ദൈവത്തിന്റെ വാഗ്ദാനപേടകം. അതെന്റെ കൂടെയില്ല...!''

ദാവീദ് തന്റെ സര്‍വ്വസൈന്യാധിപനായ യൊവാബിനെ വിളിപ്പിച്ചു. രാജസദസിലേക്കാനയിക്കപ്പെട്ട യൊവാബിനോട് ദാവീദ് പറഞ്ഞു:

''യൊവാബ്, നാളെ തന്നെ മുപ്പതിനായിരം യോദ്ധാക്കളുമായി ബാലേയൂദായില്‍ നിന്ന് വാഗ്ദാനപേടകം കൊണ്ടുവരുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തണം...''

ദാവീദ് രാജാവിന്റെ കല്പനയുമേന്തി യൊവാബ് രാജ്യസന്നിധി വിട്ടു. മൂന്നു മാസങ്ങള്‍ കഴിഞ്ഞ്, നൃത്തചുവടുകളുമായി വാഗ്ദാനപേടകം കൊണ്ടുവരുന്ന ദാവീദ് രാജാവിനെയും വാഗ്ദാനപേടകത്തെയും വീക്ഷിച്ചികൊണ്ടിരുന്ന സിറിയൂസിന്റെ അരികിലേക്ക് എല്‍റോയി എത്തി...!

''സിറിയൂസ്, നീ ഇന്നുമുതല്‍ 1200 വര്‍ഷത്തേക്ക് തമോര്‍ഗര്‍ത്തത്തില്‍ കഴിയണം.'' എല്‍റോയിയുടെ കല്പനയെത്തി...!

''തമോര്‍ഗര്‍ത്തത്തിലോ...?'' ഞെട്ടലോടെ സിറിയൂസ് പ്രത്യുത്തരിച്ചു. സിറിയൂസ് തുടര്‍ന്നു ''ആകാശത്തിന്റെ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കുള്ള ശിക്ഷ ഞാനെന്തിന് അനുഭവിക്കണം...? ഞാനെന്തു തെറ്റു ചെയ്തു...?'' സങ്കടത്തോടെയുള്ള അവന്റെ ചോദ്യത്തിന് മറുപടി നല്കാതെ എല്‍റോയി മടങ്ങി. കല്പന വന്നാല്‍ പാലിക്കാതെ നിര്‍വാഹമില്ല. നിമിഷനേരങ്ങള്‍ക്കുള്ളില്‍ തമോഗര്‍ത്തം സിറിയൂസിനെ വിഴുങ്ങി. വര്‍ഷങ്ങള്‍ ശരവേഗത്തില്‍ കടന്നുപോയി. ജറെമിയ പ്രവാചകന്‍ ബാബിലോണ്‍ പ്രവാസകാലത്ത് നെബോ പര്‍വ്വതത്തിലെ ഒരു ഗുഹാദ്വാരത്തില്‍ വച്ചടച്ച വാഗ്ദാനപേടകം ഇനിയും കണ്ടെത്താനായില്ല. എന്ന സങ്കടവാര്‍ത്ത അറിഞ്ഞുകൊണ്ടാണ് സിറിയൂസ് തമോഗര്‍ത്തത്തില്‍ നിന്ന് പുറത്തേക്ക് വന്നത്. ഇസ്രായേല്‍ ദേശത്തിനുള്ളില്‍ എവിടെയെങ്കിലും വാഗ്ദാനപേടകം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ സിറിയൂസ് ആകാശപഥത്തിലൂടെ ഇസ്രാേയല്‍ രാജ്യത്തിനു മുകളിലായി അന്വേഷണം നടത്തിക്കൊണ്ടിരുന്നു. അങ്ങനെ ബി.സി. അഞ്ചിനോടടുത്ത് ഒരു രാത്രിയില്‍ ബേത്‌ലഹേമിലൂടെ ചരിക്കുമ്പോള്‍ അവന്‍ ആ കാഴ്ച കണ്ടു: ''വാഗ്ദാനപടേകം...!''

''അതെ സംശയിക്കേണ്ട ഇത് വാഗ്ദാനപേടകം തന്നെ. പക്ഷെ, ഉള്ള് ശൂന്യമാണ്...!''

''കല്പനകളും തിരുസാന്നിദ്ധ്യ അപ്പവും, അഹറോന്റെ തളിര്‍ത്തവടിയും എന്തേ...?'' ചിന്താനിമഗ്നനായി നിന്ന സിറിയൂസിന്റെ അരികിലേക്ക് എല്‍റോയി എത്തി.

''സിറിയൂസ് നിനക്ക് മടങ്ങാനുള്ള സമയമായി...!'' എല്‍റോയി പറഞ്ഞു.

''എങ്ങോട്ടേക്ക്...?'' ഞെട്ടലോടെ സിറിയൂസ് ചോദിച്ചു.

സിറിയൂസ് തുടര്‍ന്നു: ''തമോഗര്‍ത്തത്തിലേക്കാണെങ്കില്‍ ദയവായി എന്നെ അയയ്ക്കരുത്. എനിക്ക് താങ്ങാനാവില്ലത്...!''

''ഇല്ല സിറിയൂസ് നീ തമോഗര്‍ത്തത്തിലേകക്ക് പോയെ മതിയാകൂ....'' എല്‍റോയിയുടെ മറുപടിയും എത്തി.

എല്‍റോയിയെ ദയനീയമായി നോക്കിക്കൊണ്ട് സിറിയൂസ് ചോദിച്ചു: ''എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്....? വാഗ്ദാനപേടകത്തെ നോക്കിയതാണോ...?''

എല്‍റോയിയുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കിക്കൊണ്ട് അവന്‍ തുടര്‍ന്നു: ''ലോകത്തെ രക്ഷിക്കാനുള്ള ശിശു ഉടനെ ഭൂജാതനാകും. അവന് ആദരമര്‍പ്പിക്കാന്‍ പൗരസ്ത്യദേശത്തുനിന്ന് ജ്ഞാനികളെ കൊണ്ടുവരാന്‍ എനിക്ക് പോകണം...! അതിനങ്ങ് ദയവായി അനുവദിക്കണം....!''

എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുക്കല്‍ വരാനുള്ള ഭാഗ്യമെവിടുന്ന്. ഇതാ നിന്റെ അഭിവാദന സ്വരം ശ്രവിച്ചപ്പോള്‍ എന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി, ദൈവഹിതം നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.

ഒരു പുഞ്ചിരിയില്‍ സിറിയൂസന്റെ അപേക്ഷ നിരസിച്ചുകൊണ്ട് എല്‍റോയി പറഞ്ഞു: ''നീ പോകേണ്ടതില്ല, കല്പിച്ചതു ചെയ്യക.''

സിറിയൂസിനെ ആകമാനം നോക്കിക്കൊണ്ട് എല്‍റോയി തുടര്‍ന്നു: ''സിറിയൂസ് നീ എന്താണെന്ന് നീ അറിയുന്നില്ല. ഒരു ദിവസം നീ വീണ്ടും തമോഗര്‍ത്തത്തില്‍ നിന്ന് പുറത്തു വരും. അന്ന്, തമോഗര്‍ത്തത്തിലേക്ക് തന്നെ തിരികെ പോകാന്‍ നീ ആശിക്കും. പക്ഷെ സാധിക്കില്ല. പ്രഭാതത്തിലും പ്രഭാപൂര്‍ണ്ണനായി നീ ആകാശത്തു പ്രശോഭിക്കുമ്പോള്‍ ഞാന്‍ നിന്നെ നോക്കും. അന്നായിരിക്കും നിന്റെ പറുദീസായിലെ ആദ്യ ദിനം...''

സിറിയൂസിന് പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. താമസിയാതെ തമോഗര്‍ത്തം അവനെ ആഗിരണം ചെയ്തു...

കണ്ണടച്ചു തുറക്കുമ്പോള്‍ അമ്മയുടെ ഉദരത്തിലെ ഭ്രൂണമായി കഴിഞ്ഞിരുന്നു സിറിയൂസ്. ആറു മാസങ്ങള്‍ പിന്നിട്ടു. അമ്മയുടെ ഉദരത്തില്‍ ശാന്തമായി മയങ്ങാന്‍ ഭാവിക്കുമ്പോളാണ് ആ കാഴ്ച കണ്ടത്...!

ദേ വാഗ്ദാനപേടകം അതിനുള്ളില്‍ എല്‍റോയി...!

''എല്‍റോയി...'' എന്ന് ഉച്ചത്തില്‍ വിളിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, അതിനു മുന്നേ എല്‍റോയിയുടെ വചനം വാഗ്ദാന പേടകത്തിന്റെ അധരത്തിലൂടെ പുറത്തുവന്ന് എലിസബത്തിന്റെ ചെവികളില്‍ പതിച്ചു. പൊടുന്നനെ ഉദരത്തിലായിരുന്നു സിറിയൂസ് ആത്മാവാല്‍ നിറഞ്ഞ് അമ്മയുടെ ഉദരത്തില്‍ കുതിച്ചുചാടി....

എലിസബത്ത് തന്റെ ചാര്‍ച്ചക്കാരിയായ മറിയത്തെ നോക്കി ഇപ്രകാരം പറഞ്ഞു: ''എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുക്കല്‍ വരാനുള്ള ഭാഗ്യമെവിടുന്ന്. ഇതാ നിന്റെ അഭിവാദന സ്വരം ശ്രവിച്ചപ്പോള്‍ എന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി, ദൈവഹിതം നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.''

പുറകെ മറിയത്തിന്റെ സ്‌തോത്രഗീതമെത്തി. ആകെ ഒരു അലൗകീക പ്രഭ മൂന്നു മാസങ്ങള്‍ക്കു ശേഷം യൂദയായിലെ മലനാട്ടില്‍ സംസാരവിഷയമായ ആ ശിശു ജനിച്ചു: പേര്, യോഹന്നാന്‍...!

ആറു മാസങ്ങള്‍ക്കപ്പുറം ബേത്‌ലഹേമിലെ ഒരു കാലിത്തൊഴുത്തില്‍ അബ്രഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തു ഭൂജാതനായി...!

30 വര്‍ഷങ്ങള്‍ കടന്നുപോയത് എന്തൊരു വേഗത്തിലായിരുന്നു. ആ ദിവസം ഈശോ തന്റെ അടുത്തേക്ക് വരുന്നത് കണ്ട് യോഹന്നാന്‍ പറഞ്ഞു: ''ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീങ്ങുന്ന ദൈവത്തിന്റെ കുഞ്ഞാട്.''

എല്ലാ പൂര്‍ത്തിയാക്കാനായി യോഹന്നാനില്‍ നിന്ന് മാമ്മോദീസാ സ്വീകരിച്ച അവന്‍ പരസ്യജീവിതമാരംഭിച്ചു. അതേ, ഇന്ന് സ്വന്തം പട്ടണത്തില്‍ സുവിശഷം പ്രസംഗിച്ച ഈശോ സ്വന്തക്കാരാല്‍ അവഗണിക്കപ്പെട്ട് തിരികെ നടക്കുകയായിരുന്നു.

യോഹന്നാന്റെ ശിഷ്യന്മാരില്‍ ഒരാള്‍ ഉടനെ ഓടിപ്പാഞ്ഞ് ഈശോയുടെ സമീപത്തെത്തി. ഓട്ടത്തിന്റെ ആയാസത്തില്‍ കിതയ്ക്കുന്ന അവന്‍ എന്തോ പറയാന്‍ ശ്രമിക്കവേ ഈശോ അവന്റെ തോളില്‍ തട്ടിക്കൊണ്ട് മാനത്തേക്ക് നോക്കി. പ്രഭാതത്തിലും പ്രശോഭപൂര്‍ണ്ണനായ ഒരു നക്ഷത്രത്തെ അവനവിടെ കണ്ടു. ഈശോ ആത്മഗതം ചെയ്തു... ''സിറിയൂസ്... നീ വീണ്ടും....'' അല്പനേരം ആ നക്ഷത്രത്തെ തന്നെ നോക്കി നിന്ന ശേഷം ഈശോ യോഹന്നാന്റെ ശിഷ്യനോട് പറഞ്ഞു: ''സമയം പൂര്‍ത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു: അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുക...!!!''

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org