സേതുലക്ഷ്മി

സേതുലക്ഷ്മി

ജിന്‍സണ്‍ ജോസഫ് മുകളേല്‍ സി.എം.എഫ്.

മീന്‍കടയില്‍ നിന്നിറങ്ങിയപ്പോള്‍ മീന്‍ വാങ്ങാന്‍ അവള്‍ക്കാദ്യമായി തോന്നി. അതേ കടയില്‍ കാഷ്യറായി ജോലി തുടങ്ങിയിട്ട് വര്‍ഷം രണ്ടായെങ്കിലും അവള്‍ ഒരിക്കലും മീന്‍ വാങ്ങിയിരുന്നില്ല. ഇന്ന് വളരെ പ്രത്യേകതയുള്ള ദിവസമായി അവള്‍ക്കു തോന്നി. അതു കൊണ്ടവള്‍ ഒരു കിലോ അയില വാങ്ങി വീട്ടിലേക്കു നടന്നു.
ഉള്ളം സന്തോഷം കൊണ്ടു നിറയുന്നതായി അവള്‍ക്കു തോന്നി. ഭൂമിയിലെ മുഴുവന്‍ പൂക്കളും തന്നെ കാണാന്‍ താഴേക്കു വരുന്നതു പോലെ! അടുത്തുള്ള ജൗളിക്കടയില്‍ കയറി അമ്മയ്ക്ക് ഒരു സാരി വാങ്ങാന്‍ തോന്നി. പക്ഷേ സാരിയുടെ വില കേട്ടപ്പോള്‍ പേഴ്‌സിലെ നോട്ടുകള്‍ സമ്മതിച്ചില്ല. പിന്നെ ഒരു നൈറ്റി വാങ്ങി അഡ്ജസ്റ്റു ചെയ്തു. 'ചുവന്ന നൈറ്റിയില്‍ പത്തു മണിപ്പൂക്കള്‍ തുന്നിചേര്‍ത്തത് അമ്മയ്ക്ക് ഒരുപാടിഷ്ട മാവും, തീര്‍ച്ച!' അവള്‍ സ്വഗതമായി പറഞ്ഞു.
ബസ് വീടിനെ ലക്ഷ്യമാക്കി പോയപ്പോള്‍ അവള്‍ പോലുമറിയാതെ കണ്ടക്ടര്‍ ടിക്കറ്റ് മുറിച്ചു കൊടുക്കുകയും അവള്‍ 12 രൂപ വണ്ടിക്കൂലി നല്‍കുകയും ചെയ്തു. പതിവിനു വിരുദ്ധമായി അവള്‍ ഷട്ടര്‍ ഉയര്‍ത്തി പുറത്തേക്കു തലയിട്ടു മരങ്ങളെ നോക്കി ചിരിച്ചോണ്ടിരുന്നു.
ചിരിച്ചോണ്ടു വരുന്നത് തന്റെ മകള്‍ തന്നെയാണോ എന്ന സംശയത്തില്‍ മുളക് പറിച്ചോണ്ടിരുന്ന ലക്ഷ്മി തന്റെ കണ്ണട ഊരി നോക്കി. പിന്നെ പുഞ്ചിരിയോടെ ചോദിച്ചു
'എന്താടീ ഒരു സന്തോഷം?'
'അതുണ്ടമ്മേ… കാപ്പിക്ക് എന്നാ ഉണ്ടാക്കി?'
'കൊഴുക്കട്ട ഉണ്ടാക്കിയിട്ടുണ്ട്… നീ പോയി മേലുകഴുകിയിട്ടു വാ.'
'ഞാനിപ്പം കുളിക്കുന്നില്ല. ഇനി അങ്ങനെ കൊറോണ വന്നാല്‍ അങ്ങ് വരട്ടെ.'
'അയോടീ… നിനക്ക് അധികകാലം ജീവിക്കണം എന്നൊന്നും ഇല്ലല്ലോ! എന്നാലേ എനിക്കുണ്ട്… അതിനാല്‍ എന്റെ മോള് ചെല്ല്.' ലക്ഷ്മി മുളക് പാത്രവുമായി അടുക്കളയിലേക്ക് നടക്കുന്നതിനിടയില്‍ പറഞ്ഞു.
'ഉം… 55 വയസ്സ് ആയ ങ്കിലെന്താ അമ്മക്കുട്ടിയെ കണ്ടാല്‍ ഇപ്പോഴും ഇരുപത്തിയഞ്ചേ പറയുകയുള്ളൂ! അതു കൊണ്ട് ന്റെ കുട്ടിയെ ഒന്നു കൂടി കെട്ടിച്ചിട്ടു വേണം എനിക്ക് കണ്ണടയ്ക്കാന്‍!'
'മോളെ സേതുലക്ഷ്മി! വാചകമടിക്കാതെ കുളിച്ചിട്ടു വാ കെട്ടോ!'
സാധാരണ കുളിമുറിയില്‍ കയറി ടാപ്പ് ഓണാക്കാതെ മനസ്സിന്റെ ഭ്രാന്തന്‍ ചിന്തകള്‍ക്കൊപ്പം സഞ്ചരിക്കുന്ന അവള്‍ അന്ന് കാക്കകുളി പാസാക്കി പെട്ടെന്ന് തന്നെ പുറത്തിറങ്ങി.
'ഇത്ര പെട്ടെന്ന് കുളിമുറിയില്‍ നിന്ന് ഇറങ്ങാന്‍ എന്റെ മോള്‍ക്ക് ഇതെന്തു പറ്റി? പിന്നെ ഒരിക്കലും ഇല്ലാത്ത വിധം മീന്‍ മേടിക്കുന്നു! …പിന്നെ!' ലക്ഷ്മി മീന്‍ വെട്ടാന്‍ കത്തിയെടുത്തു കൊണ്ട് ചോദിച്ചു.
'മീന്‍ മാത്രമല്ല കുട്ടീ… ഇതു നോക്കിയില്ലേ…' അവള്‍ നൈറ്റിയെടുത്തു വിടര്‍ത്തിക്കൊണ്ടു ചോദിച്ചു.
'മാസം തീരാന്‍ ഇനിയും ദിവസങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാടീ ഇതു വാങ്ങിയത്?'
'അമ്മയ്ക്കിത് ഇഷ്ടപ്പെട്ടില്ലേ?'
'ചുവപ്പ് എന്റെ പ്രിയ കളറല്ലേ! പണ്ട് ഞാന്‍ കോളേജില്‍ ചുവന്ന ചുരിദാര്‍ ഇട്ടു പോകുമ്പോള്‍ ആങ്കുട്ട്യോള് നോക്കി നില്‍ക്കുവായിരുന്നു!' ലക്ഷ്മി നൈറ്റിയെടുത്തു കഴുത്തില്‍ വെച്ചു നോക്കിപ്പറഞ്ഞു.
'ദൈവമേ! അമ്മമാര്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കരുതേ!' സേതു ലക്ഷ്മി ചിരിച്ചോണ്ടു പറഞ്ഞു.
'ഇനി പറ… ഇന്ന് ഇത്രയും സന്തോഷിക്കാന്‍ എന്തു സംഭവിച്ചു?'
'സംഭവം വളരെ നിസ്സാരമാ! ഞാന്‍ ഫേസ് ബുക്ക് എടുത്ത ശേഷം ആദ്യമായി ഒരാള്‍, അതും നമ്മുടെ ഈ രാമനാട്ടുകര ഗ്രാമത്തില്‍ നിന്ന് ഫ്രണ്ട് റിക്വിസ്റ്റ് അയച്ചിരിക്കുന്നു!'
ആ മറുപടി കേട്ടതും ലക്ഷ്മി പൊട്ടിച്ചിരിച്ചു.
'ഇത്രയും ചെറിയ കാര്യത്തിനാണോ നീ ഈ ഷോയെല്ലാം നടത്തിയത്… ഇതിനെന്താ പ്രത്യേകത?'
'പ്രത്യേകത ഉണ്ട്! എന്റെ ജീവിതത്തില്‍ ആദ്യം കിട്ടുന്ന ഫ്രണ്ട് റിക്വിസ്റ്റാണിത്. അതും ഞാന്‍ ആരാണ് എന്നറിയാവുന്ന ഒരാള്‍! ഒരുപാട് ഫ്രണ്ട്‌സ് ഉള്ള അമ്മയ്ക്ക് ഇത് മനസ്സിലാവില്ല. എന്റെ കൂടെ പഠിക്കുന്നവര്‍ അമ്മയുടെ ഫ്രണ്ട്‌സ് ആണ്. പക്ഷേ എന്റേതല്ല…'
'മോളെ… സേതു, നീ എത്ര പേര്‍ക്ക് റിക്വിസ്റ്റ് അയച്ചിട്ടുണ്ട്?'
'ഒരേയൊരു വ്യക്തിക്ക് … മാധവന്‍ മാഷിന്…'
'അതെന്താ?'
'കോളേജില്‍ ഒരു ദിവസം എല്ലാവരുടെയും മുന്‍പില്‍ വെച്ച് എല്ലാവരും സേതുലക്ഷ്മിയെപ്പോലെ ക്ലാസ്സില്‍ ശ്രദ്ധിക്കണം എന്ന് സാര്‍ പറഞ്ഞു… എന്റെ ജീവിതത്തില്‍ ആദ്യമായിട്ടും അവസാനമായിട്ടും കിട്ടിയ അഭിനന്ദനം. അന്ന് തന്നെ സാറിന് റിക്വിസ്റ്റ് അയച്ചു. പക്ഷേ ആ സാറു പോലും അത് സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് ഇന്നെനിക്ക് ആദ്യ ഫ്രണ്ടിനെ കിട്ടി.'
'എടീ മോളെ, സൗഹൃദങ്ങള്‍ ഉണ്ടാകണമെങ്കില്‍ ആദ്യം നമ്മള്‍ ഓപ്പണ്‍ ആകണം. മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലണം. അല്ലാതെ കൃത്യ സമയത്ത് എല്ലായിടത്തും ചെന്ന് പറയുന്ന പണി മാത്രം ചെയ്ത് ആരോടും മിണ്ടാതെ റോഡിന്റെ ഒരരികും ചേര്‍ന്നു നടന്നാല്‍ ജീവിതം ബ്ലാക്ക് ആന്‍ഡ് വൈറ്റാകും. എം.കോം വരെ പഠിച്ചിട്ടും നിനക്ക് ഒരു സുഹൃത്തെങ്കിലും ഉണ്ടോ?'
'അതെ! ഇനി അമ്മ കൂടിയേ കുറ്റപ്പെടുത്താന്‍ ഉള്ളൂ. ഞാന്‍ ചില സൗഹൃദ വലയങ്ങളിലേക്ക് ചെല്ലുമ്പോള്‍ ഒന്നുകില്‍ അവര്‍ സംഭാഷണം നിര്‍ത്തും, അല്ലെങ്കില്‍ വേഗം എന്നെ പറഞ്ഞു വിടും! അതെന്താണെന്ന് എനിക്കറിയില്ല.'
'എന്നെ ഒന്നിനും കൊള്ളില്ല എന്ന അപകര്‍ഷതാബോധം ഉള്ളിടത്തോളം കാലം നിനക്ക് ഒരു സുഹൃത്തും കിട്ടില്ല മോളെ… നീ ഇപ്പോള്‍ എന്നോടു മനസ്സ് തുറക്കുന്നതു പോലെ മറ്റുള്ളവരോടും ആത്മവിശ്വാസത്തോടെ സംസാരിക്കൂ! ആട്ടെ, നിനക്ക് ശരിക്കും ഫ്രണ്ട്‌സ് വേണമെന്നുണ്ടോ?'
'പിന്നെ! അമ്മയ്ക്ക് ഉള്ളതു പോലെ എനിക്കും വേണം ഒരു നൂറായിരം ഫ്രണ്ട്‌സ്!'
അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
പിറ്റേന്ന് ഒത്തിരി താമസിച്ചാണ് സേതുലക്ഷ്മി എഴുന്നേറ്റത്. അവള്‍ നേരേ അടുക്കളയിലേക്ക് ചെന്നു.
'എന്താടീ, ഇന്നലെ ഒത്തിരി താമസിച്ചാണോ കിടന്നത്?'
'ഉം… ഞാന്‍ എന്റെ ഏക ഫേസ്ബുക്ക് ഫ്രണ്ട് ശ്യാമുമായി സംസാരിക്കുകയായിരുന്നു!'
'ആഹാ! അപ്പോള്‍ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാന്‍ നിനക്ക് അറിയാം! അല്ലേ?'
'ഉം… എനിക്കെല്ലാം മനസ്സിലായി അമ്മേ!'
'എന്ത്?' ലക്ഷ്മി ഞെട്ടലോടെ ചോദിച്ചു.
'ഈ ഫ്രണ്ട്ഷിപ്പും ചാറ്റിങ്ങും ഒന്നും എനിക്ക് പറ്റില്ല എന്ന്.'
തുടക്കത്തില്‍ ഞങ്ങള്‍ നന്നായി സംസാരിച്ചു. കുറച്ചു കഴിഞ്ഞു വഴക്കായി. അതും കഴിഞ്ഞ് ഫേസ്ബുക്ക് ഫോണില്‍ നിന്ന് ഡിലീറ്റാക്കിയപ്പോള്‍ മാത്രമേ എനിക്ക് സമാധാനമായുള്ളൂ! ഇതൊന്നും എനിക്ക് പറ്റില്ല അമ്മേ! എനിക്ക് എന്നോടു മാത്രമേ കൂട്ടു കൂടാന്‍ പറ്റുകയുള്ളൂ! ഞാനും എന്റെ മനോ രാജ്യവും! എന്തു രസമാ അത്!'
'ന്റെ ഈശ്വരാ!' അവളുടെ മറുപടി കേട്ട് ലക്ഷ്മി അറിയാതെ വിളിച്ചു പോയി.
അവള്‍ ബാത്ത് റൂമിലേക്ക് പോയപ്പോള്‍ ലക്ഷ്മി ശ്യാമിനെ വിളിച്ചു. ശ്യാമിന്റെ മറുപടി പെട്ടെന്നായിരുന്നു.
'ന്റെ ആന്റി… ആന്റിയുടെ മോളായതു കൊണ്ടും ആന്റി പറഞ്ഞതു കൊണ്ടും മാത്രം ഞാന്‍ ഇന്നലെ ചാറ്റിങ് നടത്തിയതാ… ഒരു രക്ഷയും ഇല്ല… സോറി!'
'അവള്‍ക്ക് സംശയം വല്ലതും തോന്നിയോ?'
'അതൊന്നും ഇല്ല!'
'അതു മതി… ഒത്തിരി താങ്ക്‌സ്.'
തന്റെ മോള്‍ക്ക് ഒരു സുഹൃത്തിനെയെങ്കിലും കിട്ടണമേ എന്ന പ്രാര്‍ത്ഥനയോടെ ലക്ഷ്മി തന്റെ സുഹൃത്തുക്കള്‍ക്ക് ബര്‍ത്ത് ഡേ വിഷസ് അയയ്ക്കാന്‍ തുടങ്ങിയപ്പോള്‍ സേതു ലക്ഷ്മി വീണ്ടും ബാത്ത് റൂമിലെ മച്ചിനെ ധ്യാനിക്കാന്‍ തുടങ്ങിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org