ജപമാല

ജപമാല

ഉരുളുന്ന ജപമാല മണികളില്‍ ചേര്‍ത്തെന്റെ

സഹനങ്ങളെ ഞാന്‍ മറന്നിരുന്നു.

അമ്മതന്‍ വാത്സല്യ മുത്തുകള്‍ പോലത്

ആശ്വാസമെന്നില്‍ നിറച്ചിരുന്നു.

കാര്‍മുകില്‍ മൂടിയെന്‍ മാനസ കോവിലില്‍

ആശാകിരണം തെളിച്ചിരുന്നു.

വെയിലേറ്റു വാടിത്തളരുമ്പോളെന്നുള്ളില്‍

കുളിര്‍ത്തെന്നലായി

നിറഞ്ഞിരുന്നു.

കൂട്ടുകാരൊന്നിച്ചു ജപമാലയുമേന്തി

പള്ളിയില്‍ പോയൊരു ബാല്യകാലം

നൊമ്പര പൂക്കളാല്‍ അമ്മതന്‍ പാദത്തില്‍

പൂമഴയൊന്നു ഞാന്‍ തീര്‍ത്തിരുന്നു.

നിറമിഴിയാലെന്റെ ദുഃഖങ്ങളൊക്കെയും

അമ്മതന്‍ നെഞ്ചോടു ചേര്‍ത്തിരുന്നു.

നന്മകള്‍ കെട്ടോരിരുളിന്റെ പാതയില്‍

വഴി വിളക്കായിന്നു മാറിടട്ടേ

കാറ്റിലും കോളിലും ആടിയുലയുമ്പോള്‍

കരപറ്റാന്‍ കനിയുന്ന നാളമായി

സുന്ദര സ്വപ്നത്തിന്‍ തീരമണയുവാന്‍

നേരിന്റെ തോണിയായ് മാറിടട്ടെ

ഇരുതലയുള്ളൊരു വാളിന്‍ മുനപോലെ

ശക്തമാം ആയുധമായിടട്ടെ

കപടമീ ലോകത്തിന്‍ കുഴികളില്‍ വീഴാതെ

കവചമായ് ജപമാല മാറിടട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org