കഥ : ഫ്രാന്‍സിസ് തറമേല്‍
ഒരിടത്ത് ഒറ്റപ്പെട്ടു പോയ അന്ധനായ മനുഷ്യന്‍ അയാള്‍ക്ക് വല്ലാതെ വിശന്നു. അപ്പോള്‍ അയാള്‍ ഓര്‍ത്തു താനൊരു വൃക്ഷത്തണലിലാണ് ഇരിക്കുന്നത്. ചുട്ടുപൊള്ളുന്ന നീറ്റല്‍ സ്വന്തമായി എടുത്ത് അരികില്‍ എത്തുന്നവര്‍ക്ക് കുളിരുതരുന്നു മരങ്ങള്‍. ദൈവസ്‌നേഹം പോലെ... തന്റെ വിശപ്പിന് എന്തെങ്കിലും ഒരു ഫലം ഈ മരത്തിനു മുകളില്‍ ഉണ്ടാകുമെന്ന് അയാളുടെ മനസ്സു പറഞ്ഞു. പ്രാര്‍ത്ഥനയോടെ ദൈവത്തില്‍ ഉന്നംവച്ചയാള്‍ ഫലങ്ങള്‍ ലക്ഷ്യം വച്ച് എഴുന്നേറ്റു.
കയ്യിലിരുന്ന അയാളുടെ ഊന്നുവടി കറക്കി വീശി മുകളിലേക്ക് എറിഞ്ഞു. അപ്പോള്‍ മരത്തില്‍ നിന്നും അതിന്റെ ഫലങ്ങള്‍ താഴെ വീഴുന്ന ശബ്ദം അയാള്‍ കേട്ടു. പെട്ടെന്നാണ് അയാള്‍ ആ സത്യം ഓര്‍ത്തത്. സ്വന്തം വയറിന്റെ വിശപ്പിന് ആവശ്യമായ വകയ്ക്കുവേണ്ടി, പ്രാണന്‍ ഉള്ളിടത്തോളം തുണയാകേണ്ട ഊന്നുവടിയാണ് എറിഞ്ഞു കളഞ്ഞത്. കണ്ണുകളില്‍ വെളിച്ചമില്ലാത്ത തനിക്ക് ഇനിയത് നേടിയെടുക്കുക പ്രയാസം തന്നെ.
വീണ്ടും ആ മനുഷ്യന്‍ ദൈവത്തില്‍ ശരണംതേടി. വിശപ്പു മറന്ന്. ആദിയോടെ അയാള്‍ ഊന്നുവടി തപ്പി തടഞ്ഞു തേടി നടക്കുമ്പോള്‍ താഴെ വീണു കിടക്കുന്ന വിശപ്പിനുള്ള വകയായ ഫലങ്ങളില്‍ തന്റെ ചവിട്ടേല്‍ക്കുന്നത് അറിഞ്ഞു. എന്നിട്ടും അതൊന്നും വകവയ്ക്കാതെ അയാള്‍ ഉള്ളില്‍ പറഞ്ഞു, ഇപ്പോള്‍ സ്വന്തം വിശപ്പിനു വേണ്ടതല്ല തനിക്ക് ആവശ്യം.
ഇതുവരെ കൂട്ടായതും ഇനിയങ്ങോട്ട് തന്നെ നടത്തേണ്ടതും ആയ ഊന്നുവടിയാണ്. സങ്കടത്തോടെ. ആ മനുഷ്യന്‍ ദൈവത്തോട് തേടിയപ്പോള്‍, ആരോ മുന്നിലേക്കു നീട്ടിയതു പോലെ അയാള്‍ക്ക് ആ ഊന്നുവടി സ്വന്തമായി. അപ്പോള്‍ കുഞ്ഞൊരു പ്രഭ അയാളുടെ കണ്ണുകളില്‍ മിന്നി. മങ്ങിയ വെളിച്ചത്തില്‍ അയാള്‍ ആ കാഴ്ച കണ്ടു.
ചെറിയൊരു ബാലന്‍ താഴെ താന്‍ ഇരുന്നിരുന്ന വൃക്ഷത്തിനു മുകളിലിരുന്ന് മരച്ചില്ലകള്‍ കുലുക്കി മൂത്ത് പഴുത്ത പഴങ്ങള്‍ താഴേക്ക് വീഴ്ത്തുന്നു. എന്നിട്ട് അവന്‍ മരത്തില്‍ നിന്നും താഴെയിറങ്ങി. താഴെ വീണ് ഉടയാത്ത പഴങ്ങള്‍ നോക്കി പെറുക്കിയെടുത്ത് അതു മുഴുവനും അയാള്‍ക്ക് സമ്മാനിച്ചു. സ്വന്തം അധ്വാനത്തിന്റെ ഒരു കുഞ്ഞുപങ്കുപോലും പറ്റാതെയും ഒരു നന്ദി വാക്കിന് ചെവി തരാതെയും അവന്‍ ഓടിപ്പോയി.
അവിടെ ആ മനുഷ്യന്‍ ദൈവത്തെ കണ്ടു. വെളിച്ചം നിറഞ്ഞ കണ്ണുകള്‍ അയാള്‍ക്കു സ്വന്തമായി. പ്രകാശം നിറഞ്ഞ കണ്ണുകള്‍ സുന്ദരങ്ങളായ കാഴ്ചകള്‍ ഏറെ സമ്മാനിച്ചപ്പോഴും ഊന്നുവടിയുടെ ജീര്‍ണ്ണിച്ച ഭാഗങ്ങള്‍ ബലപ്പെടുത്തുവാനും മുഷിവുകള്‍ മിനുസപ്പെടുത്തുവാനും അയാള്‍ കൊതിച്ചു....