'പ്രളയത്തെ പ്രണയിച്ച ദൈവം'

2018-ന്റെ ഒരോര്‍മ്മ പുതുക്കല്‍
'പ്രളയത്തെ പ്രണയിച്ച ദൈവം'
  • ജോസഫ് മണ്ഡപത്തില്‍

ചുരുളഴിയുന്നൊരു നഗ്നസത്യത്തിന്‍

തലക്കെട്ടാണിന്നൊരു വിരോധാഭാസമെങ്കിലും

അടര്‍ന്നവസാനിച്ചുപോയീ എല്ലാമെല്ലാം

ഞൊടിയിടയില്‍ ഒരു ശ്വസനത്തിനവസരം പോലുമേകാതെ

കണക്കെടുക്കുക എളുതല്ലല്ലോ അവതന്‍

കണക്കുകള്‍, അനുഭവങ്ങള്‍ നഗ്നസത്യങ്ങള്‍

തുടച്ചു നീക്കപ്പെടില്ലെ നമ്മള്‍തന്‍ സമൂഹത്തെ

മറ്റൊരു 'നോഹ'തന്‍ പെട്ടക കാഴ്ചപോല്‍

ക്ഷിപ്രകോപത്തിനിടം നല്കിയില്ലേ നമ്മള്‍

ദൈവത്തെയൊരു പരീക്ഷണോപാധിയാക്കി മാറ്റിക്കൊണ്ട്.

ദൈവത്തെ കരുതുവാനായ്, അനുഭവിക്കാനായ്

അവനേകിയൊരു വരദാനമല്ലേയീപ്രളയം?

നമ്മള്‍ തന്‍ സംശുദ്ധിക്കായ് ദൈവം നമുക്കേകിയ-

മഹത്തായൊരനുഗ്രഹമല്ലേയീപ്രളയം?

അന്യോന്യം സ്‌നേഹത്തോടധിവസിക്കുവാനായ്

ദൈവം നമുക്കേകിയൊരനുഭവമല്ലേയീ പ്രളയം...?

ദൈവമത്രമേല്‍ പ്രണയിച്ചിരുന്നീ പ്രളയത്തെ

സാഹോദര്യമെന്തെന്ന് 'കാണിച്ചുതന്നില്ലേയീ പ്രളയം

സഹനമെന്തെന്നു പഠനമേകിയില്ലേയീപ്രളയം

ഈ ലോകത്തിന്‍ അഹന്തകളെ ഉന്മൂലനം ചെയ്തില്ലേയീപ്രളയം

ജാതിമതഉച്ഛനീചത്തങ്ങളെ വേരോടെ പിഴുതെറിഞ്ഞില്ലേയീപ്രളയം

അവയ്‌ക്കെല്ലാമൊരവധി കൊടുത്തില്ലേയീപ്രളയത്താല്‍

പ്രളയത്തെ പ്രണയിച്ചൊരു നല്ലൊരു ദൈവമല്ലേ അവന്‍?

യാചിച്ചൂ നമ്മളൊരപ്പക്കഷണത്തിന്നായ്

ഒരിറ്റു ശുദ്ധജലത്തിന്നായ് എത്രത്തോളം.

പണ്ഡിതനെന്നോ, പാമരനെന്നോ, ധനവാനെന്നോ,

ദരിദ്രനെന്നോ വേര്‍തിരിവില്ലാതെ വ്യത്യാസമില്ലാതെ

അന്നന്നുവേണ്ടുന്ന ഭോജ്യത്തിന്‍ രുചി വീണ്ടുമറിഞ്ഞില്ലേയീ പ്രളയത്താല്‍

സംശുദ്ധീകരണത്തിന് കടിഞ്ഞാണ്‍ പിടിച്ച ദൈവം

നന്ദിയേകുവാനവസരമേകിയില്ലേയീപ്രളയത്താല്‍

അരുതേയിനരുതേയീ ദൈവപ്രകോപനം

ദൈവത്തെ വീണ്ടുമൊരു കോപാഗ്നിയിലാഴ്ത്തീടല്ലെ.

നമുക്കു പാര്‍ക്കാമീധന്യഭൂവില്‍ ധന്യരായ് നന്ദിയോടെ.

ഇനിയിത്ര കഠിനമാമിനിയൊന്നാവര്‍ത്തിക്കാതിരിക്കട്ടെ

അതിന്നായ് പ്രാര്‍ത്ഥിപ്പൂ ജഗല്‍പിതാവിന്‍ സമക്ഷം നമ്മള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org