
പണ്ടൊരിക്കല്‍ ഒരു ഗുരുവിന്റെ കീഴില്‍ മൂന്ന് ശിഷ്യന്‍മാര്‍ വിദ്യാഭ്യാസം നേടാന്‍ വന്നു. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ പഠനം കഴിഞ്ഞ് അവര്‍ തിരിച്ച് പോകാന്‍ ഒരുങ്ങുകയായിരുന്നു. ആ സമയം ഗുരു അവരോട് പറഞ്ഞു: ''നിങ്ങള്‍ എല്ലാവരും വളരെ നന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇനി വളരെ പ്രധാനപ്പെട്ട അവസാന പരീക്ഷ കൂടിയുണ്ട്. അതിനായി നിങ്ങള്‍ നന്നായി ഒരുങ്ങണം.'' അവര്‍ അതിന് സമ്മതിച്ചു.
അവര്‍ 3 പേരും അങ്ങനെ തങ്ങളുടെ ഭാണ്ഡക്കെട്ടുകളും എടുത്ത് പുറപ്പെടാന്‍ ഒരുങ്ങി. മൂന്ന് പേര്‍ക്കും ഒരു കാട് മറികടന്നുവേണം പോകാന്‍. അവര്‍ കാട് കടക്കാന്‍ ഒരുങ്ങവേ, ഒരു ഇടുങ്ങിയ വഴിയിലെത്തി. അവിടെ നിറയെ മുള്ളുകള്‍ കിടക്കുന്നു ണ്ടായിരുന്നു. ഒന്നാമന്‍ അതിന് അപ്പുറം ചാടിക്കടന്നു. രണ്ടാമന്‍ വേറെ വഴിയേ അപ്പുറം കടന്നു. എന്നാല്‍ മൂന്നാമന്‍ ആ മുള്ളുകള്‍ പെറുക്കിക്കളയാന്‍ തുടങ്ങി.
ഇതു കണ്ട് ഒന്നാമന്‍ പറഞ്ഞു: ''നീ എന്താ ഈ ചെയ്യുന്നത്? നേരം ഇരുട്ടിത്തുടങ്ങി. ഈ കാട്ടില്‍ നിറയെ ഹിംസ്ര ജന്തുക്കള്‍ ഉണ്ട്. അവ ആക്രമിക്കും മുമ്പ് നമുക്ക് ഇവിടം കടക്കണം. അതുകൊണ്ട് മുള്ളുപെറുക്കി സമയം കളയാതെ വേഗം വാ.'' മൂന്നാമന്‍ പറഞ്ഞു, ''പകലായിരുന്നെങ്കില്‍ ആപത്തില്ലായിരുന്നു. ഇതിലെ കടന്നുപോകുന്നവര്‍ മുള്ളുകള്‍ കണ്ടനെ. എന്നാല്‍ നമ്മള്‍ പോയ് കഴിയുമ്പോഴേക്കും നല്ല ഇരുട്ടായിരിക്കും. പിന്നെ ആര്‍ക്കും മുള്ളുകള്‍ കാണാന്‍ കഴിയില്ല.
നമ്മെ പിന്‍തുടര്‍ന്നു വരുന്നവരെക്കുറിച്ചോര്‍ ക്കാതെ നാം മുന്നോട്ട് പോയാല്‍ നമ്മുടെ വിദ്യാഭ്യാസത്തിന് അര്‍ഥം ഉണ്ടോ? നിങ്ങള്‍ പൊയ്‌ക്കോളൂ. ഞാന്‍ സാവധാനത്തില്‍ വരാം.'' ഒടുവിലായി മൂന്നാമന്റെ യാത്ര. ഈ സമയം കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഗുരു പുറത്തേക്ക് വന്നു. ആ വഴിയില്‍ മുള്ളുകള്‍ ഇട്ടത് അദ്ദേഹമായിരുന്നു. അതായിരുന്നു അവസാന പരീക്ഷ.ആ പരീക്ഷയില്‍ ആദ്യത്തെ രണ്ടുപേര്‍ പരാജയപ്പെടുകയും, മൂന്നാമന്‍ വിജയിക്കുകയും ചെയ്തു.