പുല്‍ക്കൂട്

പുല്‍ക്കൂട്
  • അഡ്വ. ജോസ് ഡേവിസ് കാഞ്ഞിരപ്പറമ്പില്‍, അയ്യന്തോള്‍

ആരാണീ പാതിരാവില്‍ റാന്തല്‍ വെളിച്ചവുമായി ഇങ്ങോട്ട് വരുന്നത്, ഇടയനുറങ്ങി നാഴികയേറെ ആയിക്കാണുമല്ലോ.

വെളിച്ചത്തിന്റെ ചീന്തുകളില്‍ തെളിഞ്ഞു കാണ്മതൊരു യുവതിയും പ്രിയതമനും.

എന്തേയീ ദേവീരൂപത്തിന് നിലാവിനേക്കാള്‍ തേജസ്സ്!

ഇവരെന്താണിവിടെ എന്റെ കിടപ്പിടത്തില്‍ ചുരുണ്ടുകൂടുന്നത്. വഴിപോക്കര്‍ക്ക് പാര്‍ക്കാന്‍ സത്രങ്ങളേതുമില്ലേ? തുണിക്കീറുകളും പുല്‍നാമ്പുകളും ചേര്‍ത്തുവച്ചിവര്‍ ഒരു കിടക്കയുണ്ടാക്കുകയാണോ?

അടക്കിയ തേങ്ങലുകള്‍ക്കും ഇടറിയ ഞരക്കങ്ങള്‍ക്കുമപ്പുറം, ദാ ഒരു ശിശുവിന്‍ ആദ്യസ്വനങ്ങള്‍!

ഇന്നെന്താ വിണ്ണിലെ താരങ്ങള്‍ക്കിത്ര ശോഭ, താരകങ്ങള്‍ നോക്കി വരും ജ്ഞാനവര്യന്മാര്‍ ഉണ്ണിക്ക് മുന്‍പില്‍ മുട്ടുകുത്തുന്നല്ലോ!

പൊന്നും മീറയും കുന്തിരിക്കവും കാഴ്ചവയ്ക്കും ജ്ഞാനികളെ ശിശു കടാക്ഷിക്കുന്നുവോ?

ഈ ശിശുവാണോയിനി ഇടയന്‍ പറഞ്ഞ ആ പ്രജാപതി!

അവനെ കുമ്പിട്ട്

ആരാധിക്കാം

അവനാണ് ദൈവം

ഞാന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്?

ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? (ലൂക്കാ 9:20)

രണ്ടാമത്തെ ചോദ്യം നമ്മള്‍ ഓരോരുത്തരോടുമാണ്.

അവന്‍ ഒരു പ്രവാചകന്‍ ആണെന്നു പറയാന്‍ എളുപ്പമാണ്. കാരണം മുമ്പും അനേകം പ്രവാചകന്മാര്‍ പല നല്ല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.

അവരേക്കാള്‍ വ്യക്തമായി അവന്‍ പറയുന്നുണ്ട്, പ്രവര്‍ത്തിച്ച് കാണിക്കുന്നുമുണ്ട്. പക്ഷേ, അവനെ ദൈവമെന്നു ഞാന്‍ എങ്ങനെ വിളിക്കും.

എന്റെ സങ്കല്‍പ്പത്തിലെ ദൈവം ഇത്ര ചെറുതല്ല. ഞാന്‍ ആശ്രയിക്കുന്ന ദൈവം ബലഹീനനും അല്ല.

അകലങ്ങളില്‍ ആയിരിക്കുന്ന ദൈവത്തോട് പ്രാര്‍ത്ഥിക്കാനാണ് എല്ലാ കാലത്തും മനുഷ്യന് ഇഷ്ടം. മൈലുകള്‍ താണ്ടി, വര്‍ഷത്തിലൊരിക്കല്‍ ഓരോ യഹൂദനും ജെറുസലേം ദൈവാലയത്തില്‍ പോയിരുന്നു, ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍.

യഹൂദരുടെ ദൈവം വസിച്ചിരുന്നത് അവിടെ ആയിരുന്നു.

ഇവിടെയിതാ ഒരു ചെറുപ്പക്കാരന്‍ പറയുന്നു 'ഞാനാണ് സത്യം' എന്ന്!

പഴയ നിയമത്തില്‍, മോശ നിന്റെ പേരെന്താണ് എന്ന് ചോദിച്ചപ്പോള്‍ 'ഞാനാണ്' എന്നായിരുന്നു മറുപടി (പുറ. 4:14).

കുഷ്ഠരോഗിയോടും വേശ്യകളോടുമൊപ്പം സഞ്ചരിക്കുന്നവന്‍, രോഗികളെ സൗഖ്യപ്പെടുത്തുന്നു എങ്കിലും സാബത്തു ലംഘിക്കുന്നവന്‍.

മരിച്ചവരെ പോലും ഉയിര്‍പ്പിച്ചവന്‍ എങ്കിലും കുഞ്ഞാടിനെ പോലെ സ്വയം മരണത്തിന് കീഴടങ്ങിയവന്‍.

നമ്മുടെ ദൈവസങ്കല്‍പ്പങ്ങള്‍ക്കും ധാരണകള്‍ക്കും അതീതമായിരുന്നു അവന്റെ ഓരോ ചലനവും.

അരൂപിയായ ദൈവത്തെ കാണാന്‍ ആഗ്രഹിച്ച പീലിപ്പോസ് (യോഹ. 14:8) നമ്മുടെ പ്രതിനിധിയാണ്.

എന്നാല്‍ ഓരോ കാഴ്ചയും അവരെ കൂടുതല്‍ അവിശ്വാസ ത്തിലേക്കാണ് നയിച്ചത്.

സാബത്തില്‍ രോഗശാന്തി നല്‍കാമോ എന്ന് തര്‍ക്കിച്ചവര്‍.

പാപങ്ങള്‍ മോചിക്കാന്‍ ദൈവത്തിനു മാത്രമല്ലേ അധികാരമുള്ളൂ എന്ന് വാദിച്ചവര്‍.

ഒടുവില്‍ അവന്റെ മുഖത്ത് നോക്കി പീലാത്തോസ് ചോദിക്കുന്നു എന്താണ് സത്യം എന്ന് (യോഹ. 18:38).

മറുപടി വാചാലമായ മൗനം ആയിരുന്നു.

സത്യം അറിയാത്തവന് അധികാരി ആയിരിക്കാന്‍ അവകാശമുണ്ടോ.

നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആണെന്ന് പത്രോസും, ദൈവം നിന്റെ കൂടെ ഉണ്ടെന്ന് നിക്കോദെമൂസും, ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ നീതിമാനായിരുന്നു എന്ന് ശതാധിപനും പറയുന്നുണ്ട്.

എന്നാല്‍ അവനെ 'ദൈവം' എന്ന് ആദ്യമായി വിളിച്ചത് നമ്മുടെ പിതാവായ തോമാശ്ലീഹാ ആണ്.

യോഹന്നാന്‍ സുവിശേഷം ആരംഭിക്കുന്നതു തന്നെ 'അവനാണ് ദൈവം' എന്ന് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടാണ്.

പൗലോസ് ആതെന്‍സിലെ അരെയോപ്പാഗസില്‍ പറഞ്ഞു നിങ്ങള്‍ ആരാധിക്കുന്ന അജ്ഞാതദേവനെ ഞാന്‍ കണ്ടു എന്ന്.

നമ്മുടെ കാഴ്ചയുടെ പരിമിതിക്കുള്ളില്‍ ദൈവം ഇറങ്ങി വരുന്നതാണ് ക്രിസ്മസ്.

നമ്മുടെ സന്തോഷങ്ങളും, സങ്കടങ്ങളും ആഗ്രഹങ്ങളും പൊന്നായും മീറയായും കുന്തിരുക്കമായും അവന് കാഴ്ചയര്‍പ്പിക്കാം.

അറിയുന്നവനെ ആരാധിക്കുന്നവരാകാം.

കാരണം, അവനാണ് ദൈവം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org