ചെന്നിത്തല ഗോപിനാഥ്
രണ്ടു സഹസ്രാബ്ദം പിന്നിട്ടു ഭൂമുഖം
യേശുമഹേശന്‍ പിറന്നിട്ടു മര്‍ത്ത്യനായ്
അന്യം ഭവിക്കാത്ത വചനങ്ങളാലെന്നും
അപരന്റെ ഹൃദിലെ ദീപം തെളിക്കുവാന്‍
അലയാഴിയില്‍ വലയെറിയും നിരക്ഷര
ജന്മങ്ങളെയോര്‍ത്തു ഹൃദയം തപിച്ചപ്പോല്‍
ആയവര്‍ക്കുള്ളം കുളിര്‍ക്കുവാന്‍ പ്രത്യാശ
വചനങ്ങള്‍ ഓതിക്കൊടുത്തെന്നും വന്ദ്യമായ്
ഇടയവര്‍ഗങ്ങള്‍ക്കു വഴികാട്ടിയായ് ചെന്ന്
മരുഭൂവിലും രക്ഷചൊരിയും മാര്‍ഗിയായ്
അന്ധര്‍ക്കുമവശര്‍ക്കും ഒരുപോലെ തന്‍ കരം
അഭയം ചൊരിഞ്ഞവനായിരുന്നു ഭവന്‍.
ആരാധനാലയം ചൂതാട്ട കേന്ദ്രമായ്
ആഭാസ വൃത്തിയിലാഴ്ത്തിയ ഭോഷരെ
ചമ്മട്ടി ഏന്താതെ സല്‍പ്രഘോഷങ്ങളാല്‍
ചലനാത്മ പാതയില്‍ വഴി നയിച്ചെന്നും.
കള്ളപ്രമാണങ്ങള്‍ ഉരുവിടും വേദിയില്‍
കാതോര്‍ത്തു കാവലായ് നിത്യം തിരുത്തുവാന്‍
സത്യധര്‍മ്മങ്ങളെ ഓതിക്കൊടുക്കുവാന്‍
സന്മാര്‍ഗ പാതയില്‍ വഴിവിളക്കായെന്നും
രണ്ടായിരം വര്‍ഷം പിന്നിട്ട ഇന്നിന്റെ
പാതയില്‍ നാമൊന്നു പിന്‍തിരിഞ്ഞോര്‍ക്കണം
ഇക്കണ്ടതെല്ലാം വിജയം വരിച്ച നാം
പരാജയമൂല്യങ്ങള്‍ കൂര്‍മ്മം ചിന്തിച്ചുവോ?
ഭൂമുഖ വീഥിയില്‍ മാത്രം മനുഷ്യനാല്‍
ആധിപത്യം പൂണ്ടുവാഴാന്‍ സൃഷ്ടാവിന്റെ
കല്പന പേറിയ മര്‍ത്ത്യന്‍ ദുരമൂത്ത്
പുണ്യഗ്രഹങ്ങളെ വരുതിയിലാഴ്ത്തുവാന്‍
പൂര്‍ത്തീകരിക്കാതെ ഭൂവിതില്‍ ശേഷിക്കും
എത്രയോ മുഖ്യമാം കര്‍മ്മങ്ങള്‍ ഓര്‍ക്കാതെ
ചന്ദ്രനില്‍ രാപാര്‍ക്കാന്‍ മോഹം തുടിക്കുന്ന
അന്ധതയോര്‍ക്കവേ ഊറിച്ചിരിച്ചുപോയ്.
മുല്ലപെരിയാറിന്‍ ഗര്‍ഭാശയത്തിലായ്
ഒരു നൂറു പിന്നിട്ട സമ്മര്‍ദ സാക്ഷ്യത്തെ
ഒരു രാത്രിയെങ്ങാനും അടിവയര്‍ചിന്തിയാല്‍
ഇകൊച്ചുകേരളം ധ്രുവീകരിച്ചുപോം!
ഈ വ്യക്തസാക്ഷ്യത്തില്‍ കണ്ണിമചിമ്മുവാന്‍
ശാസ്ത്രലോകത്തിന് മൂഢതയെന്തിനായ്
സ്വാര്‍ത്ഥ മോഹം വെടിഞ്ഞൊരു വേളയെങ്കിലും
നിഷ്‌ക്കാമമായൊന്നു സൂക്ഷ്മം വരിക്കണം.