ജിതിന്‍ ജോസഫ്
ഓര്‍മ്മയിലൊരുപിടി മരങ്ങളുണ്ട്
പക്ഷേ അവയെല്ലാം ഒറ്റമരങ്ങള്‍
ഓര്‍മ്മയിലൊരുപിടി തണലുകളുണ്ട്
പക്ഷേ അവയെല്ലാം ഒറ്റമരത്തണലുകളും.
പെയ്തിറങ്ങുമ്പോള്‍ പൊന്‍നൂലിഴ
തലതല്ലി കലിതുള്ളി
ഒഴുകിതുടങ്ങുമ്പോള്‍
അത് കണ്ണീര്‍പുഴ,
മഴച്ചാര്‍ത്തിനൊടുവില്‍
ബാക്കിപത്രങ്ങള്‍
കുറെ ഒറ്റമരപ്പെയ്ത്തുകളും.
ഇടവും വലവും ഇടംപോയവര്‍
ഉറ്റവരെവിടെ ഉടയവരെവിടെ
ചിലരിലല്‍പ്പം ഉയിരുമാത്രം
അവര്‍ക്കെല്ലാം ഇനി ഒറ്റമരപ്പെയ്ത്ത്
ഉണ്ണാനെത്താത്തവര്‍
ഉറക്കംപിടിച്ചവര്‍
ഉണര്‍ന്നിരുന്നവര്‍
ഇനിയും ഉറക്കംനടിക്കുന്നവര്‍
ഉള്ളുപൊട്ടലില്‍ ഉള്ളംതകര്‍ന്നവര്‍
അവര്‍ക്കെല്ലാം ഇനി ഒറ്റമരപ്പെയ്ത്ത്
ഉണ്ണിക്കൊരുമ്മ കൊടുക്കുവാനിന്നമ്മയില്ല
അമ്മക്ക് കൂട്ടിനാളില്ല
തട്ടിതടഞ്ഞ് ഒട്ടിഉരുമ്മിയ
നാല്‍ക്കാലികള്‍ക്കിന്ന് ആരുമില്ല
അവര്‍ക്കെല്ലാം ഇനി ഒറ്റമരപ്പെയ്ത്ത്.
പലതുള്ളി പെരുവെള്ളത്തില്‍
മരണത്തിന്റെ ചൂളംവിളിയില്‍
എങ്ങും നിലവിളികള്‍ മാത്രം
ഒരു മുറിവുണക്കിയും ഇനി
ഒരു കാലവും അവരുടെ മുറിവുണക്കില്ല.
അവര്‍ക്കെല്ലാം ഇനി ഒറ്റമരപ്പെയ്ത്ത്.
ഓര്‍മ്മയിലൊരുപിടി മരണങ്ങളൂണ്ട്
പക്ഷേ അവയെല്ലാം അകാലമരണങ്ങളും
ഓര്‍മ്മയിലൊരുപിടി ജീവിതങ്ങളുണ്ട്
പക്ഷേ അവയെല്ലാം ഇനി
ഒറ്റമുറി ജീവിതങ്ങളും.