
വാതിലും വാതായനവുമൊന്ന്
മേല്‍ക്കൂരയു, മാകാശവും മറ്റൊന്ന്
നടപ്പിനു,മിരിപ്പിനും കിടപ്പിനും
വെപ്പിനു,മുണ്ടൊരു സ്ഥലം
ഒരേ ഒരു മുറി പാര്‍പ്പിടം
ആരോ ഒരു വൃദ്ധന്‍ പാര്‍ക്കുന്നു
സമര്‍പ്പിത ജനസേവകന്‍, നായകന്‍
തന്റെ മരണമവിടെത്തന്നെ
എന്നോര്‍ത്തിരുന്ന അയാളെ
ഭയ,ന്നേമാന്മാ, രൊരു ദിനം ചെന്നത്
രണ്ട് വണ്ടി പൊലീസുമായ്
ധാര്‍മ്മിക ധീരനാം വയോധികന്‍
അക്രമ,മരുതെന്ന് വിലക്കി അനുയായിവൃന്ദത്തെ
കശ്മല,രയാളെ പിടിച്ചോണ്ടു പോകെ
അയല്‍വീടുകളില്‍ കൂട്ടക്കരച്ചില്‍
വിലങ്ങുവെച്ചു വണ്ടിയില്‍ കയറ്റി
മെരുക്കല്‍ ക്യാമ്പിലേയ്ക്ക്
ചോദ്യം ചെയ്യാന്‍ കൊണ്ടുപോയ്
അടിച്ചു, മിടിച്ചും തൊഴിച്ചും ഉരുട്ടിയും
ചവിട്ടി, ച്ചോര തുപ്പിച്ചു,മവരയാളെ
തുടര്‍ച്ചയായ് പീഡിപ്പിച്ചു രസിച്ചു
എന്നാ,ലയാളില്‍ വസിക്കും
യേശുവെല്ലാ മര്‍ദ്ദനവും ക്രൂരതയും
ഏറ്റതും ക്ഷമിച്ചതും മൗനിയായ്
''ഇയാളൊരു ഭീകരന്‍, രാജ്യദ്രോഹി
ഇവിടെക്കിടന്നു ചാകട്ടെ'' എന്നു
ചൊല്ല,യവര്‍ പാവത്തെ തടവിലിട്ടു
പാര്‍ക്കിന്‍സണ്‍ രോഗിയാ,മയാള്‍ക്ക്
കഞ്ഞി കുടിക്കാനൊരു കയില്‍ പോലും
നിഷേധിച്ചവര്‍ നിരന്തരം പീഡിപ്പിച്ചോണ്ടിരുന്നു
ഒരു പ്രഭാതത്തില്‍ കുഞ്ഞിക്കിളികള്‍
ചിലച്ച,തയാള്‍ കേട്ടില്ല
മൃതദേഹമടക്കം ചെയ്ത ഒറ്റമുറിവീട്
ആളുകള്‍ക്ക് പവിത്ര സ്ഥാനമായ് മാറി
യേശുവിന്റെ കരുണാര്‍ദ്രച്ചിരി
ഇപ്പഴുമവിടെ കേള്‍ക്കാമത്രേ!
കൊലച്ചിരിയു,മായവിടെയെത്തും
പടയാളികള്‍ രാപകല്‍ കാവല്‍
ദേഹത്ത് ബാധ കയറുമെന്ന് വിശ്വസിച്ച്
അധികാരികളങ്ങോട്ടില്ല
അടിസ്ഥാനരഹിതമാം പ്രേതപ്പേടി
മാറുന്നില്ല,വര്‍ക്ക് കഷ്ടം!
മരണാനന്തര,മധികശക്തി,യാര്‍ജിച്ച്
യേശുവായ് മാറി,യയാള്‍
ഊണു,മുറക്കവു,മുപേക്ഷിച്ച്
സ്വന്തം ജനത്തെ ശാസിച്ചും
തിരുത്തിയും പഠിപ്പിച്ചും സ്‌നേഹിച്ചും മാതൃകയായ് ജീവിക്കുന്നു.
കുറിപ്പ്: ഈയിടെ അന്തരിച്ച പ്രഗത്ഭചിത്രകാരന്‍ മനോജ് ഒറ്റപ്ലാക്കലിന്റെ The Room എന്ന രചന കണ്ടിട്ടെഴുതിയത്