
മക്കള്‍ ഞങ്ങള്‍ മൂന്നുപേരും വളര്‍ന്നു. തൊഴില്‍ തേടി മൂന്നു രാജ്യങ്ങളില്‍. പപ്പയും മമ്മിയും നാട്ടില്‍. വാര്‍ധക്യത്തില്‍ അവരെ സംരക്ഷിക്കേണ്ടവര്‍ ഇന്ന് വിദേശത്ത്. പപ്പയ്ക്കും മമ്മിക്കും നല്ല പെന്‍ഷന്‍ ഉണ്ട്. മക്കളുടെ പണമൊന്നും അവര്‍ക്ക് ആവശ്യമില്ല. എന്നാലും വാര്‍ധക്യത്തില്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പോലും ഈ മക്കളെകൊണ്ട് ഒരു സഹായവുമില്ലാതെ പോയി.
മൊബൈലില്‍ റിങ് കേട്ടാണ് ജോമോന്‍ ഞെട്ടി ഉണര്‍ന്നത്. സമയം വെളുപ്പിന് 4.15. 'ങേ... പപ്പയാണല്ലോ... എന്തുപറ്റിയോ' ഉദ്വോഗത്തോടെ അയാള്‍ വിളിച്ചു. 'പപ്പ... എന്താ പപ്പാ' ...മറുഭാഗത്തു നിന്നും വിറയാര്‍ന്ന വളരെ പതിഞ്ഞ ശബ്ദം. 'ജോ... ജോമോനല്ലേ.' 'അതേ പപ്പാ... എന്തു പറ്റി'. 'മോനെ... മമ്മി...' 'മമ്മി... മമ്മിക്ക് എന്തു പറ്റി.' 'പോയെടാ... മമ്മി... പോയി... എന്റെ... ആനി... പോയി... നിങ്ങടെ... മമ്മി... ഷി... ഈസ്... നോ... മോര്‍...'
ജോമോന്‍ ഇടിവെട്ടേറ്റതു പോലെ നിശ്ചലനായി. 'മമ്മീ...' അതൊരു ആര്‍ത്തനാദമായിരുന്നു. ജോമോന്റെ കയ്യില്‍ നിന്നും ഫോണ്‍ താഴെ വീണു. ശബ്ദം കേട്ട് അയാളുടെ ഭാര്യ ജെസ്സി ഉണര്‍ന്നു. അവര്‍ സംസാരം എല്ലാം കേട്ടിരുന്നു. പപ്പ ഫോണ്‍ കട്ട് ചെയ്തിരുന്നില്ല. അവര്‍ ഫോണ്‍ എടുത്തു. 'ഹലോ പപ്പാ... എന്താ ഉണ്ടായത്.' അവര്‍ ചോദിച്ചു.
'പാതിരാ കഴിഞ്ഞപ്പോള്‍ വല്ലാത്ത വിമ്മിട്ടവും തളര്‍ച്ചയും. ഹോസ്പിറ്റലില്‍ പോകാമെന്ന് ഞാന്‍ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. കുറച്ചു വെള്ളം കൊടുത്തു. കുറച്ചു സമയം വെയിറ്റ് ചെയ്തു. കുറഞ്ഞില്ല. നിര്‍ബന്ധിച്ചു കാറില്‍ കയറ്റി. ഞാന്‍ ഹോസ്പിറ്റലില്‍ കൊണ്ടുവന്നു. അവര്‍ അപ്പോള്‍ തന്നെ ഐ.സി.യുവിലാക്കി. സീരിയ്‌സ് അറ്റാക്ക് ആണെന്നു പറഞ്ഞു. ഷുഗര്‍ ഉള്ളതുകൊണ്ട് തീവ്രത അറിഞ്ഞില്ല. ഞാന്‍... ബില്ല്... പേ... ചെയ്യാന്‍... ഒക്കെ... ഓടി... നടന്നു. ഇപ്പോള്‍ അവര്‍.... എന്നോട് പറഞ്ഞു... കയറി... കണ്ടോളൂ... കഴിഞ്ഞു... ഇനി ഒന്നും ചെയ്യാന്‍ ഇല്ലെന്ന്...' പപ്പ തേങ്ങി കരഞ്ഞു കൊണ്ടിരുന്നു.
ജോമോന്‍ പൊടുന്നനെ അഞ്ചു വയസ്സുള്ള കുട്ടിയായി മാറി. അയാളുടെ ഓര്‍മ്മകള്‍ ചെറുപ്പത്തിലേക്കു ഊളിയിട്ടു. മമ്മിയുടെ സാരിത്തുമ്പില്‍ പിടിച്ചുവലിച്ചു നടക്കുന്ന കൊച്ചുബാലന്‍. മമ്മിയുടെ സ്‌നേഹപരിലാളനകള്‍. പപ്പയും മമ്മിയും ജോലിക്കു പോകുന്നവര്‍. വീട്ടില്‍ അപ്പാപ്പനും അമ്മാമ്മയും ഉണ്ട്. എന്തൊരു ആഹ്ലാദകരമായ കാലം. അവധിയുള്ള ദിവസങ്ങളില്‍ മമ്മി വീട്ടില്‍ ഉണ്ടാകും. നല്ല കഥകള്‍ പറഞ്ഞു തരും. ഇഷ്ടമുള്ള പലഹാരങ്ങള്‍, നല്ല ഉടുപ്പുകള്‍. തനിക്കും അനുജന്‍ സോജനും സഹോദരി മരിയയ്ക്കും വേണ്ടതെല്ലാം തന്നു, സ്‌നേഹത്തോടെ വളര്‍ത്തിവലുതാക്കി. മക്കള്‍ ഞങ്ങള്‍ മൂന്നു പേരും വളര്‍ന്നു. തൊഴില്‍ തേടി മൂന്നു രാജ്യങ്ങളില്‍. പപ്പയും മമ്മിയും നാട്ടില്‍. വാര്‍ധക്യത്തില്‍ അവരെ സംരക്ഷിക്കേണ്ടവര്‍ ഇന്ന് വിദേശത്ത്. പപ്പയ്ക്കും മമ്മിക്കും നല്ല പെന്‍ഷന്‍ ഉണ്ട്. മക്കളുടെ പണമൊന്നും അവര്‍ക്ക് ആവശ്യമില്ല. എന്നാലും വാര്‍ധക്യത്തില്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പോലും ഈ മക്കളെകൊണ്ട് ഒരു സഹായവുമില്ലാതെ പോയി. ഓര്‍ത്തപ്പോള്‍ ജോമോന് ഹൃദയം നുറുങ്ങുന്നു. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും സാധിച്ചില്ല. മമ്മിയെ ഐ സി യുവിലാക്കിയിട്ടു ബില്ലടക്കാന്‍ ഓടുന്ന പപ്പ. ഹോ, എന്തൊരു കഷ്ടം. ഇന്നലെയും വിളിച്ചു വിശേഷങ്ങള്‍ ചോദിച്ചതാണ്. അത്ര അനാരോഗ്യം ഒന്നും ഉണ്ടായിരുന്നില്ല. കുറച്ചു ഷുഗറും, പിന്നെ പ്രായത്തിന്റെ അവശതകളും മാത്രം. എന്നാലും എന്റെ മമ്മി ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടുപോയല്ലോ. മോനെ എന്ന് ഒന്നു വിളിക്കുക പോലും ചെയ്യാതെ. ഒരു വാക്ക് പോലും മിണ്ടാതെ, ആരോടും പരിഭവവും പരാതിയുമില്ലാതെ എന്റെ മമ്മി ഇത്ര വേഗം പോയല്ലോ. ജോമോന്‍ തേങ്ങി കരഞ്ഞു.
'ഇതാ ഫോണ്‍. പപ്പയോട് കാര്യങ്ങള്‍ സംസാരിക്ക്.' ഭാര്യ ജെസ്സി ഫോണ്‍ ജോമോന്റെ നേരെ നീട്ടി. അയാള്‍ സമനില വീണ്ടെടുത്തു.
ജോമോന്‍ പെട്ടെന്ന് കര്‍മ്മ നിരതനായി. അയാള്‍ ഭാര്യയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി. 'പപ്പാ' അയാള്‍ വിളിച്ചു. വാക്കുകള്‍ മുറിയുന്നു. ഗദ്ഗദ കണ്ഠനായി ജോമോന്‍ പറഞ്ഞു. 'പപ്പ, തികച്ചും അപ്രതീക്ഷിതമാണല്ലോ. ഇക്കഴിഞ്ഞ സന്ധ്യയ്ക്കും മമ്മിയോടു സംസാരിച്ചതാണ്. ഞാന്‍ എത്രയും വേഗം വരാം. ആദ്യത്തെ ഫ്‌ളൈറ്റിലെത്താം. സോജനോടും മരിയയോടും ഉടനെയെത്താന്‍ പറയാം. ഇനി ചെയ്യേണ്ട കാര്യങ്ങളുണ്ടല്ലോ. പപ്പ... ബോഡി ഫ്രീസറില്‍ വയ്ക്കാം. ഞാന്‍ ഹോസ്പിറ്റലില്‍ വിളിച്ചു സംസാരിക്കാം. പപ്പ തനിയെ കാര്‍ ഓടിച്ചു പോകണ്ട. എന്റെ അളിയന്‍ നാട്ടില്‍ വന്നിട്ടുണ്ട്. അളിയനോട് ഞാന്‍ വിളിച്ചു പറയാം. ഇവളുടെ വീട് അധികം ദൂരമല്ലല്ലോ. അളിയന്‍ വന്ന് പപ്പയെ വീട്ടില്‍ എത്തിക്കും. കാറും എത്തിക്കും. അവര്‍ വീട്ടിലേക്കു വരും. നമ്മുടെ നഷ്ടം എത്ര വലുതാണ്. ഒന്നു കാണാന്‍ പോലും പറ്റിയില്ല. ഞാന്‍ ഉടനെ വരാം. പപ്പ ഹോസ്പിറ്റലിലെ ക്രമീകരണങ്ങള്‍ ചെയ്‌തോളൂ. അപ്പോഴേക്കും അളിയന്‍ വരും. ബില്ലൊക്കെ ഞാന്‍ ഓണ്‍ ലൈനില്‍ കൊടുത്തു കൊള്ളാം. പള്ളിയിലെ കാര്യങ്ങള്‍ സോജനോടും മരിയയോടും സംസാരിച്ചിട്ടു തീരുമാനിക്കാം. ഞാന്‍ എത്രയും പെട്ടെന്ന് വരാം. അവരോടും ആദ്യത്തെ ഫ്‌ളൈറ്റില്‍ എത്താന്‍ പറയാം.'
ജോമോന്‍ നിറ കണ്ണുകളോടെ ഫോണ്‍ കട്ട് ചെയ്തു. ഭാര്യ ജെസ്സിയുടെ വീട്ടിലേക്കു വിളിച്ചു. അളിയനോടു സംസാരിച്ചു. വേഗം ഹോസ്പിറ്റലില്‍ എത്തുവാന്‍ പറഞ്ഞു. അനുജന്‍ സോജനെയും സഹോദരിയെയും വിവരങ്ങള്‍ ധരിപ്പിച്ചു. സോജന്‍ അമേരിക്കയിലും മരിയ കാനഡയിലുമാണ്. അവിടെ സമയം പാതിരാ കഴിഞ്ഞതെയുള്ളൂ. ജോമോന്‍ രാവിലത്തെ ഫ്‌ളൈറ്റിനും, ജെസ്സിയും കുട്ടികളും പിറ്റേ ദിവസത്തെ ഫ്‌ളൈറ്റിനും എത്തുവാനും തീരുമാനിച്ചു.
ജോര്‍ജ്, തന്റെ ഭാര്യ ആനിയുടെ മൃതദേഹം കിടത്തിയിരുന്ന ഐ സി യുവില്‍ നിന്നും പുറത്തു വന്നു. ബോഡി ഫ്രീസറില്‍ വയ്ക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുവാന്‍ ഡ്യൂട്ടി ഡോക്ടറെ ചുമതലപ്പെടുത്തി. ആവശ്യമായ പേപ്പറുകള്‍ ഒപ്പിട്ടു കൊടുത്തു. ശരീരം വിറയ്ക്കുന്നുണ്ട്. രാത്രിയില്‍ പെട്ടെന്ന് പോന്നതാണ്. ഇരിക്കാനും, കിടക്കാനും, നില്‍ക്കാനും വയ്യാത്ത അവസ്ഥ. ശൂന്യതയുടെ അഗാധ ഗര്‍ത്തങ്ങളിലേക്കു താഴ്ന്നു പോകുന്നതുപോലെ. ഭിത്തിയില്‍ ചാരി നിര്‍വികാരനായി നിന്നു. കവിള്‍ തടങ്ങളിലൂടെ കണ്ണുനീര് ഒഴുകി ഇറങ്ങി. അല്പം മണിക്കൂറുകള്‍ക്കു മുന്‍പ് താങ്ങും തണലുമായി ഒപ്പം ഉണ്ടായിരുന്നവള്‍ തന്നെ തനിച്ചാക്കി മരണത്തിന്റെ തണുത്തുറഞ്ഞ താഴ്‌വരയിലേക്കു ഊര്‍ന്നിറങ്ങി പോയിരിക്കുന്നു. ജോര്‍ജ് നെടുവീര്‍പ്പിട്ടു. വിങ്ങി വിങ്ങി കരഞ്ഞു. ഒന്നു താങ്ങി പിടിക്കുവാന്‍ പോലും ഒരു കൈ സഹായമില്ല. ആരൊക്കെ ഉണ്ടെങ്കിലും ഫലവും ഇല്ലല്ലോ അയാള്‍ ചിന്തിച്ചു.
മൂന്നു മക്കള്‍ക്ക് ജന്മം നല്‍കി. എല്ലാവരെയും നന്നായി വളര്‍ത്തി, പഠിപ്പിച്ചു. മൂന്നു പേരും മൂന്നു രാജ്യങ്ങളില്‍ നല്ല നിലയില്‍ കഴിയുന്നു. അവരുടെ ജീവിത പങ്കാളികളും നല്ല വിദ്യാഭ്യാസം ഉള്ളവര്‍. നല്ല ജോലിയുള്ളവര്‍. മക്കള്‍ വിദേശങ്ങളില്‍ കുടുംബ സമ്മേതം സന്തോഷത്തോടെ കഴിയുന്നു. നാട്ടില്‍ ഞങ്ങള്‍ രണ്ടു പേരും മാത്രം. ആരെയും കുറ്റപ്പെടുത്താന്‍ സാധ്യമല്ല. നമ്മുടെ നാടിന്റെ ദുരവസ്ഥ. മക്കളോട് ആരെങ്കിലും നാട്ടില്‍ നില്‍ക്കാന്‍ പറയാഞ്ഞിട്ടല്ല. അവര്‍ക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടുമല്ല. ഒരിക്കല്‍ ജോമോന്‍ പറഞ്ഞു. 'നാട്ടില്‍ ജോലി ചെയ്യാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പപ്പ, ദൈവം കനിഞ്ഞു അനുഗ്രഹിച്ച നാടാണ് നമ്മുടേത്. മറുനാട്ടില്‍ ചെല്ലുമ്പോഴാണ് നമ്മുടെ നാടിന്റെ മഹത്വം അറിയൂ. പക്ഷേ, പറഞ്ഞിട്ടു എന്തു കാര്യം. എല്ലാ രാജ്യങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും ഉണ്ട്. നമ്മുടെ നാട്ടിലെപ്പോലെ ഒരു ദുരവസ്ഥ മറ്റെങ്ങും ഇല്ല. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ നിങ്ങള്‍ സന്നദ്ധനാണോ നിങ്ങള്‍ക്ക് ജോലി എടുക്കാം. ഇവിടെ പട്ടി പുല്ലു തിന്നുകയുമില്ല, തിന്നാന്‍ സമ്മതിക്കുകയുമില്ല എന്നുള്ള അവസ്ഥ. ഈ നാടിന്റെ കാലാവസ്ഥയും ഇവിടുള്ള വിളവുകളും മറ്റു സമ്പത്തും വേറെ ഏതു രാജ്യത്തിന്റെ കയ്യിലാണെങ്കിലും അവര്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സമ്പദ്‌വ്യവസ്ഥ ആകുമായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം. ദൈവത്തിനുപോലും ഇനി നന്നാക്കാന്‍ സാധിക്കാത്ത വിധം നശിപ്പിച്ചു. ഇനി വേണേല്‍ മൊത്തം ഉടച്ചു വാര്‍ക്കേണ്ടി വരും. ചീഞ്ഞ രാഷ്രീയവും, ദുഷിച്ച ജാതിയും, മുടിഞ്ഞ ബ്യൂറോക്രസിയും, ഒടുക്കത്തെ കൈക്കൂലിയും. അപേക്ഷകളില്‍ സാര്‍ എന്ന് എഴുതരുത്, താഴ്മയായി അപേക്ഷിക്കുന്നുവെന്ന് എഴുതാന്‍ പാടില്ല. അതൊക്കെ അടിമത്തമാണ് പോലും. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഉണ്ടായ അതുഗ്രന്‍ കണ്ടുപിടിത്തം. എന്തൊരു വിപ്ലവം! പക്ഷേ, കൈക്കൂലിയും, കോഴയും ഒരു പൈസയെങ്കിലും കുറഞ്ഞോ. ഒരു നേതാവിന്റെയോ, ഉയര്‍ന്ന ഉദ്യോഗസ്ഥന്റെയോ കോഴയും കൈക്കൂലിയും അറിയാന്‍ വേണ്ടി മറ്റൊരുത്തനെ കൂടി തീറ്റി പോറ്റേണ്ട ഗതി കേട് വേറെ ഏതെങ്കിലും നാട്ടിലുണ്ടോ. അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ പറയാനുണ്ട്. പണിയെടുത്താലും ജീവിക്കാന്‍ സമ്മതിക്കാത്ത ഒരു നാട്. അടിമത്തം ആഘോഷമാക്കി ജീവിക്കുന്ന വിവരം കെട്ടവരുടെ നാട്.' അവന്‍ ആത്മരോഷത്തോടെ പറഞ്ഞു.
ആരോ വന്ന് തോളത്തു തട്ടി. ജോര്‍ജ് ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. റോയി, ജോമോന്റെ അളിയന്‍. 'പപ്പ വാ, നമുക്ക് ഒരു ചായ കുടിക്കാം.' അവനെ കണ്ടപ്പോള്‍ അയാളുടെ ദുഃഖം അണ പൊട്ടി. 'വേണ്ട മോനേ, എനിക്ക് ഒന്നും വേണ്ട.' റോയി സമ്മതിച്ചില്ല. 'ഹോസ്പിറ്റലില്‍ നിന്നു പോകുവാന്‍ കുറച്ചു സമയമെടുക്കും. പപ്പ വരൂ. എന്തെങ്കിലും കഴിക്കാം. ഇല്ലെങ്കില്‍ ശരീരം തളരും. ഇവിടുത്തെ കാര്യങ്ങള്‍ കഴിഞ്ഞാല്‍ നമുക്ക് വീട്ടിലേക്കു പോകാം. എന്റെ മമ്മിയും ഭാര്യയും വീട്ടിലേക്കു പോയിട്ടുണ്ട്. പപ്പയുടെ കാറും ഞാന്‍ അവിടെ എത്തിച്ചുകൊള്ളാം.' അവന്റെ നിര്‍ബന്ധം. കാന്റീനില്‍ നിന്നു ഒരു ചായ കുടിച്ചു. തിരിച്ചുവന്നു. ആനിയെ മോര്‍ച്ചറിയുടെ തണുത്ത തടവറയിലാക്കി. വിങ്ങുന്ന ഹൃദയവുമായി വീട്ടിലേക്കു പോന്നു. വീട്ടില്‍ റോയിയുടെ ഭാര്യ, അമ്മ - ജോമോന്റെ അമ്മായിയമ്മ ഇവര്‍ വന്നു. വാര്‍ത്തയറിഞ്ഞ് ബന്ധുക്കളും, അയല്‍ക്കാരും, വീട്ടുകാരും, കൂട്ടുകാരും, ആനിയുടെ പഴയ സഹപ്രവര്‍ത്തകരും ഓരോരുത്തരായി വിളിക്കുന്നു. ചിലര്‍ വന്നു പോകുന്നു. ജോര്‍ജ് നിര്‍വികാരനായി മുറിയില്‍ ഇരിക്കും. ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയും. ചിലപ്പോള്‍ തളര്‍ന്നു കിടക്കും. സമയം കടന്നു പൊയ്‌ക്കൊണ്ടിരുന്നു. വൈകുന്നേരം അഞ്ച് മണിയോടു കൂടി ജോമോന്‍ ദുബായീന്നെത്തി. ആശ്വാസമായി. കാര്യങ്ങള്‍ അവനും അളിയനും കൂടി ആലോചിക്കുന്നുണ്ടായിരുന്നു. ജോര്‍ജ് തളര്‍ന്ന് ഉറങ്ങിപ്പോയി.
മൂന്നാം ദിവസം വെളുപ്പിന് അമേരിക്കയില്‍ നിന്നു സോജനും കാനഡയില്‍ നിന്ന് മരിയയും കുടുംബസമ്മേതം എത്തി. മക്കള്‍ മൂന്നു പേരും കൂടി ആലോചിച്ചു. പിറ്റേ ദിവസം ശവസംസ്‌കാരം നടത്തി. ബന്ധുക്കളെയും, സുഹൃത്തുക്കളെയും, അയല്‍ക്കാരെയും, പഴയ സഹപ്രവര്‍ത്തകരെയുമൊക്കെ ആധുനിക വാര്‍ത്ത വിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അറിയിച്ചു. ജോമോനാണ് എല്ലാത്തിനും മുന്‍കൈ എടുത്തതും മേല്‍നോട്ടം വഹിച്ചതും. എല്ലാവരുടെയും ജോലികാര്യങ്ങള്‍ മുന്‍നിര്‍ത്തി അഞ്ചാം ദിവസം തന്നെ ശവസംസ്‌കാരത്തിന്റെ പിറ്റേന്ന് ഏഴാം ദിവസത്തിന്റെ ചടങ്ങുകളും നടത്തി. മക്കള്‍ എല്ലാവര്‍ക്കും തിരിച്ചു പോകണം, അകലെ നിന്നും വന്ന ബന്ധുക്കള്‍ക്ക് പോയിട്ട് പെട്ടെന്ന് തിരിച്ചുവരാനുള്ള പ്രയാസം. വികാരിയച്ചന്‍ വീട്ടില്‍ വന്നു പ്രാര്‍ത്ഥനകളും കഴിഞ്ഞു. വീട് വെഞ്ചരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും യാത്ര പറഞ്ഞു പോയി.
തിരക്കുകള്‍ ഒതുക്കി കഴിഞ്ഞു, വൈകിട്ട് എല്ലാവരും കൂടി പ്രാര്‍ത്ഥനകള്‍ കഴിഞ്ഞു. അത്താഴം കഴിച്ചു. ജോര്‍ജ് അല്പം ആഹാരം കഴിച്ചെന്നുവരുത്തി. എഴുന്നേറ്റു മുറിയിലേക്കു പോയി. കുട്ടികള്‍ എല്ലാവരും മറ്റൊരു മുറിയില്‍. മക്കളും മരുമക്കളും ഒന്നിച്ചിരുന്ന് സംസാരിച്ചു തുടങ്ങി. മമ്മിയുടെ നന്മകളും വിശേഷങ്ങളും എണ്ണിയെണ്ണി പതം പറഞ്ഞു മരിയ കരഞ്ഞു തുടങ്ങി. കൂടെ ജോമോനും, സോജനും കഴിഞ്ഞ കാല അനുഭവങ്ങള്‍ പങ്കിട്ടു കൊണ്ടിരുന്നു.
അപ്പോള്‍ ജോമോന്റെ ഭാര്യ ജെസ്സി അവര്‍ ദുബായില്‍ വലിയ ഒരു കമ്പനിയിലെ മാനവ വിഭവശേഷി മാനേജരാണ്. ജെസ്സി പറഞ്ഞു. 'മമ്മി നമുക്കെല്ലാം വളരെ പ്രിയപ്പെട്ട ആളായിരുന്നു. പെട്ടെന്ന് നമ്മെ വിട്ടു പോയി. പക്ഷേ ഇനിയാണ് പ്രശ്‌നം.' എല്ലാവരും ജെസ്സിയുടെ നേരെ നോക്കി. 'മറ്റന്നാള്‍ എനിക്ക് ജോലിക്കു കയറണം. ഒരാഴ്ചയെ ലീവുള്ളൂ. ജോമോനും അങ്ങനെതന്നെ. നാളെ വൈകുന്നേരത്തെ ഫ്‌ളൈറ്റിന് ടിക്കറ്റ് ഓക്കേ ആണ്. പെട്ടെന്ന് ഒന്നും അറിയാത്തപോലെ എല്ലാവരും പോകാന്‍ പറ്റുമോ.' കാര്യത്തിന്റെ ഗൗരവത്തിലേക്ക് എല്ലാവരും കടന്നു. ജോമോന്‍ പറഞ്ഞു. 'പപ്പയെ തനിച്ചാക്കി നമ്മള്‍ എല്ലാവരും എങ്ങനെ പോകും.' അയാള്‍ തുടര്‍ന്നു. 'എനിക്കും ജെസ്സിക്കും ഇപ്പോഴത്തെ അവസ്ഥയില്‍ നാട്ടില്‍ നില്‍ക്കാന്‍ പറ്റില്ല. എനിക്ക് കുടുംബസ്വത്തും വേണ്ട. ആവശ്യത്തിനുള്ളത് അവിടെ ദുബായില്‍ ഉണ്ട്. ഇവിടെ പപ്പയുടെ അടുത്ത് ആരു നിന്നാലും ഞാന്‍ സഹായിക്കുകയും ചെയ്യാം.' എന്നാല്‍ ഇതേ അഭിപ്രായം തന്നെയാണ് മറ്റു രണ്ടു പേരും പങ്കുവച്ചത്. ആര്‍ക്കും കുടുംബസ്വത്തു വേണ്ട. വീണ്ടും ജെസ്സി പറഞ്ഞു. 'നാളെ പോകുന്നതിനു മുന്‍പ് പപ്പയ്ക്ക് ആഹാരത്തിന്റെ കാര്യവും സംരക്ഷണവും ഏര്‍പ്പാട് ചെയ്യണം.' മൂന്നു പേര്‍ക്കും പപ്പയോട് വളരെ സ്‌നേഹംതന്നെ. പക്ഷേ എന്തു ചെയ്യും. ജോലിക്കു പോകാതെ പറ്റുകയില്ല. പപ്പയെ കൂടെ കൊണ്ടുപോയി നിര്‍ത്തുവാനുള്ള സാധ്യതകളും ഇപ്പോള്‍ ഇല്ല. മൂന്നു പേരും തങ്ങളുടെ നിസ്സഹായത പങ്കുവച്ചു. മരിയ തേങ്ങി കരഞ്ഞു തുടങ്ങി.
സംസാരം കേട്ടുകൊണ്ട് ജോര്‍ജ് മുറിയില്‍ നിന്നും ഇറങ്ങിവന്നു. 'നിങ്ങളൊക്കെ പോകാന്‍ തയ്യാറെടുക്കുകയാണല്ലേ.' എല്ലാവരും നിശ്ശബ്ദരായി. പപ്പയുടെ മുഖത്തേക്ക് നോക്കാന്‍ സാധിക്കാതെ മുഖംകുനിച്ചു. എനിക്കറിയാം നിങ്ങളുടെ വിഷമതകള്‍. 'അന്യരാജ്യത്തു ജോലി ചെയ്യുമ്പോള്‍ വേറെ മാര്‍ഗമൊന്നുമില്ല. നിങ്ങള്‍ പോയ്‌ക്കൊള്ളൂ. ആരൊക്കെ മറന്നാലും എനിക്ക് എന്റെ ആനിയെ മറക്കാന്‍ പറ്റില്ല.' അയാളുടെ കണ്ഠമിടറി. കണ്ണുനീര്‍ ധാരയായി ഒഴുകി. 'പപ്പ കരയാതെ. ഞങ്ങള്‍ ആരും പപ്പയെയും മമ്മിയെയും മറന്നിട്ടല്ല. കുറച്ചുദിവസത്തേക്ക് ജെസ്സിയുടെ വീട്ടില്‍നിന്ന് മാറി മാറി ആരെങ്കിലും വരും. ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ ഇടയ്ക്ക് ഞങ്ങള്‍ ലീവെടുത്തു വരാം.' ജോമോന്‍ പറഞ്ഞു. 'എന്നെയോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എനിക്ക് ആനിയെ മറക്കാന്‍ സാധിക്കില്ല. ഇക്കാര്യങ്ങളൊക്കെ ഞങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തതാണ്.' 'എന്തു കാര്യം.' ജോമോന്‍ ചോദിച്ചു. 'ഞങ്ങള്‍ ഉണ്ടാക്കിയത് ഒന്നും നിങ്ങള്‍ക്ക് വേണ്ടിവരില്ലെന്നും, ആരും ഇവിടെ വന്നു നില്‍ക്കാന്‍ പോകുന്നില്ലെന്നും.' ജോര്‍ജ് പറഞ്ഞു. 'പപ്പ വിഷമിക്കല്ലേ. ഞങ്ങള്‍ക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ. പെട്ടെന്ന് പോരാന്‍ പറ്റുകയില്ലല്ലോ. ജീവിതം ഇങ്ങനെയൊക്കെയല്ലേ. നമുക്ക് സഹിക്കാതെ പറ്റുമോ.' സോജന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. 'അതു തന്നെയാണ് ഞാനും പറഞ്ഞത്. ഞങ്ങള്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്.' ഇത്തവണ മക്കള്‍ എല്ലാവരും ഞെട്ടിത്തരിച്ചു. എന്താണ് പപ്പ സൂചിപ്പിക്കുന്നത്. 'ഡിപ്രെഷന്‍' ആത്മഹത്യാപ്രവണത, ദൈവമേ, ജെസ്സിയുടെ ഉള്ളുപിടഞ്ഞു. 'അവള്‍, എന്റെ ആനി എപ്പോഴും എന്റെ കൂടെ ഉണ്ടാകും. ഞങ്ങള്‍ സംസാരിച്ചങ്ങനെ ഇരിക്കും. ഡോണ്ട് വറി, നിങ്ങള്‍ സന്തോഷത്തോടെ പൊയ്‌ക്കൊള്ളൂ.' ആത്മഗതമായി ജോര്‍ജ് പറഞ്ഞു. എല്ലാവര്‍ക്കും ഉല്‍ക്കണ്ഠയായി. പപ്പയ്ക്കു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു. ദൈവമേ, ഈ അവസ്ഥയില്‍ എങ്ങനെ പപ്പയെ തനിയെ വിട്ടിട്ടു പോകും. മരിയ വീണ്ടും കരയാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ നേരെ നോക്കി. കാനഡയില്‍ മികച്ച ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റാണ്. സൈക്കോളജിയും അവരുടെ വിഷയമണല്ലോ. വിഷാദ രോഗം മാത്രമല്ല, സ്‌കീസോഫ്രീനിയ എന്ന വിഭ്രാന്തിയിലും പപ്പ എത്തിയിരിക്കുന്നു. അയാള്‍ മനസ്സില്‍ പറഞ്ഞു. ജോമോന് ആകെ വിഷമമായി. ഈ അവസ്ഥയിലെങ്ങനെ പോകും. സമയത്തു ചെന്നില്ലെങ്കില്‍, കേരളമല്ല; വിദേശത്ത് ഇവിടുത്തെ പോലെയല്ല. എല്ലാവരും ജോമോന്റെ നേരെ നോക്കി. 'പപ്പ, എന്തൊക്കെയാണ് പറയുന്നത്. മമ്മിയുടെ കാര്യം നമുക്കെല്ലാം അറിയാമല്ലോ.' അയാള്‍ ജോര്‍ജിനോട് ചോദിച്ചു. 'നാളെ അവര്‍ വരും. കമ്പനിയുടെ ആളുകള്‍. അവര്‍ എന്റെ ആനിയെ തിരികെ തരും.' ജോര്‍ജിന്റെ മറുപടി. 'ദൈവമേ, എന്തായീ കേള്‍ക്കുന്നത്.' മക്കളുടെ നെഞ്ചില്‍ തീ ആളി. ഇനിയെന്തു ചെയ്യും. ജെസ്സിക്ക് ആകെ സംശയമായി. ഏതോ ആഭിചാരക്കാരായിരിക്കും. പപ്പയെ കബളിപ്പിച്ചു പണം തട്ടാന്‍. അവള്‍ ജോമോന്റെ നേരെ നോക്കി. 'ഏതു കമ്പനി, എന്തു കമ്പനിക്കാരു വരുമെന്നാണ് പപ്പ പറയുന്നത്. എന്താ പപ്പ ഇത്, കൊച്ചുകുഞ്ഞിനെപ്പോലെ.' 'അങ്ങനെയൊന്നുമല്ലെടാ ജോമോനെ, ...മമ്മിയുമായി നേരത്തെ തീരുമാനിച്ചതാണെന്നു ഞാന്‍ പറഞ്ഞില്ലേ. ഇപ്പോള്‍ കേരളത്തില്‍ പുതിയ റോ ബോട്ട് കമ്പനി തുടങ്ങിയിട്ടുണ്ട്. 'ഹ്യൂമനോയ്ഡ്' റോബോട്ടിനെ ഉണ്ടാക്കിത്തരുന്നവര്‍. ഫോട്ടോയും, സംസാരം റെക്കോര്‍ഡ് ചെയ്തതും നല്‍കിയാല്‍ നമ്മള്‍ ആവശ്യപ്പെടുന്ന ആളിന്റെ മുഖച്ഛായയും സംസാരവും ലഭിക്കുന്ന ഹ്യൂമനോയ്ഡ്. എനിക്ക് എന്റെ ആനിയുമായി എപ്പോഴും വര്‍ത്തമാനം പറഞ്ഞിരിക്കാം. പിന്നെ ഒരു അലാറം പിടിപ്പിച്ചിട്ടുണ്ടാകും. എനിക്ക് എന്തെങ്കിലും പറ്റിയാല്‍ മക്കളെയും, പൊലീസിനെയും, അയല്‍ക്കാരെയും അലാറം വഴി അറിയിക്കും. ആഹാരം, അതിന് ഓണ്‍ലൈന്‍കാരുണ്ടല്ലോ. കുറച്ചൊക്കെ എനിക്കും അറിയാം. നിങ്ങള്‍ എല്ലാ ദിവസവും ഒന്നു വിളിച്ചാല്‍ മതി.' മക്കള്‍ എല്ലാവരും മിഴിച്ചിരുന്നുപോയി. ജോമോന്‍ അറിയാതെ പറഞ്ഞു പോയി. 'ന്നാലും... എന്റെ ...പപ്പാ.'