ഇടമില്ലാത്തവന്‍

ഇടമില്ലാത്തവന്‍

ഇടമിത്തിരിയിരന്നീരാവിലിപ്പൊഴും

ഇടനാഴികള്‍തോറുമലയുന്നൂ ഞാന്‍!

ഇടനെഞ്ചിലെന്നജഗണമേകുമോയിടം

ഇടയനെനിക്കു പിറന്നീടുവാന്‍?

 • ഇവിടിന്നുമന്നുബെത്‌ലഹേമിലെന്നപോല്‍

 • ഇഞ്ചുപോലുമിടം ബാക്കിയില്ല!

 • ഇഷ്ടലാഭംതേടി മര്‍ത്ത്യഹൃത്താരുകള്‍

 • ഇത്രയിടുങ്ങിയോ പാര്‍ത്തലത്തില്‍?

ഈര്‍ഷ്യ, വിദ്വേഷം, ചതിയെന്നിവയുടെ

ഈര്‍പ്പമാണെവിടെയും തങ്ങിനില്ക!

ഈടുള്ള ബന്ധങ്ങളില്ല; വിലാപത്തിന്‍-

ഈറ്റൊലിമാത്രമേ കേള്‍പ്പതുള്ളൂ!

 • ഇച്ഛസാഫല്യത്തിനായ് കൂട്ടരെവരെ

 • ഇല്ലായ്മചെയ്യുവോരുണ്ടിവിടെ!

 • ഇടറിവീണവശരായ് ദുര്‍മോഹവഴികളില്‍

 • ഇഴയുന്ന ജന്മങ്ങളാണേറെയും!

ഇരവുപകലുകള്‍തന്നുടെ ദീര്‍ഘമാം

ഇരുപത്തിനാലുമണിക്കൂറുകള്‍

ഇനിയും തികയാതെ കഴിയുന്നൂ മാനവര്‍

ഇളയാകുമീവല്യസത്രമൊന്നില്‍!

 • ഇത്തിരിപ്പോന്നൊരു ഫോണിലാണേവരും

 • ഇന്ദ്രിയമഞ്ചുമുടക്കി നില്ക!

 • ഇടതടവില്ലാതതില്‍വ്യാപരിക്കയാല്‍

 • ഇരകളാണവരാത്മയര്‍ബുദത്തിന്‍!

ഇങ്കുനല്കിപ്പോറ്റിവന്ന മാതാക്കളും,

ഇല്ലായ്മ തീര്‍ത്ത പിതാക്കന്മാരും,

ഇട്ടെറിയപ്പെട്ടുപോകുമീ ഭൂമിയില്‍

ഇപ്പടിയെത്രനാള്‍ നീങ്ങിടും ഞാന്‍?

 • ഇത്രമേലോമനിച്ചാശയര്‍പ്പിച്ചു ഞാന്‍

 • ഇന്നോളം പാലിച്ച ഹൃദയങ്ങളില്‍

 • ഇക്കുറിയുമൊന്നുകുഞ്ഞായ് പിറക്കുവാന്‍

 • ഇല്ലേയെനിക്കല്പമിടമിപ്പൊഴും?

ഇനി മതി യാത്രയിടംതേടിയൂഴിയില്‍

ഇവിടെനിക്കൊരുതരീം ലഭ്യമല്ല!

ഇഷ്ടദാനംപോലെ കാലികളേകിയ

ഇത്തിരിയിടമതു മതിയെനിക്ക്!

 • ഈശ്വരപുത്രനായിന്നും പിറന്നിടും

 • ഈശോയ്ക്കു നമ്മുടെ ഹൃത്തടങ്ങള്‍

 • ഈറ്റുപുരകളായ് മാറ്റിടായ്കിലവന്‍

 • ഈറന്‍മുഖനായ് കടന്നുപോകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org