ഞാന്‍...!

റിജോ ജോസഫ് നേരി
ഞാന്‍...!

കുറച്ചു നേരമായി ഒരു ഈച്ച എന്നെ വട്ടമിട്ടു പറക്കുന്നു.... എന്റെ കണ്ണില്‍ തന്നെ കൊത്താനാണ് അവന്റെ ഉദ്ദേശം... അതിനെ ഒന്ന് ഓടിച്ചുകളയാന്‍ പോലും എനിക്ക് പറ്റുന്നില്ല.

ശക്തിയായി ഞാന്‍ ഊതിയകറ്റിയിട്ടും അതെന്നെ വിടുന്ന ലക്ഷണമില്ല...ഒരു ഈച്ചക്കുപോലും എന്നെ പേടിയില്ല...!

'കഴുതയുടെ താടിയെല്ലുകൊണ്ട് ഞാനവരെ കൂനകൂട്ടി...!

കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരം പേരെ ഞാന്‍ കൊന്നു...!'

പണ്ട് ഞാന്‍ പാടിനടന്ന പാട്ടുകളൊക്കെ പഴഞ്ചൊല്ലായി മാറി....

ആയിരംപേരെ കൊന്ന എന്റെ കൈകള്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു, സിംഹക്കുട്ടിയെ പിച്ചിച്ചീന്തിയ എന്റെ കൈകള്‍ കൊണ്ട് ഒരു ഈച്ചയെപ്പോലും ആട്ടിയകറ്റാന്‍ പറ്റുന്നില്ല.

എന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ പൊടിയുന്നില്ല... തകര്‍ന്ന എന്റെ ചങ്കില്‍ നിന്ന് ചുടുചോരക്കണങ്ങള്‍ ആണ് പൊടിയുന്നത്

എന്റെ ദൈവത്തെ ഞാന്‍ കൈവിട്ടിരിക്കുന്നു... ദലീലയുടെ ചതി എന്റെ ഹൃദയം തകര്‍ക്കുന്നു...

കനത്ത ഇരുട്ട് എന്റെ കണ്ണിനെ മൂടിയിരിക്കുന്നു...എന്റെ കണ്ണുകള്‍ എനിക്ക് എന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു...

ഓ ദലീല ...

നിന്റെ പേര് ദലീലയെന്നോ?

നീ ചൂഴ്‌ന്നെടുത്തത് എന്റെ കണ്ണുകളല്ല എന്റെ കരളാണ്...

എന്നെ ഒറ്റിയപ്പോള്‍ കിട്ടിയ വെള്ളി നാണയങ്ങള്‍ നിന്റെ കൈകളിലിരുന്ന് വിറയ്ക്കുന്നില്ലേ?

എന്റെ തേങ്ങല്‍ നീ കേള്‍ക്കുന്നുണ്ടോ? വരണ്ടുണങ്ങിയ എന്റെ നാവുകള്‍ ഇനി ഒരിക്കലും നിന്റെ പേര് ഉരുവിടില്ല...

എന്റെ വിഷമം ഈച്ച കണ്ടെന്നു തോന്നുന്നു... അതിന്റെ ശല്യം ഇപ്പോള്‍ ഇല്ലല്ലോ?

ഞാന്‍ കാതോര്‍ത്തു... താളമേളങ്ങള്‍ മുറുകുന്ന ശബദം... ആഘോഷത്തിമിര്‍പ്പ്...

എന്റെ തടവറയുടെ വാതില്‍ തുറക്കുന്ന ശബ്ദം.....

'വലിച്ചിറക്കവനെ...'

തടവറയുടെ ഇരുളിമ എന്റെ ഹൃദയത്തിലും നിറഞ്ഞു...

പിറകെ വന്ന പടയാളി എന്റെ മുതുകില്‍ ആഞ്ഞു ചവിട്ടി... ഞാന്‍ നിലം പതിച്ചു...

ആയിരങ്ങളോട് മല്ലിട്ടുനിന്ന എന്നെ ചങ്ങലക്കു പിടിച്ചു നടത്തുന്നത് ഒരു ബാലനാണെന്നു ഞാന്‍ വേദനയോടെ തിരിച്ചറിഞ്ഞു...

വലിയൊരു കൊട്ടാരത്തിന്റെ അങ്കണത്തില്‍ ആണ് എന്നെ കൊണ്ടുവന്നു നിര്‍ത്തിയതെന്നു എനിക്ക് മനസ്സിലായി... ആയിരക്കണക്കിനാളുകള്‍ ഉണ്ടെന്നു തോന്നുന്നു...

'കണ്ടില്ലേ...അഹങ്കാരി ... ആയിരങ്ങളെ കൊന്നെറിഞ്ഞവനെ കണ്ടില്ലേ....!!!'

'കാണിക്കടാ നിന്റെ അഭ്യാസം...'

ജനക്കൂട്ടത്തിന്റെ പരിഹാസച്ചിരി...

അടുത്തു നിന്ന പടയാളി അവന്റെ കയ്യിലെ ദണ്ഡ് കൊണ്ട് എന്നെ പ്രഹരിച്ചു...

അന്ധനായ എന്നെ അല്‍പവസ്ത്രം ധരിപ്പിച്ച് അവര്‍ നൃത്തം ചെയ്യിച്ചു...

ജനം അലറിവിളിച്ച് ആനന്ദിക്കുന്നു

അപമാനഭാരം എന്റെ തല താഴ്ത്തി നിര്‍ത്തി...

എന്റെ കണ്ണുകള്‍ നിറഞ്ഞു....

എന്റെ ദൈവത്തെ ഞാന്‍ ഉപേക്ഷിച്ചു...

എന്റെ ശക്തി ഇല്ലാതായിരിക്കുന്നു...

എന്റെ നിലവിളി ദൈവം കേള്‍ക്കുമോ?

എനിക്ക് എന്റെ ശക്തി തിരിച്ചു കിട്ടുമോ? ...

ഇല്ല...

എന്റെ ദൈവം എന്നെ ഉപേക്ഷിച്ചിരിക്കുന്നു...

'എന്നെ ഒന്ന് ചാരി നിര്‍ത്താമോ?' എന്നെ ബന്ധിച്ചിരുന്ന ചങ്ങലയില്‍ പിടിച്ചിരുന്ന ബാലനോട് ഞാന്‍ കെഞ്ചി...

തൂണില്‍ ചാരി നില്‍ക്കുന്ന എന്നെ കണ്ട് ജനം കൂകി വിളിച്ചു...

'എന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടെങ്കിലും എന്റെ ദൈവമേ നീ എന്നെ കാണുന്നുവല്ലോ ... എന്റെ അപമാനം നീ കാണുന്നില്ലേ? എന്നെ നീ ഓര്‍ക്കണമേ...എന്റെ നഷ്ടപ്പെട്ട കണ്ണുകളില്‍ ഒന്നിനെങ്കിലും പ്രതികാരം ചെയ്യാന്‍ ഒരിക്കല്‍ കൂടി എന്നെ ശക്തിപ്പെടുത്തണമേ ...'

അത് ഒരു പ്രാര്‍ത്ഥന ആയിരുന്നില്ല ഹൃദയം പൊട്ടിയ ഒരു വിലാപമായിരുന്നു...

തളര്‍ന്നു ഞാന്‍ നിലത്തിരുന്നു... ജനം വീണ്ടും കൂക്കി വിളിച്ചു

മൃദുവായ ഒരു തെന്നല്‍ എന്നെ തഴുകുന്നുണ്ടോ?

എന്റെ കൈകള്‍ ശക്തി ആര്‍ജ്ജിക്കുന്നത് ഞാന്‍ അറിഞ്ഞു...എന്റെ ചങ്ങലകള്‍ ചണനൂല്‍ പൊട്ടുന്നത് പോലെ പൊട്ടി വീണു...

ഓട്ടു ചങ്ങലകള്‍ നിലത്തു വീണു ചിന്നിച്ചിതറുന്ന ശബ്ദം...

കൂക്കിവിളി നില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു...

വലിയ ഒരു നിശബ്ദത..

എന്നില്‍ ദൈവശക്തി നിറയുന്നത് ഞാനറിഞ്ഞു !

കൊട്ടാരം താങ്ങി നിര്‍ത്തുന്ന തൂണുകളില്‍ ആണ് ഞാന്‍ പിടിച്ചിരിക്കുന്നതെന്നെനിക്കു മനസ്സിലായി

വലത്തുകൈ ഒന്നിലും, ഇടതുകൈ മറ്റേതിലും പിടിച്ചു ഞാന്‍ തള്ളി... വലിയൊരു ശബ്ദത്തോടെ കെട്ടിടം മറിഞ്ഞു വീണു... എന്നോടൊപ്പം കൊട്ടാരത്തില്‍ ഉണ്ടായിരുന്ന ശത്രുക്കളായ ഫിലിസ്ത്യരും മരിച്ചു വീണു....

...

എന്റെ മരണ സമയത്തു ഞാന്‍ കൊന്നത്, ഞാന്‍ ജീവി ച്ചിരുന്നപ്പോള്‍ കൊന്നവരേ ക്കാള്‍ അധികമായിരുന്നു....

...

ഞാന്‍...

ഞാന്‍ സാംസണ്‍...

ദൈവത്തിന്റെ അഭിഷിക്തന്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org