ക്രിസ്മസ്‌രാത്രി

ക്രിസ്മസ്‌രാത്രി
  • മേരി നേഹ

ഒരു നഗരമധ്യത്തില്‍ ഒരു കൊച്ചുവീട്ടില്‍ അമ്മയും രണ്ട് മക്കളും താമസിച്ചിരുന്നു. ബിസിനസ്സ് നടത്തി നഷ്ടം വന്ന് കടം കേറിയതുമൂലം ഇവരെ വിട്ട് അപ്പന്‍ നാടുവിട്ടു. നഗരത്തിലുള്ള ഒരു പേരുകേട്ട് തുണിക്കടയില്‍ ജോലിക്കുപോയാണ് അമ്മ കുടുംബം പുലര്‍ത്തിയിരുന്നത്. വളരെ തുച്ഛമായ ശമ്പളം കൊണ്ട് നിത്യവൃത്തിക്കുപോലും തികയില്ലായിരുന്നു.

അങ്ങനെ ഒരു ക്രിസ്മസ് കാലം വന്നു. ചുറ്റുപാടുമുള്ള എല്ലാവരുടെ വീടുകളിലും നക്ഷത്രമുയര്‍ന്നു. ഇതുകണ്ട് എട്ടു വയസ്സ് പ്രായമായ അരുണ്‍ അമ്മയോട് നമ്മുടെ വീട്ടിലും നക്ഷത്രമിടണമെന്ന് ആവശ്യപ്പെട്ടു. അരുണിന്റെ ആഗ്രഹം കണ്ടപ്പോള്‍ പണ്ടെങ്ങോ ഉപയോഗിച്ചു കീറിയ നക്ഷത്രം അത് പശവച്ച് ഒട്ടിച്ച് അരുണിന് കൊടുത്തു. വളരെ സന്തോഷത്തോടെ അരുണിന്റെ ചേച്ചി അമലയുമായി വീടിന്റെ മുന്‍വശത്തേക്ക് പോയി, പെട്ടെന്നാണ് നക്ഷത്രം തെളിയിക്കാനുള്ള ബള്‍ബും വയറൊന്നുമില്ലെന്നു മനസ്സിലാക്കിയത്.

വീണ്ടും അവര്‍ അമ്മയുടെ അടുക്കലേക്ക് ഓടിപ്പോയി പറഞ്ഞു. എന്തായാലും ഈ പ്രാവശ്യത്തെ ക്രിസ്മസിന് ഞങ്ങള്‍ക്ക് പുത്തന്‍ ഉടുപ്പും, കേക്കും സമ്മാനങ്ങളുമൊക്കെ വേണമെന്ന്. അമ്മ അവര്‍ക്ക് വാക്കുകൊടുത്തു. ക്രിസ്മസ് ആകാന്‍ കുറച്ചു ദിവസങ്ങള്‍ കൂടിയുണ്ടല്ലോ. അമ്മ നിങ്ങള്‍ക്കെല്ലാം മേടിച്ചു തരാമെന്ന് പറഞ്ഞു. ഇതുകേട്ട് സന്തോഷം കൊണ്ട് അവര്‍ തുള്ളിച്ചാടി.

അവരുടെ സന്തോഷം കണ്ട് അമ്മ തീരുമാനിച്ചു, എങ്ങനെയെങ്കിലും ഈ പ്രാവശ്യത്തെ ക്രിസ്മസിന് പുത്തന്‍ ഉടുപ്പും കേക്കും മേടിക്കണമെന്ന്.

തുണിക്കടയിലെ മുതലാളിയോട് അടുത്തമാസത്തെ ശമ്പളം മുന്‍കൂറായി ആവശ്യപ്പെട്ടു. പക്ഷേ, മുതലാളി സമ്മതിച്ചില്ല. ചോദിക്കാന്‍ പറ്റിയവരോടെല്ലാം കുറച്ചു പൈസ കടം ചോദിച്ചു. പക്ഷേ, എങ്ങുനിന്നും കാശ് കണ്ടെത്താന്‍ സാധിച്ചില്ല.

അന്ന് സന്ധ്യമയങ്ങിയിരുന്നു, പോകുന്ന വഴിക്കുള്ള ദേവാലയത്തില്‍ കയറി ഈശോയുടെ രൂപത്തിലേക്ക് നോക്കി കരഞ്ഞു പ്രാര്‍ത്ഥിച്ചു, എന്റെ മക്കള്‍ക്ക് ഒന്നും മേടിച്ചു കൊടുക്കാന്‍ എനിക്ക് സാധിക്കുന്നില്ല എന്ന് ഓര്‍ത്ത്.

നിറകണ്ണുകളുമായി അവള്‍ വളരെ നിരാശാപൂര്‍വം വീട്ടിലേക്ക് മടങ്ങി. പക്ഷെ, ദൂരെനിന്ന് അവള്‍ കണ്ടു തന്റെ വീട് നക്ഷത്രങ്ങളും അലങ്കാര ബള്‍ബുകലും എല്ലാം കൊണ്ട് വളരെ മനോഹരമായിരിക്കുന്നു. അവള്‍ ഓടി വീടിന്റെ അടുത്തേക്ക് ചെല്ലുമ്പോള്‍ കണ്ടത് പുത്തന്‍ ഉടുപ്പിട്ട തന്റെ മക്കളെയാണ്. അവര്‍ കൈപിടിച്ച് വീടിന്റെ അകത്തേക്ക് കേറിയപ്പോള്‍ കാണുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ട കുട്ടികളുടെ അച്ഛനെയാണ്.

കേക്കും, സമ്മാനങ്ങളുമായി മേശപ്പുറം നിറഞ്ഞിരിക്കുന്നു മക്കളുടെ സന്തോഷം കണ്ടപ്പോള്‍ കഴിഞ്ഞതെല്ലാം അമ്മ ക്ഷമിച്ചു.

അങ്ങനെ സന്തോഷപൂര്‍വം അവര്‍ കുടുംബമൊത്ത് പാതിരാ കുര്‍ബാനയ്ക്ക് പോയി. നഷ്ടപ്പെട്ട ജീവിതവും തന്റെ മക്കളുടെ ആഗ്രഹങ്ങളും സാധിച്ചുതന്നെ ഉണ്ണീശോയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അവര്‍ സന്തോഷമായി ജീവിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org