ന്യൂജെന്‍ സമവാക്യങ്ങള്‍

ന്യൂജെന്‍  സമവാക്യങ്ങള്‍
Published on

ജോസ് കൊച്ചുപുരക്കല്‍

മെല്ലെ പോയാല്‍, സ്പീഡ് കുറഞ്ഞാലോ, പിന്നിലാകില്ലേ?
500സിസി ബൈക്കില്‍ പറന്നു പോകാല്ലോ? ഞാനുമെന്‍ പ്രേയസ്സിയും,

ദിവസവും പ്രണയിച്ചു, കലഹിച്ചുറങ്ങുന്നു! അച്ഛനുമമ്മയും അറിയുന്നതേയില്ല,
മൊബൈലില്‍ ആണെന്നുമാത്രം.

എന്തിനീ പണ്ടത്തെ മര്യാദരാമന്‍ മുടിവെട്ടുകള്‍?
മഷ്റൂം, ബാള്‍ഡ്ഹെഡ് നടത്തി കടുക്കനുമങ്ങിട്ട് ഫ്രീക്കനാകാല്ലോ?

സാരിയും, ഭാരതസ്ത്രീതന്‍ ചൈതന്യവും എന്തിത്ര നിര്‍ബ്ബന്ധം?
ടൈറ്റ്സും, സ്കിന്നിയിലുമാണിന്നഴകേറെ.

കല്യാണംതന്നെയെന്തിന്? ലിവ്-ഇന്‍-ടുഗദര്‍ കാലമല്ലേ?
കുട്ടികളെന്തിനിത്ര തിടുക്കത്തില്‍? പ്രൊഫഷനെ, പ്രമോഷനെ ബാധിക്കില്ലേ?

നൊന്തുപ്രസവിക്കാനിനിയില്ല – ഡേറ്റ് നോക്കി, നാള് നോക്കി,
ഏ.സി റൂമില്‍ സിസേറിയന്‍ മതി.

എന്തിന് പാലൂട്ടണം? ഷേപ്പ് പോവില്ലേ? പ്ലാസ്റ്റിക് നിപ്പിളും,
കുപ്പി പാലും പിന്നെന്തിന്?

അമ്മതന്‍ എളിയിലിരുത്തി ഓമനിക്കുമെന്നൊരുകുഞ്ഞും കരുതേണ്ട-
സ്റ്റൈല്‍ പോവില്ലേ, സാരി ചുളിയില്ലേ, ആയയുണ്ടല്ലോ പിന്നാലെ.

മൂത്തവരേക്കണ്ടാല്‍, എന്തിനെഴുന്നേല്‍ക്കാന്‍?
കുമ്പിട്ടിരുന്ന് ഞാന്‍ സ്ക്രീനില്‍ തിരിയുന്നതുകണ്ടില്ലേ?

വൃദ്ധമാതാപിതാക്കളെന്തിന്?
വൃദ്ധമന്ദിരങ്ങളുണ്ടല്ലോ

അച്ഛന്‍ മരിച്ചിട്ടും അമ്മ കണ്ണീര്‍ വാര്‍ത്തില്ലെന്നോ?
സീരിയലുകള്‍ കണ്ട് കണ്ട് അമ്മേടെ കണ്ണുണങ്ങിയതറിഞ്ഞില്ലേ?

കളളകുമ്പസാരമാണിന്നിന്‍റെ വല്യപ്രശ്നം – ഒരു മൊബൈല്‍ആപ്പ് വന്നിരുന്നെങ്കില്‍
പാപങ്ങളങ്ങ് അപ്ലോഡ് ചെയ്താല്‍ മതിയായിരുന്നു !!

ഇനിയൊന്നേ വരേണ്ടൂ- ആശീര്‍വാദവും അനുഗ്രഹവും
പ്രസാദമായി ഓണ്‍ലൈനില്‍ ലഭിക്കുന്നകാലം!!!

ന്യൂജെന്‍- നിങ്ങള്‍ക്കെന്‍റെ നമോവാകം!!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org