അയല്‍ക്കാരന്റെ അടയാളം

അയല്‍ക്കാരന്റെ അടയാളം

ആക്രമിക്കപ്പെടാന്‍ സാധ്യതയുളള വഴികളിലൂടെയാണ് കടന്നുപോകേണ്ടത്. അതു കൊണ്ട് തന്നെ ഈ യാത്ര ഭയപ്പെടുത്തുന്നതാണ്. പക്ഷെ ഈ യാത്ര ഒഴിവാക്കാന്‍ വയ്യ. എന്റെ സുഹൃത്ത് വീണ് പരിക്കേറ്റ് കിടക്കുന്നു. അദ്ദേഹത്തെ പോയി കാണണം. കൂട്ടുകാരന് പ്രയോജനപ്പെടുന്ന മരുന്നുകളും കൂടെ കരുതണം.

കഴുതപ്പുറത്താണെങ്കിലും ഒരു ദിവസത്തെ യാത്രയുണ്ട്. പലപ്പോഴും എന്റെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കണ്ടറിഞ്ഞ് സഹായം നല്‍കിയിട്ടുള്ള സുഹൃത്താണ്. ഈ യാത്ര ഉപേക്ഷിക്കാനോ മാറ്റിവയ്ക്കാനോ സാധ്യമല്ല. അങ്ങിനെ ചെയ്താല്‍ കൂട്ടുകാരനോട് ചെയ്യുന്ന നന്ദികേടായിരിക്കും അത്.

ജറീക്കോയുടെ പ്രധാനവീഥിയില്‍ നിന്ന് ഉള്‍ഗ്രാമത്തിലേക്ക് നീങ്ങിക്കിടക്കുകയാണ് സുഹൃത്തിന്റെ ഭവനം. ജറീക്കോയിലേക്കുള്ള പാത കൊള്ളക്കാരുടേയും പിടിച്ചുപറി ക്കാരുടേയും വിഹാരരംഗമാണ്, സൂക്ഷിക്കണം. അവിടേക്കെത്തും മുമ്പു തന്നെ കൊളളക്കാരുടെ കയ്യില്‍ അകപ്പെട്ടുപോകുവാന്‍ ഇടയുണ്ട്. ഈ വഴിയിലൂടെ കടന്നുപോകുന്ന ആരേയും അവര്‍ വെറുതെ വിട്ടിട്ടില്ല. യാത്രക്കാരുടെ പക്കല്‍ നിന്ന് പൊന്നും പണവും ഉടുവസ്ത്രങ്ങളും അവര്‍ കവര്‍ന്നെടുക്കും. കൊളളക്കാരുടെ മര്‍ദനങ്ങളേല്‍ക്കാതെ രക്ഷപ്പെട്ടാല്‍ ഭാഗ്യം. കണ്ടുമുട്ടിയാല്‍ ആദ്യമേതന്നെ അടിച്ചു വീഴ്ത്തും. പിന്നീടാണ് സംസാരിക്കാന്‍ തുടങ്ങുന്നത്. എതിര്‍ക്കാന്‍ നിന്നാല്‍ മരണം ഏറ്റു വാങ്ങേണ്ടി വരും.

അപകടമേഖലയില്‍ ഉള്‍പ്പെട്ടതാണ് ജറുസലേമില്‍ നിന്ന് ജറീക്കോയിലേക്കുള്ള രാജവീഥി.

പക്ഷെ ഇതൊന്നും എന്റെ കൂട്ടുകാരനെ കാണാനും ആശ്വസിപ്പിക്കാനുമുളള എന്റെ തീരുമാനത്തില്‍ നിന്ന് എന്നെ പിന്‍തിരിപ്പിക്കുകയില്ല.

പ്രഭാതഭക്ഷണത്തിനു ശേഷം, സുഹൃത്തിനുള്ള മരുന്നുകളും യാത്രയ്ക്ക് ആവശ്യമുള്ള വസ്ത്രങ്ങളും പണവും എടുത്തു.

കഴുതയ്ക്ക് ജീനിയിട്ടു. ഞാന്‍ യാത്ര തിരിച്ചു. ഉച്ചയ്ക്കു മുമ്പ് പകുതി ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു.

ഒരു വളവ് കടന്നു കഴിഞ്ഞപ്പോള്‍ ആരോ ഒരാള്‍ വഴിയില്‍ അവശനായി വഴിയില്‍ കിടക്കുന്നതുകണ്ടു. എന്റെ മുമ്പില്‍ ഒരു പുരോഹിതനും ലേവായനും നടന്നു പോകുന്നുണ്ടായിരുന്നു. വീണുകിടക്കുന്നവനെ അവരൊന്ന് നോക്കി. പിന്നീട് അകന്നു മാറി പോയ്കളഞ്ഞു.

ദൈവത്തിനു ശുശ്രൂഷ ചെയ്യാന്‍ പോകുന്നവര്‍ അല്പം പോലും മനുഷ്യസ്‌നേഹം കാണിക്കാതെ കടന്നുപോയത് എന്നെ വേദനിപ്പിച്ചു.

അപ്പോഴേക്കും ഞാന്‍ വീണു കിടക്കുന്നവന്റെ അടുത്തെത്തി കഴിഞ്ഞിരുന്നു. അയാളുടെ ശരീരത്തില്‍ പല മുറിവകളും ഞാന്‍ കണ്ടു. ആ മുറിവുകളില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു.

പെട്ടെന്ന് കഴുതപ്പുറത്തു നിന്ന് ഞാന്‍ താഴെയിറങ്ങി. അയാള്‍ വളരെ ദയനീയമായൊര വസ്ഥയിലായിരുന്നു. ഞാന്‍ അയാളുടെ അരികെയിരുന്നു. എന്റെ ശരീരത്തോട് ചേര്‍ന്നിരിക്കാന്‍ ഞാനയാളെ സഹായിച്ചു. കുടിക്കാന്‍ വെള്ളം കൊടുത്തു. അയാള്‍ വെളളം ആര്‍ത്തിയോടെ വാങ്ങിക്കുടിച്ചു.

അയാള്‍ക്കു സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതായി തോന്നി. എന്റെ ചോദ്യത്തിന് വിഷമിച്ചാണെങ്കിലും അയാള്‍ മറുപടി പറഞ്ഞു. കവര്‍ച്ചക്കാര്‍ അടിച്ചുവീഴ്ത്തിയതാണ്.

പൊന്നും പണവും കൈക്കലാക്കി. ഉടുവസ്ത്രങ്ങള്‍ അഴിച്ചെടുത്തു. ഞാന്‍ കാണുമ്പോള്‍ അയാള്‍ പൂര്‍ണ്ണ നഗ്‌നനായിരുന്നു.

ഞാന്‍ എന്റെ കൂട്ടുകാരന്റെ വീട്ടില്‍ താമസിക്കുമ്പോള്‍ ധരിക്കാന്‍ എടുത്തിരുന്ന വസ്ത്രങ്ങള്‍ ഞാനയാളെ ധരിപ്പിച്ചു, അയാളുടെ നഗ്‌നത മറച്ചു.

അയാളുടെ മുറിവുകള്‍ എണ്ണയും വീഞ്ഞും ഒഴിച്ച് വച്ച് കെട്ടി. അയാളെ കഴുതപ്പുറത്തിരുത്തി സത്രത്തിലേക്ക് കൂട്ടികൊണ്ട് പോയി. അവിടെ അനേകം മണിക്കൂറുകള്‍ ചിലവഴിച്ച് അയാളെ ശുശ്രൂഷിച്ചു.

അയാള്‍ക്ക് ആശ്വാസമായി; സമാധാനമായി. അത് അയാളുടെ മുഖത്ത് കാണാമായിരുന്നു. എനിക്കും സന്തോഷം തോന്നി. സത്രമുടമയ്ക്ക് രണ്ടു ദിനാറു കൊടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു: ഞാന്‍ തിരിച്ചു വരുന്നതു വരെ ഇയാളെ ചികിത്സിക്കുകയും ശുശ്രൂഷിക്കുകയും വേണം. എന്തെങ്കെലും കൂടുതല്‍ ചിലവാകുന്നുണ്ടെങ്കില്‍ ഞാന്‍ വരുമ്പോള്‍ തന്നുകൊള്ളാം.

യേശു നിയമജ്ഞനോടു ചോദിച്ചു: ആരാണ് അയല്‍ക്കാരന്‍ എന്ന നിന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയോ?

'ഉവ്. ഗുരോ. ഉത്തരം കിട്ടി. കരുണകാണിക്കുന്നവനാരോ അവനാണു അയല്‍ക്കാരന്‍

യേശു പറഞ്ഞു ''നീയും ഒരു നല്ല അയല്‍ക്കാരനായി മാറുക. എല്ലാവരോടും കരുണ കാണിക്കുക.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org