നാമജപം

നാമജപം

ശ്രീയേശുനാഥന്റെ നാമം ജപിക്കുമ്പോള്‍

ഞാനൊരു പുണ്യവാനായി മാറും

ആ പുണ്യനാമത്തിന്‍ ദിവ്യസ്മരണയില്‍

ഞാനെന്നെ തന്നെ മറന്നുപോകും

ഞാനറിയാതെയെന്‍ സര്‍വഭാവങ്ങളും

നൂനമാബിന്ദുവിലൊത്തുചേരും

എന്‍ ജീവിതത്തിലെ സാരസര്‍വസ്വമായ്

എന്നും ഞാനേശുവെ കണ്ടിടുന്നു

മാമല മുകളില്‍ മനുഷ്യമനസ്സിലെ

കാമന നീക്കാന്‍ വചനമോതി

നിന്നെപ്പോലപരനെ സ്‌നേഹിക്കാനോതിയ

നിത്യമധുരമാം സ്‌നേഹമന്ത്രം

ജ്ഞാനവും ബുദ്ധിയും വിത്തവും കര്‍മ്മവും

എന്നുമെളിയോര്‍ക്ക് നല്കിടുവാന്‍

കാലദേശങ്ങള്‍ക്കതീതമായോതിയ

കാരുണ്യമൂര്‍ത്തിയാമേശുനാഥാ

എന്‍ ഹൃദയ രക്തതുള്ളികളാലെ

നിന്‍ചരണങ്ങള്‍ കഴുകിടട്ടെ

ഞാനയോഗ്യന്‍ അറിയുന്നു വിഭോ നിന്റെ

നാമജപമെന്നെയോഗ്യനാക്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org