എന്റെ അമ്മ

എന്റെ അമ്മ

വീടെത്തുവോളമെന്നുമ്മറപ്പടിയില്‍ കാത്തിരിക്കാറുണ്ടെന്നമ്മ

എന്നമ്മയോടൊത്തല്പ്പനേരമിരിക്കാന്‍ ഓടിയെത്താറുണ്ട് ഞാനും

വൈകിയെന്നാല്‍ ചങ്കിലെ തീയാല്‍ വെന്തുരുകിതീരുമമ്മ

പൊള്ളയാം ശകാരവാക്കുകള്‍ തന്നാലും പുഞ്ചിരി തൂകാറുണ്ടമ്മ

എന്‍ശബ്ദമിടറിയെന്‍ കണ്ണുനനയവേ ആദ്യമറിയുന്നതമ്മ

ആരെല്ലാം തള്ളിപ്പറഞ്ഞീടുകിലുമെന്നെ മാറോടുചേര്‍ത്തവളമ്മ

സ്‌നേഹവാത്സല്യരുചികൂട്ടുകള്‍ തന്നെന്റെ വയറുനിറച്ചവളമ്മ

രാത്രിയില്‍ ചിറകില്ലാ മാലാഖയായെന്നെ നോക്കിയിരുന്നെന്റെയമ്മ

താരാട്ടു പാട്ടുകള്‍ പാടിപ്പകര്‍ന്നെന്നില്‍ സംഗീതമേകിയെന്നമ്മ

പ്രാര്‍ത്ഥനയോടെ തിരികള്‍ തെളിച്ചെന്നും കാവലായ് തീര്‍ന്നവളമ്മ

പുലരിയില്‍ നിദ്രയുണര്‍ത്തീടുവാനന്ന് വന്നില്ല...അരികിലെന്നമ്മ

എന്നമ്മയെ കണ്ടില്ലാ..ശബ്ദവും കേട്ടില്ല ശൂന്യതയെങ്ങും പടര്‍ന്നു...

കണ്‍കളില്‍ ഭീതി നിറഞ്ഞെന്റെ ചുറ്റിലും മൂകതമാത്രം നിറഞ്ഞു...

പൊട്ടിക്കരയുവാന്‍ പോലും കഴിയാതെ

എന്നച്ഛന്‍ വിതുമ്പുന്ന കാഴ്ചയും...

ഞെട്ടലോടെ എങ്ങും നോക്കീടവേ...

സ്വപ്‌നമോ എന്ന് ഞാന്‍ ഓര്‍ത്തു പോയി

നോവിന്റെ കായല്‍തീരങ്ങളില്‍ തനിച്ചാക്കി

പോയെങ്കിലും എന്നമ്മ ഇന്ന് ദൈവത്തിന്‍ ചാരെയെന്നോര്‍ക്കവേ

എന്റെ മിഴിയൊപ്പാന്‍ വന്നെന്റെ ദൈവം

എന്നമ്മയ്ക്ക് കാവലായ് ദൈവം....

സുനിത ജോഷി, കൊനൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org