പാവങ്ങളുടെ പാതിരാത്തിരുനാള്‍

പാവങ്ങളുടെ പാതിരാത്തിരുനാള്‍

പാവങ്ങളുടെ പാതിരാഘോഷമാണ് പിറവിത്തിരുനാള്‍. കൈയിലൊന്നുമില്ലാത്തവനെ തേടി കര്‍ത്താവിന്റെ കാരുണ്യമിറ ങ്ങിവന്നതിന്റെ ഓര്‍മ്മ ഒന്നുമില്ലാത്തവന്റെ അവകാശമാണ്. മനുഷ്യരാശിയുടെ നല്ലൊരു ഭാഗം ദാരിദ്ര്യദിനം ബാധിച്ചവരും ഇല്ലായ്മയുടെ നൊമ്പരം തിന്നു ജീവിക്കുന്നവരുമാണ്. അനാഥരായി അലഞ്ഞുതിരിയുന്നവര്‍, നനയാതെ കയറിക്കിടക്കു വാന്‍ കുടിലുപോലുമില്ലാത്തവര്‍, യോഗ്യരും വിദ്യാ സമ്പന്നരുമായ ഉദ്യോഗരഹിതര്‍, ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും കയ്പുനീരിറക്കി, കുപ്പത്തൊട്ടിയിലെ കറിവേപ്പില പോലെ അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും ചത്തുജീവിക്കുന്നവര്‍, നിര്‍ധനര്‍, നിരാലംബര്‍, കടക്കെണിയില്‍ കുടുങ്ങി ക്കിടക്കുന്നവര്‍, മാനവും മനഃശാന്തിയും ചൂഷണം ചെയ്യപ്പെട്ടവര്‍.... പാവങ്ങളെന്നു ലോകം വിളിക്കുന്നവരുടെ പേരുവിവരപ്പട്ടിക അങ്ങനെ നീണ്ടുപോകുന്നുണ്ട്. കലത്തിലില്ലാത്ത കഞ്ഞി വെറുതെ കയിലിട്ടിളക്കിക്കാട്ടി കുട്ടികളെ കബളിപ്പിച്ച് അവര്‍ കരഞ്ഞുറങ്ങുവാന്‍ കണ്ണില്‍ കനലുകളുമായി കാത്തിരി ക്കുന്ന അമ്മമാരും, കയറിച്ചെല്ലുവാന്‍ ഒരു പടിവാതിലില്ലാതെ പീടികത്തിണ്ണയിലും പാതയോരത്തുമൊക്കെ ചുരുണ്ടുകൂടി നേരം വെളുപ്പിക്കുന്നവരും, നാണം മറയ്ക്കുവാന്‍ ഗതിയില്ലാത്തവരും, മാരകവ്യാധികള്‍ പിടിപെട്ട് മരുന്നു വാങ്ങുവാന്‍ വകയില്ലാതെ മരണയാതന അനുഭവിക്കുന്നവരുമൊക്കെ സമ്പന്നമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെ സാമൂഹിക, സാംസ്‌ക്കാരിക വ്യവസ്ഥിതികളുടെ മ്ലാനതയുടെ കരിമഷിപുരണ്ട മുഖമാണ്. മാറിമാറിയെത്തുന്ന തിരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം മുന്നില്‍ കണ്ടുകൊണ്ട് മോഹനവാഗ്ദാനങ്ങള്‍ നല്കി രാഷ്ട്രീയപാര്‍ട്ടികള്‍ കൊടിക്കൂറകള്‍ പാറിപ്പറത്തുമ്പോഴും ഉണ്ണാനും, ഉടുക്കാനും, ഉറങ്ങാനും ഒന്നുമില്ലാത്തവരുടെ എണ്ണം നാള്‍തോറും ഏറിവരികയാണ്. പട്ടയം പതിച്ചുകൊടുക്കാം, പാര്‍പ്പിടം കെട്ടിക്കൊടുക്കാം എന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും പാവപ്പെട്ടവരുടെ ഗതി പണ്ടത്തേതുപോലെ അധോഗതിതന്നെ. പ്രസ്താവനകളൊക്കെ പത്രങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നു. സ്വന്തമായുള്ള തുച്ഛമായ പുരയിടത്തില്‍നിന്നും ചെറുതുണ്ട് പകുത്ത് ഒന്നുമില്ലാത്തവര്‍ക്ക് പങ്കുവയ്ക്കുവാന്‍ സന്നദ്ധത കാണിച്ച ചിലരെക്കുറിച്ച് വാര്‍ത്തകളില്‍ വായിച്ചറിഞ്ഞു. 'സന്മസ്സു ള്ളവര്‍ക്കുള്ള സമാധാന'ത്തിനുള്ള സമ്മാനത്തിനു അവര്‍ തീര്‍ച്ചയായും അര്‍ഹരാകും. വാക്കിന് വിലകല്പിക്കാത്ത വമ്പന്മാരും, ഭരണകര്‍ത്താക്കളും കണ്ടുപഠിക്കട്ടെ അത്തരം സാധാരണക്കാരുടെ സത്ക്കര്‍മ്മങ്ങളെയും സാമൂഹികപ്രതിബദ്ധത യെയും.

നാളിതുവരെ നീ നേടിയെടുത്തതെല്ലാം അന്യര്‍ക്ക് വാരിക്കൊടുത്ത് നാളെ മുതല്‍ കീറത്തുണിയും ചുറ്റി തെരുവിലൂടെ അലഞ്ഞുതിരിയണം എന്നല്ല വിവക്ഷ. നിന്റെ ഉള്ളായ്മയിലും ഇല്ലായ്മയുടെ അരൂപിയും ലാളിത്യത്തിന്റെ സ്പര്‍ശവും ജീവിതത്തിന്റെ നാനാമേഖലകളിലും നിന്റെ നിഴലായി നില്ക്കണം എന്നു മാത്രം.

സുഹൃത്തേ, ഇല്ലായ്മ മാത്രം സ്വന്തമായുള്ളവരുടെ മനോഭാവം നിനക്കുമുണ്ടാകുമ്പോഴേ തിരുവവതാരത്തിന്റെ ചൈതന്യം നിന്നില്‍ കുടി കൊള്ളുകയുള്ളൂ. അപ്പോള്‍ മാത്രമേ നിന്റെ ക്രിസ്മസ്സാഘോഷങ്ങള്‍ ആഴമുള്ള അനുഭവങ്ങളായി മാറൂ. തണുപ്പുമാറ്റാന്‍ ഒരുതുണ്ടു തുണി തികച്ചില്ലാതെ പോയവന്റെ തിരുപ്പിറവി ആഢംഭര വസ്ത്രങ്ങള്‍ വാരിച്ചുറ്റി ക്കൊണ്ട് ആചരിക്കുമ്പോഴും, ഇഹത്തില്‍ ഇത്തിരിപോലും ഇടം കിട്ടാതെപോയവന്റെ ജനനം മണിമന്ദിരങ്ങളിലിരുന്ന് ആഘോഷിക്കുമ്പോഴും, റാന്തല്‍വിള ക്കിന്റെ അരണ്ടവെട്ടത്തില്‍ മിഴിതുറന്നവന്റെ മനുഷ്യാവതാരം ദീപാലങ്കാരങ്ങളും പൂത്തിരിയും മത്താപ്പുമൊക്കെയായി അനുസ്മരിക്കുമ്പോഴും ഓര്‍ക്കാം, അവതാരത്തിരുനാളിന്റെ അരൂപി നമ്മുടെ യൊക്കെ പടിക്ക് പുറത്തു തന്നെ നില്ക്കുകയാണ്. ഒന്നുമില്ലാത്തവരായി ഭൂമിയിലേയ്ക്ക് വന്നെങ്കിലും കയ്യില്‍ ഒതുങ്ങാത്ത വിധത്തില്‍ പലതും നാം സ്വന്തമാക്കിയിട്ടില്ലേ? പണമെന്നോ, പേരെന്നോ, പ്രശസ്തിയെന്നോ, സ്വാധീനമെന്നോ, സമ്പാദ്യമെന്നോ അവയെയൊക്കെ വിശേഷിപ്പിക്കാം. അതു കൊണ്ടുതന്നെയല്ലേ വാഴ്‌വിനോട് വിടചൊല്ലുവാന്‍ മനുഷ്യന്‍ മടിക്കുന്ന തും? നേടിയെടുത്തവയെ മുഴുവന്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച് കുറേക്കാലം കൂടി കഴിച്ചുകൂട്ടുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മരണക്കിടക്കയില്‍ കിടന്ന് ആശിക്കുന്നവരാണ് അധികവും. ഒരു കാര്യം ഉറപ്പാണ്, നിന്റെ ഭൗതിക സമ്പാദ്യങ്ങളുടെ ചാക്കു കെട്ടുകള്‍ ചുമലിലേന്തി കാഴ്ചയേകുവാന്‍ പുല്‍ക്കൂട്ടിലേയ്ക്ക് പോകേണ്ട. അവയുമായി അകത്തേയ്ക്ക് കുനിഞ്ഞുകയറുവാന്‍ നിനക്കാവില്ല. തന്നെയുമല്ല, അവയൊന്നും അടുക്കിവയ്ക്കുവാന്‍ ഉള്ളില്‍ ഇടവുമുണ്ടാവില്ല.

നാളിതുവരെ നീ നേടിയെടുത്തതെല്ലാം അന്യര്‍ക്ക് വാരിക്കൊടുത്ത് നാളെ മുതല്‍ കീറത്തുണിയും ചുറ്റി തെരുവിലൂടെ അല ഞ്ഞുതിരിയണം എന്നല്ല വിവക്ഷ. നിന്റെ ഉള്ളായ്മയിലും ഇല്ലായ്മയുടെ അരൂപിയും ലാളിത്യത്തിന്റെ സ്പര്‍ശവും ജീവിത ത്തിന്റെ നാനാമേഖലകളിലും നിന്റെ നിഴലായി നില്ക്കണം എന്നു മാത്രം. ഒന്നിട്ടിട്ട് ഊരിയെറിഞ്ഞ് വേറൊരു വിലപിടിപ്പുള്ള വസ്ത്രം നീ കയ്യിലെടുക്കു മ്പോള്‍ ഓര്‍ക്കണം, മാറി യുടുക്കുവാന്‍ മറ്റൊന്നില്ലാ ത്തവര്‍ നിന്റെ മുറ്റത്ത് നില്പുണ്ട്. വിഭവസമൃദ്ധ മായ തീന്മേശയ്ക്ക് ചുറ്റുമിരുന്ന് തമ്മില്‍തമ്മില്‍ ഏമ്പക്കമത്സരം നടത്തു മ്പോള്‍ ഓര്‍ക്കണം, വിശന്നുവലയുന്ന ഒട്ടിയ വയറുകള്‍ നിന്റെ വീട്ടിലേയ്ക്കുള്ള വഴിയോരങ്ങളില്‍ തളര്‍ന്നുറങ്ങുന്നുണ്ട്. മിച്ചം വരുന്നവ കുപ്പത്തൊട്ടിയില്‍ കുത്തിനിറയ്ക്കുമ്പോള്‍ ഓര്‍ക്കണം, നിന്റെ പടിപ്പുരയ്ക്ക് പുറത്ത് ഒരുരുളച്ചോറിനു നേരെ ഒരായിരം കൈകള്‍ നീളുന്നുണ്ട്. ശീതീകരിച്ച മുറിക്കുള്ളില്‍ പട്ടുമെത്തയില്‍ കിടക്കുമ്പോള്‍ കിടപ്പാടമില്ലാതെ കടത്തിണ്ണകളിലും കമ്പോളസ്ഥലങ്ങളിലും കഴിഞ്ഞുകൂടുന്നവരെ നീയോര്‍ക്കണം. അങ്ങനെയുള്ളവര്‍ക്കായി നിന്നെക്കൊണ്ട് ആവുന്ന വിധത്തില്‍ എന്തെങ്കിലും നന്മ നീ ചെയ്യണം. അങ്ങനെ നിന്റെ ചുറ്റുമുള്ള ഇല്ലായ്മക്കാര്‍ക്ക് നിന്റെ ഹൃദയത്തില്‍ അല്പമെങ്കിലും ഇടം നീ നല്കണം. അതുപോലെ ചെയ്യുവാന്‍ നിന്റെ മക്കളെയും നീ പഠി പ്പിക്കണം, പരിശീലിപ്പിക്കണം,പ്രാപ്തരാക്കണം.

സുഹൃത്തേ, പാവങ്ങളുടെ പട്ടികയില്‍ നിന്റെ പേരെഴുതപ്പെടുവാന്‍ ആനക്കാര്യങ്ങളൊന്നും നീ ചെയ്യേണ്ട. പുല്ക്കൂടിന്റെ ലാളിത്യവും, കാലികളുടെ ശാന്തതയും, മഞ്ഞിന്റെ നൈര്‍മ്മല്യവും, ആട്ടിടയരുടെ നിഷ്‌കളങ്കതയും, നിലാവിന്റെ വെണ്മയുമൊക്കെ നിന്റെ ചിന്തകളിലും, കര്‍മ്മങ്ങളിലും, മൊഴികളിലും നിറഞ്ഞുനിന്നാല്‍ മാത്രം മതി. സര്‍വ്വസുഖങ്ങ ളുടെയും നടുവിലും പിച്ചക്കാരനെപ്പോലെ പൂര്‍ണ്ണമായും ദൈവപരിപാലനയില്‍ ആശ്രയിക്കുന്നവനായി അവിടന്ന് നിന്നെ തന്റെ വിരല്‍തുമ്പില്‍ എണ്ണട്ടെ. അപ്പോള്‍ ധനുമാസത്തിലെ ഈ പാതിരാത്തിരുനാള്‍ നിന്റെയും നിന്റെ കുടുംബത്തിന്റെയും അവകാശമാകും. ശേഷിക്കുന്ന ചോദ്യം ഇതാണ്: അധികച്ചിലവും ആര്‍ഭാടവും, മദ്യത്തിന്റെ മണവും മാട്ടിറച്ചിയുമൊക്കെ മാറ്റിനിര്‍ത്തി ക്രിസ്മസ്സ് കൊണ്ടാടുവാന്‍ നിനക്കും നിന്റെ കുടുംബത്തിനും ഇക്കുറി കഴിയുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org