മഴക്കാല പ്രണയങ്ങൾ

മഴക്കാല പ്രണയങ്ങൾ
Published on

ജോസ് കൊച്ചുപുരയ്ക്കല്‍, ചെമ്പ്

കലത്തിലിത്തിരി തവലുമാത്രം – അമ്മ വിതുമ്പി
ഉപ്പും അച്ചാറും മാത്രം കുഴച്ച അത്താഴങ്ങള്‍
നിശ്ശബ്ദരായി കഞ്ഞിയെ പ്രണയിച്ചു ഞങ്ങള്‍,
"വെട്ടവും വെളിച്ചവുമില്ല, ജലമാണു ചുറ്റിലും" – പിറുപിറുത്തു ഞാന്‍
"വിശക്കുമ്പോള്‍ എന്തിനിത്ര വെട്ടം?" – അമ്മ ശകാരിച്ചു.
കൈയ്ക്കു വായിലേക്കുള്ള വഴി തെറ്റുമോ?
ഇട്ടിട്ടുപോവല്ലേ, ഞങ്ങളെന്തു ചെയ്യും?"
"കണ്ണന്‍"നായ്ക്കുട്ടിയും, "ചക്കി"പൂച്ചക്കുട്ടിയും –
നോട്ടം കൊണ്ടെന്നെ പിടിച്ചു വലിച്ചു.
എന്‍റെ ഓട്ടത്തില്‍, ഭാണ്ഡക്കെട്ടുകളിലവയെയും കേറ്റിവച്ചു
മൃഗങ്ങളെ മനുഷ്യരെപ്പോലെ പ്രണയിച്ച ദിനങ്ങള്‍!
വളങ്ങള്‍, വഞ്ചികള്‍, ബോട്ടുകള്‍
എങ്ങും എവിടെയും നിലവിളി, നിലയ്ക്കാത്ത പേമാരി,
മനുഷ്യര്‍ ചുറ്റിലും ദൈവങ്ങളായി ഓടിയലഞ്ഞ മൂന്നാലുദിനങ്ങള്‍,
കുറ്റം പറയലും, ഒളിക്യാമറയും, ചാനല്‍ ചര്‍ച്ചയും മറന്ന്
മനുഷ്യന്‍ മനുഷ്യനെ പ്രണയിച്ച ദിനങ്ങള്‍!
"നീയങ്ങു വല്ലാതെ ക്ഷീണിച്ചുപോയല്ലോ?"-
അച്ഛന്‍ അമ്മയോടായി പറഞ്ഞതു കേട്ടു.
"നീയിന്നു സുന്ദരിയാണല്ലോ" –
ചേട്ടന്‍ ചേച്ചിയെ കളിയാക്കി.
"നിനക്കിത്ര മാര്‍ക്കുണ്ടായിരുന്നോ ചക്കരേ?" –
അച്ഛന്‍ അപ്പുവിനെ തലോടി ചോദിച്ചു.
"അല്ലേലും ചേട്ടനെന്നാ എന്നെ നോക്കാന്‍ നേരം?" –
കള്ളനോട്ടമെറിഞ്ഞു ഭാര്യ പരിഭവിച്ചു.
അങ്ങോട്ടുമിങ്ങോട്ടു എല്ലാവരും ചോദിച്ചു തീര്‍ക്കാന്‍ കൊതിച്ച ചോദ്യം
മടിയില്ലാതെ ചോദിച്ച ദിനങ്ങള്‍!
പോക്കടമില്ല, വെള്ളമാണു ചുറ്റിലെവിടെയും,
സത്യത്തില്‍, കൂട്ടായിരുന്ന് നാം പരസ്പരം പ്രണയിച്ച അഞ്ചാറു സുദിനങ്ങള്‍
ജലമാണു ജീവന്‍. ജീവന്‍ ജലത്തില്‍ കുരുത്തൂ…
നിലനിര്‍ത്തുന്നതും ജലം തന്നെ…..
പാഠപുസ്തകത്തിലെന്നോ പഠിച്ചതോര്‍ത്തുപോയി ഞാന്‍!!
എന്നാലും ജലത്തിനിത്ര ശക്തിയോ നമ്മെ ഒരുമിപ്പിക്കാന്‍?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org