ഇനി കുരിശിലേക്കെത്താം

ഇനി കുരിശിലേക്കെത്താം
Published on
  • എം എസ് ചാമക്കാല, കുറവിലങ്ങാട്

അന്നും പതിവുപോല്‍ സ്‌നാപകയോഹന്നാന്‍

യോര്‍ദാന്‍കരയില്‍ പ്രസംഗിക്കവേ

തൂവെള്ളവസ്ത്രത്തിലേറെ മനോജ്ഞമായ്

തൂമ കലരും മേലങ്കി ചുറ്റി

തോളറ്റം നീണ്ടു ചുരണ്ടു കിടക്കുമാ

കേശത്തിന്‍ ശോഭ വിതറികൊണ്ടും

ലോകത്തെ നിത്യവും ധന്യമായ്ത്തീര്‍ക്കുന്ന

നാകത്തിന്‍ പുഞ്ചിരി തൂകിക്കൊണ്ടും

വിണ്ണിന്റെ വെള്ളിവെളിച്ചം പ്രകാശിക്കും

കണ്ണില്‍ സുധാംശു ചൊരിഞ്ഞുകൊണ്ടും

ആര്‍ക്കുമൊരാശ്രയം നല്‍കാന്‍ കരുത്തേറും

പൗരുഷഗാംഭീര്യഭാവമാര്‍ന്നും

അണ്ഡകടാഹങ്ങള്‍ക്കൊക്കെയധിപനാ-

മഖിലേശപുത്രനവിടെയെത്തി!

വ്യത്യസ്‌തോദരത്തിലെങ്കിലുമാനാളില്‍

വ്യക്തമായ് കണ്ടതിന്‍ ശേഷമിപ്പോള്‍

കാണാനവസരം കൈവന്നു ഭാഗ്യത്താല്‍

മുന്‍ഗാമീം പിന്‍ഗാമീമൊത്തു ചേര്‍ന്നു!

''ലോകപാപങ്ങള്‍ വഹിക്കും കുഞ്ഞാടിതാ''

യോഗീശന്‍ താനേ പറഞ്ഞുപോയി!!!

തന്‍കരം കൂപ്പിക്കൊണ്ടേശു വിനീതനാ-

യാമഹായോഗിയോടഭ്യര്‍ഥിച്ചു:

''അങ്ങേ കരങ്ങളാല്‍ സ്‌നാനമെനിക്കുമി-

ന്നേകുക മറ്റുള്ളോര്‍ക്കെന്ന പോലെ.''

എന്താണു കേള്‍പ്പതെന്നാശ്ചര്യഭാവത്താല്‍

ചിന്താകുലനായി താപസനും!

''നല്‍കേണ്ടയാളിതാ യാചിച്ചു നില്‍ക്കുന്നു!

ഞാനങ്ങേക്കേകണോ സ്‌നാനകര്‍മ്മം?''

''നീതിനിയമങ്ങള്‍ പാലിക്കവേണല്ലോ''

ന്യായം പറയുന്നു നീതിനിഷ്ഠന്‍!

പിന്നെയാ കാര്‍മ്മികന്‍ തര്‍ക്കം പറഞ്ഞീലാ-

യെന്നെന്നുമുള്ള മര്യാദയല്ലേ!

പിന്‍നീങ്ങി നാഥന്‍ നദിയിലിറങ്ങി തന്‍

പാണികള്‍ കൂപ്പി നമിച്ചു നിന്നു.

കല്ലോലക്കൈകളാല്‍ കാല്‍പാദം കൂപ്പുന്നു

കല്ലോലിനിയവള്‍ കല്ലോലയായ്!

മത്സ്യങ്ങള്‍ ചുറ്റിലും വന്നു നിലകൊണ്ടു

മത്സരഭാവത്താല്‍ തിങ്ങിക്കൂടി

തേനൊലിപ്പൂക്കളോ നാഥന്റെ മുമ്പിലായ്

തേന്‍തൂകിത്തൂകി സ്തുതിച്ചു നിന്നു.

സംഭവമെന്തെന്നറിയാനായാദിത്യ-

നംബരമധ്യത്തില്‍ വന്നിടുന്നു.

സ്‌നാപകന്‍ ചാരത്തടുത്തു വിറയാര്‍ന്ന

പാണിയാല്‍ ചെയ്തഥ തോയകര്‍മ്മം!

''ഈശോയെന്‍ പ്രിയപുത്രനാകുന്നിവനില്‍ ഞാ-

നേറ്റവും സംപ്രീതമാനസനാം''

എങ്ങുനിന്നീസ്വനം കേള്‍ക്കുന്നു ശ്രോതാക്ക-

ളങ്ങിങ്ങു നോക്കി തിരഞ്ഞിടുന്നു!

പെട്ടെന്നു മാനത്തു പൊട്ടിവടര്‍ന്നുവോ

മറ്റൊരു മാര്‍ത്താണ്ഡബിംബമിപ്പോള്‍!

അല്ലല്ല; മാര്‍ത്താണ്ഡദേവനും ദേവനാം

സ്‌നേഹസ്വരൂപി - കപോതരൂപി!!!

വാനവസൈന്യമകമ്പടി സേവിപ്പൂ

വെണ്‍മുകില്‍ രൂപത്തില്‍ വാനിടത്തില്‍!!!

സ്‌നാനം കഴിഞ്ഞു പിതാവിന്നനുഗ്രഹം

വാങ്ങിക്കഴിഞ്ഞിനി യാത്രയാകാം

കാല്‍വരിക്കുന്നിലെ ക്രൂശിന്‍ ചുവട്ടിലേ-

യ്‌ക്കെത്താന്‍ പ്രയാണം തുടര്‍ന്നു നാഥന്‍!!!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org