ഏകാന്തത ഒരു പനിനീര്‍ച്ചെടിയാണ്

ഏകാന്തത ഒരു പനിനീര്‍ച്ചെടിയാണ്
Published on
  • സന്ന്യാസു പരുമല

അതിന്റെ കൂര്‍ത്തമുള്ളുകള്‍

എന്റെ ഉടലാകെ

കുത്തിമുറിവേല്‍പ്പിച്ചുകൊണ്ടിരുന്ന

ഒരു പാതിരാനിശ്ചലതയില്‍

പൂമീനുകളുടെ നീണ്ട നിരപോലെ

നിലാവിന്റെ നേര്‍ത്തൊരു വെള്ളിനൂല്

മേല്‍ക്കൂര വിടവിലൂടെ

എന്റെ കണ്ണുകളിലേക്ക് ചാലിട്ടൊഴുകി.

പൊടുന്നനെയൊരു പൂച്ചഞരക്കം

എന്റെ ചെവി വാതിലില്‍

നഖങ്ങള്‍ കൊണ്ടു പോറി

മടിയോടെ

തിരിഞ്ഞുമറിഞ്ഞു കിടന്നെങ്കിലും

ഉറക്കം തൊടാത്ത ഞാന്‍

മേശവിളക്കിന്റെ ഇത്തിരിവെട്ടത്തില്‍

കിടക്കക്കടിയിലും

ജനാലവിരിപ്പിനു പിന്നിലും

കുപ്പായക്കീശയിലും അതിനെ പരതി.

ആരോടെങ്കിലും മിണ്ടിപ്പറഞ്ഞിരിക്കാന്‍

കൊതിക്കുന്ന മറ്റൊരു ജീവി

എന്നോട് ഒളിച്ചേ കണ്ടേ കളിക്കുന്നു!

പാഴ്‌വസ്തുക്കളുപേക്ഷിച്ച

ഒരു പഴയ കടലാസുപെട്ടിയില്‍

പൂച്ചമുഖമുള്ളൊരു മരപ്പാവയെ

ഒടുക്കം ഞാന്‍ കണ്ടെത്തി.

അന്നേരം പെറ്റുവീണ ചോരക്കുഞ്ഞിനെപ്പോല്‍

കയ്യില്‍ കോരിയെടുത്തു

ഞാനതിനോടു ചോദിച്ചു: മ്യാവൂ

അതു മറുപടി തന്നു മാവ്യൂ...

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org