അഖിലാണ്ഡ സാക്ഷ്യമേ നീ നയിക്കൂ…

അഖിലാണ്ഡ സാക്ഷ്യമേ നീ നയിക്കൂ…

ചെന്നിത്തല ഗോപിനാഥ്

കലിയുഗ മിത്രമേ! നിങ്ങളും ഞാനുമീ
ഭൂവില്‍ ഭവിച്ചിട്ടിന്നെത്ര കാതം പോന്നു
ഈ യുഗപ്പിറവിയെ പിന്നിട്ട നൂറ്റാണ്ട്
അയ്യായിരത്തൊന്നു താണ്ടുന്ന വേളയില്‍.

ഒരു നൂറുതാണ്ടിയോര്‍ കേവലം മര്‍ത്യരില്‍
ഒരുവനുണ്ടാകിലിന്നത്ഭുതം കൂറണം
സൃഷ്ടികര്‍മ്മാധിതപന്‍ കല്പിച്ചു തന്നതാ-
ണാദിവ്യജന്മമെന്നോര്‍ത്തും വന്ദിക്കണം.

അഖിലേശനെല്ലാമൊരുക്കി ബ്രഹ്മാണ്ഡ
പാദത്തിലെത്രേ അദൃശ്യമാം വീഥികള്‍
ഇന്നുനാമെത്തിപ്പിടിക്കാന്‍ ഇച്ഛിപ്പതോ
സൃഷ്ടാവാണ്ടമരും സൂക്ഷ്മസങ്കേതവും

ഇല്ലില്ലൊരിക്കലും ജല്പന വിദ്യയില്‍
ചെന്നെത്താ കല്പങ്ങള്‍ സാക്ഷ്യം വരുത്തുവാന്‍
ഇനിയെത്ര നൂറ്റാണ്ടു ദീക്ഷയാല്‍ മര്‍ത്ത്യരും
മൂക്കിനാലി"ക്ഷ" വരച്ചെത്രതാണ്ടണം.

ഇന്നീവിധം നിറഞ്ഞാടുന്ന രൂപങ്ങള്‍
അന്നു ചെന്നെത്തുകില്‍ വന്യസാക്ഷ്യങ്ങള്‍ പോല്‍
ചേതോവികാരങ്ങളില്ല, പേക്കോലമായ്
നിര്‍മ്മിതബുദ്ധിയാല്‍ ശോകാംശമായിടാം.

ഇന്നത്തെ അഫ്ഗാനിലേയ്ക്കു കണ്‍പാര്‍ക്കുകില്‍
എന്തുസാക്ഷ്യത്തിലേക്കീമര്‍ത്ത്യഗോത്രവും
"പ്രാണന്‍" മാത്രം മതിയെന്നൊറ്റ ലക്ഷ്യമായ്
മാനവവംശത്തിനെന്തിനീ ദുര്‍വിധി?

ഭാരതമാതേ നിന്നുള്ളം ത്രസിക്കുന്നുവോ?
ഭദ്രമായ് നിലകൊണ്ടു വാഴും മാതാവ് നീ
നിദ്രയ്ക്കു ഭംഗം വരാതെ തിരുമാറിലെ
സ്പന്ദനം സ്വച്ഛന്ദമായ് ഭവിച്ചീടണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org