കുട്ടികളുടെ ഡിജിറ്റൽ ലോകം

കുട്ടികളുടെ ഡിജിറ്റൽ  ലോകം
Published on

ഫാ. ഡോ. ജോൺ പുതുവ

ഷാർജയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ പൊലിഞ്ഞ വാർത്ത മാതാപിതാക്കളുടെ കണ്ണുതുറപ്പിക്കേണ്ട ഒന്നാണ്. കളിയിൽ ഏർപ്പെടുന്നതിനിടയിൽ അബദ്ധത്തിൽ സംഭവിച്ചതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് വ്യക്തമല്ലെങ്കിലും, കുഞ്ഞിന്റെ പിതാവ് പറഞ്ഞ വാക്കുകൾ നാം ഗൗരവത്തോടെ ഓർക്കണം: “ഒരു നിമിഷത്തെ അശ്രദ്ധപോലും ജീവിതം തകിടം മറിക്കും; മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം.” അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം നൽകിയ കൺമണിയെ നഷ്ടപ്പെട്ട ആ പിതാവിന്റെ വേദനയിൽനിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.

  • ഡിജിറ്റൽ ലോകത്തെ ചതിക്കുഴികൾ

ഇന്നത്തെ ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. കൊച്ചുകുട്ടികളുടെ കൈകളിൽപ്പോലും മൊബൈൽ ഫോണും ഇന്റർനെറ്റും എത്തിക്കഴിഞ്ഞു. പഠനത്തിന്റെ ഭാഗമായി നൽകുന്ന ഈ സൗകര്യങ്ങൾ പലപ്പോഴും കുട്ടികളെ വഴിതെറ്റിക്കുന്നുണ്ട്. അക്രമവും കൊലപാതകങ്ങളും നിറഞ്ഞ വീഡിയോ ഗെയിമുകൾ നിരന്തരം കാണുന്ന കുട്ടികൾക്ക് യഥാർത്ഥ ജീവിതത്തിലെ മരണവും വേദനയും വെറുമൊരു കളി മാത്രമായി തോന്നാം. മണിക്കൂറുകളോളം സ്ക്രീനുകളിൽ നോക്കിയിരിക്കുന്നത് കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് ദേഷ്യം, അലസത, ഉറക്കക്കുറവ്, വിഷാദം എന്നിവയിലേക്ക് അവരെ നയിക്കുന്നു. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം തടയാൻ ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങൾ നിയമം കൊണ്ടുവരുന്ന ഈ സാഹചര്യത്തിൽ നാമും ജാഗ്രത പാലിക്കേണ്ടതുണ്ട്.

  • കുറ്റകൃത്യങ്ങളിലേക്കുള്ള വഴി

മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകൾ കുട്ടികൾ ചെറുപ്പം മുതലേ കാണുന്നത് അവരുടെ മാനസിക തകർച്ചയ്ക്ക് കാരണമാകുന്നു. വീട്ടിൽനിന്ന് സ്നേഹവും സൗഹൃദവും ലഭിക്കാതെ വരുമ്പോൾ അവർ പുറത്തുള്ളവരിലേക്ക് ആകർഷിക്കപ്പെടുകയും ചതിക്കുഴികളിൽ വീഴുകയും ചെയ്യുന്നു. വളരെ ചെറിയ പ്രായത്തിൽ മക്കൾക്ക് എ.ടി.എം കാർഡുകളും പണവും നൽകുന്നത് അവരെ തെറ്റായ വഴികളിലേക്ക് നയിക്കാം. പണത്തിന്റെ അമിത സ്വാധീനം അവരെ ലഹരിവസ്തുക്കൾക്കും സിഗരറ്റിനും മദ്യത്തിനും അടിമകളാക്കാൻ സാധ്യതയേറെയാണ്.

  • മാതാപിതാക്കളുടെ സമ്മർദ്ദവും മക്കളുടെ ഒറ്റപ്പെടലും

പണ്ടുകാലത്ത് വലിയ കുടുംബങ്ങളിൽ മക്കൾക്ക് കാര്യങ്ങൾ പങ്കുവെക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ചെറിയ കുടുംബങ്ങളിൽ കുട്ടികൾ ഒറ്റപ്പെട്ടുപോകുന്നു. പ്രവാസലോകത്തെ കടുത്ത സാമ്പത്തികച്ചെലവുകൾ നേരിടാൻ മാതാപിതാക്കൾ രണ്ടുപേരും ജോലിക്ക് പോകുമ്പോൾ കുട്ടികൾ അനുഭവിക്കുന്ന ഏകാന്തത വലുതാണ്. ഈ ഏകാന്തത മറികടക്കാൻ ചെറുപ്രായത്തിൽത്തന്നെ അവർക്ക് മൊബൈലും ലാപ്ടോപ്പും നൽകി നാം അവരെ മറ്റൊരു തടവറയിലാക്കുകയാണ്. ഇതിനുപുറമേ, പഠനത്തിൽ ഉയർന്ന വിജയം നേടാൻ മാതാപിതാക്കൾ നൽകുന്ന അമിത സമ്മർദ്ദവും, അയൽപക്കത്തെ കുട്ടികളുമായുള്ള താരതമ്യപ്പെടുത്തലും കുട്ടികളെ കടുത്ത മാനസിക പിരിമുറുക്കത്തിലാക്കുന്നു. ഇത് അവരിൽ ക്രിമിനൽ മനോഭാവം വളർത്താനും കുട്ടിക്കുറ്റവാളികളുടെ എണ്ണം കൂടാനും കാരണമാകുന്നു.

  • മക്കളുടെ ‘ബെസ്റ്റ് ഫ്രണ്ട്’ ആകുക

മക്കളുടെ കൈകളിൽനിന്ന് മൊബൈൽ ഫോണുകൾ മാറ്റി അവരെ സ്പോർട്സ്, യോഗ, സംഗീതം, വായന, ചിത്രരചന തുടങ്ങിയ നല്ല കാര്യങ്ങളിലേക്ക് വഴിതിരിച്ചുവിടണം. മാതാപിതാക്കൾ മക്കൾക്കൊപ്പം സമയം ചെലവഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കുട്ടികൾക്കുവേണ്ടി ഞാൻ നടത്തിയ ഒരു സെമിനാറിൽ പങ്കെടുത്ത കുട്ടികൾ ആവശ്യപ്പെട്ടത് “ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങൾക്കൊപ്പം അല്പം സമയം ചെലവഴിക്കണം” എന്നാണ്.

അമ്മയപ്പന്മാരുടെ സ്നേഹത്തിനും കരുതലിനും അപ്പുറം മക്കൾക്ക് നൽകാൻ വലിയൊരു ധനവും ഈ ലോകത്തില്ല. നാം സമ്പാദിക്കുന്നതെല്ലാം മക്കൾക്കുവേണ്ടിയാണ്, എന്നാൽ ആ മക്കൾ വഴിതെറ്റി ജയിലറകളിൽ എത്താതിരിക്കാൻ നാം ശ്രദ്ധിക്കണം. ബിസിനസ്സിന്റെയും ജോലിയുടെയും തിരക്കുകൾക്കിടയിലും മക്കളെ നെഞ്ചോട് ചേർത്തുപിടിച്ച് അവരുടെ ‘ബെസ്റ്റ് ഫ്രണ്ട്’ (Best friend) ആയി മാറുക. അതിലൂടെ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും; ഇതിലും വലിയൊരു സമ്മാനം സമൂഹത്തിന് നൽകാൻ നമുക്കാകില്ല.

logo
Sathyadeepam Online
www.sathyadeepam.org