കനിവിന്‍റെ അമ്മ വി. മദര്‍ തെരേസാ

കനിവിന്‍റെ അമ്മ വി. മദര്‍ തെരേസാ
Published on

കവിത

വര്‍ഗീസ് പുതുശ്ശേരി, വേങ്ങൂര്‍

നീലക്കരയെഴും ശുഭ്രമാം ചേലയില്‍ സ്വയം മറച്ച്
ദൈവസ്നേഹത്തിന്‍ അഗ്നിയാലുള്ളം സ്വയം ജ്വലിച്ച്
ചേരിതന്‍ മക്കളില്‍ യേശുവെ കണ്ട് സ്വയം മറന്നു!
കനിവിന്‍റെ അമ്മയാം പുണ്യചരിത; മദര്‍ തെരേസാ.

ലോകസുഖങ്ങള്‍ എത്രയോ നശ്വരം എന്നോര്‍ത്ത്
ലോലമാം ഉള്‍ത്തടം ക്രൂശിതനോടൊത്ത് ചേര്‍ത്ത്
ജീവിത ബലിയതില്‍ ക്രിസ്തുവെ നല്കി പകുത്ത്-
ജീവിച്ചിരിക്കേ വിശുദ്ധിതന്‍ നറുമണമെങ്ങും പരത്തി!

എളിമതന്‍ ദീപ്തമാം ഭാവമേ! ലാളിത്യ-
ദാരിദ്ര-ശോഭതന്‍ ഭാസുര പര്യായമേ അമ്മേ!
ڇകര്‍ത്താവിന്‍ കയ്യിലെ കൊച്ചുപെന്‍സില്‍ ڈ മാത്രമാം-
നിന്നെ ചലിപ്പിച്ച് കരുണതന്‍ ചിത്രം വരക്കുന്നു സൃഷ്ടാവും!

ഹൃദയാന്തരാളത്തിന്‍ ആഴത്തില്‍ നിന്നുമുയര്‍ന്നൊരാ-
ക്രിസ്തു സ്നേഹത്തിന്‍ എരിയുന്ന തീജ്വാല തീര്‍ത്തവള്‍!
കരുണയും സ്നേഹവും ഒളിപ്പിച്ചു വച്ചൊരാതിരുമുഖം;
ദൈവകൃപയുടെ ചുളിവാര്‍ന്ന തേജസാല്‍ ശോഭിതം!

നിന്‍റെ കരാംഗുലി മൃദു സ്പര്‍ശന മാത്രയില്‍
യേശുവിന്‍ നിത്യനിതാന്തമാം ശാന്തി പകര്‍ന്നിട്ടു-
സ്വജീവിതം സാക്ഷ്യമായ്! സൗഖ്യത്തിന്‍ ലേപനമായ്;
തെരുവിന്‍റെ മക്കളെ മാറോട് ചേര്‍ത്ത് പിടിച്ചവള്‍!

കണ്ടു നീ പതിതരില്‍ യേശുവിന്‍ കരുണാര്‍ദ്ര ഛായയേ!
സോദരസ്നേഹത്തിന്‍ അഗ്നിസ്ഫുലിംഗമായ് ജ്വലിച്ചവള്‍!
വിശുദ്ധിതന്‍ കേദാരം! പുണ്യത്തിന്‍ പൊന്‍താരം!
ത്യാഗത്തിന്‍, സ്നേഹത്തിന്‍, അലിവതിന്‍ ആള്‍രൂപം!

ഈ ചെറിയവരിലൊരുവന് എന്ത് ചെയ്തപ്പോഴും;
നീയത് ചെയ്തതെനിക്ക് തന്നെڈ-എന്നോതിയ-
യേശുവിന്‍ പാത പിന്‍ചെന്നൊരാ കാരുണ്യമൂര്‍ത്തിയാം-
അമ്മയെ സാഷ്ടാംഗം വീണു വണങ്ങിടാം സാദരം!

N.B: സെപ്റ്റംബര്‍ 4: വി.മദര്‍ തെരേസയെ വിശുദ്ധയായ് നാമകരണം ചെയ്തിട്ട് 3 വര്‍ഷം തികയുന്നതോടനുബന്ധിച്ച്

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org