കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി

തോമസ് കെ.പി.
കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി

പുലരിയാകും മുന്‍പേ പാതിരാ രാവില്‍

പുല്‍ക്കൂടു തന്നില്‍ ശ്രീയേശു പിറന്നു.

പുതുപുത്തന്‍ മേളവുമായ് മാലാഖവൃന്ദം

പുല്‍ക്കൂട്ടിന്‍ മുകളിലായ് കാഹളമൂതി

പുതുകാഹള ധ്വനികേട്ട ആട്ടിടയന്മാര്‍

പുല്‍മേട്ടില്‍ നിന്നിറങ്ങി പുല്‍ക്കൂടുതേടി

പുല്‍ക്കൂട്ടില്‍ യേശുവിനെ കണ്ടാഹ്‌ളാദത്താല്‍

പുല്‍ക്കൂടിന്‍ മുന്നിലവര്‍ നര്‍ത്തനമാടി.

പുതിയൊരു താരകം വിണ്ണിലുദിച്ചു

പുലര്‍കാല ചന്ദ്രിക കോരിത്തരിച്ചു

പുതുതാരത്തിന്‍ ഉദയം രാജാക്കന്മാരില്‍

പുത്തനൊരു സന്ദേശം മനസ്സില്‍ നിറച്ചു.

പുതുവസ്ത്രമണിഞ്ഞവര്‍ രാജാക്കള്‍ ജ്ഞാനികള്‍

പുല്‍കൂടന്വേഷിച്ച് യാത്ര തിരിച്ചു

പുല്‍ക്കൂട്ടിലവര്‍ കണ്ട രാജാധിരാജനെ

പുണരുവാന്‍ കൈനീട്ടി വിനയമോടെ നിന്നു.

പുതുതോല്‍ക്കുടങ്ങളില്‍ കാഴ്ച്ചയര്‍പ്പിച്ചു

പുതു പൊന്നും മീറയും കുന്തിരിക്കവും

പുഞ്ചിരി തൂകികൊണ്ടുണ്ണീശോ നോക്കി

പുളകിതരായ് മൂവരും സംതൃപ്തരായി.

പുല്‍ക്കൂടിന്‍ സന്ദേശം അത്യുന്നതങ്ങളില്‍

പുതുയുഗപ്പിറവിയില്‍ ദൈവത്തിന് സ്തുതിയും

പുതുഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കെല്ലാം

പുത്തന്‍ സമാധാനം ആശംസിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org