
ബ്ര. മത്തായി പൂവത്തിങ്കല്‍
(ഫിലോസഫി മൂന്നാം വര്‍ഷ വൈദികവിദ്യാര്‍ത്ഥി, സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, വടവാതൂര്‍)
ആ പാടത്തെ ഏറ്റവും സുന്ദരമായ നെല്‍ച്ചെടി അവനായിരുന്നു. അവന് വലിയ കതിരുകള്‍ ഉണ്ടായിരുന്നു. രാത്രി മഞ്ഞിന്റെ കണങ്ങള്‍ അവന്റെ ഇലയില്‍ സൂര്യപ്രഭയേറ്റ് സ്ഫടികഗോളം കണക്കെ മിന്നുമായിരുന്നു. അന്നും സൂര്യരശ്മികള്‍ തെന്നയാണ് അവനെ ഉണര്‍ത്തിയത്. കണ്ണുകള്‍ മെല്ലെ തുറന്ന് അവന്‍ ചുറ്റും നോക്കി. സൂര്യന്റെ പൊന്‍പ്രഭയില്‍ അന്തരീക്ഷം ആകെ തിളങ്ങി നില്‍ക്കുന്നു. എത്ര മനോഹരമായ കാഴ്ച, തന്റെ ഹരിതമേനിയില്‍ മഞ്ഞുകണങ്ങള്‍ പകര്‍ന്ന കുളിര്‍മയില്‍ മതിമറന്ന് അവന്‍ നിന്നു.
ആകസ്മികമായാണ് അവള്‍ അവന്റെ കണ്ണില്‍പ്പെട്ടത്. ദേഹമാകെ ചുമന്ന്, കോടമഞ്ഞില്‍ കുളിച്ച് അവള്‍... ആരാണവള്‍? അവന്‍ ചിന്തിച്ചു. പാടവരമ്പത്തെ ചീരക്കൂട്ടത്തില്‍ നിന്ന സുന്ദരിയെയാണ് അവന്‍ ഉറ്റു നോക്കുന്നത്. ചീരക്കൂട്ടത്തിലെ ആ സുന്ദരി അവന്റെ മനസ്സിനെ ഏറെ സ്വാധീനിച്ചിരിക്കുന്നു. അവന്റെ നെഞ്ചിടിപ്പ് കൂടുന്നത് അവന്‍ അറിഞ്ഞു. അവളുടെ ശ്രദ്ധ നേടാന്‍ അവന്റെ ഹൃദയം വെമ്പല്‍ കൊണ്ടു. അവളുടെ അരികില്‍ എത്തണം, അവളുടെ ശ്രദ്ധ നേടണം, അവളെ സ്വന്തമാക്കണം അവന്‍ ഉറപ്പിച്ചു.
ഏറെ പണിപ്പെട്ടാണ് അവന്‍ തന്റെ വേരുകള്‍ ചേറില്‍നിന്നും പിഴുത് എടുത്തത്. അവളുടെ അരുകില്‍ എത്താനുള്ള വെമ്പലില്‍ അറ്റുപോയ വേരുകളെ അവന്‍ ഗൗനിച്ചതേയില്ല. അവളുടെ അരികിലേക്ക് ഇഴഞ്ഞു നീങ്ങിയപ്പോള്‍ അവന്റെ മേനിയെ കുത്തി മുറിവേല്പിച്ച കല്ലുകളും അവന്‍ ശ്രദ്ധിച്ചില്ല. കണ്ണ് അവളിലായിരുന്നു, ഹൃദയവും.
ചീരതടത്തിലെ മണ്ണിന് കണ്ട ത്തിലെ പോലെ മാര്‍ദ്ദവം ഉണ്ടായിരുന്നില്ല. ഏറെ പണിപ്പെട്ടാണ് നെല്‍ച്ചെടി ചീരതടത്തില്‍ വേരുറപ്പിച്ചത്. അവന്‍ ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ പിന്നെയും രണ്ടു നാള്‍ വേണ്ടി വന്നു. ഒടുവില്‍ അവന്‍ നിവര്‍ന്നുനിന്ന് തന്റെ പ്രണയിനിയുടെ മുഖത്തേക്ക് നോക്കി. അവള്‍ എത്ര സുന്ദരിയാണ്.
പ്രിയെ... എന്ന് അവളെ വിളിക്കാന്‍ നെല്‍ച്ചെടി ആഞ്ഞതും കൃഷിക്കാരന്‍ അവനെ പിഴുതതും ഒന്നിച്ചായിരുന്നു. ചീരയുടെ ഇടയില്‍ നിന്നും പിഴുതുമാറ്റിയ മറ്റു പാഴ്‌ചെടിക്ക് ഒപ്പം തീയില്‍ എറിയപ്പെട്ടപ്പോള്‍ നെല്‍ച്ചെടിക്ക് വലിയ ബോധ്യമുണ്ടായി.
നെല്ലിനിടയില്‍ ചീരയും ചീരയുടെ ഇടയില്‍ നെല്ലും പിഴുതു മാറ്റേണ്ട കളയാണ് എന്ന ബോധ്യം.