ജീവിത സായാഹ്നത്തില്‍

ജീവിത സായാഹ്നത്തില്‍

ബാബു തൃക്കൊടിത്താനം

ഓട്ടമാണോട്ടമാണൊട്ടൊന്നു മുട്ടാതെ-
മുട്ടിയും തട്ടിയും വാഹനങ്ങള്‍
പായുകയാണിവിടീ ജനമാകവേ
ഓരോരോ ദിക്കിലേക്കെത്ര വേഗം!!
നെട്ടോട്ടമോടുമെന്‍ സോദരേ, ചൊല്ലുമോ
എങ്ങേയ്ക്കതെന്തിനാണീ പ്രയാണം?

കണ്ണടതൂത്തു തുടച്ചതിസൂക്ഷ്മമായ്
ഇത്തിരി മന്ദമാണെന്‍ ചോടുകള്‍,
ലക്ഷ്യമതെന്തെന്നും, ആയതിനുള്ളിലെ-
നന്മതന്മാത്രകളെത്രയെന്നും,
നോക്കി 'ഗണിച്ചു' ഗുണിച്ചു ഞാനെന്‍റെ പിന്‍-
യാത്രികര്‍ക്കാകുലമേകാതെയും,
മുന്‍പിലെ പച്ചപ്പുല്‍മേടിനിടയിലൂ-
ടെന്‍റേതാം പാതകള്‍ തീര്‍ത്തണയവേ,
നൂറ്റാണ്ടിന്‍ ഭേദമെന്നല്ലാതെ എന്തുചൊല്‍
ആയിരം കാതങ്ങള്‍ നിങ്ങളെത്തി!

ഊന്നുവടി വിട്ടിട്ടോടുവാനാകാതെ
താന്തനായേകനായ് ഞാനിരിപ്പായ്!!

കൂവിച്ചിരിച്ചെന്നെ നോക്കും കിടാങ്ങളേ
ഭ്രാന്തനാക്കീടൊല്ലെ നിങ്ങളെന്നെ
മാനസമിന്നും മടിപ്പില്ല മണ്ടിടാന്‍
പാവമീ പാദങ്ങള്‍ നീങ്ങിടേണ്ടേ?

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org