അക്കങ്ങള്‍ മാഞ്ഞതറിയാത്തവര്‍

അക്കങ്ങള്‍ മാഞ്ഞതറിയാത്തവര്‍

ജനുവരിയിലെന്റെ

കിനാവുകള്‍ പൂവിടുകയും

പ്രതീക്ഷകള്‍ക്ക് ജന്മം നല്‍കു കയും ചെയ്തിരുന്നു.

പുതിയ വാതിലുകള്‍,

ഉയരങ്ങള്‍,നീണ്ട യാത്രകള്‍

നീളുന്ന മോഹങ്ങള്‍.

ശാന്തമായി സഞ്ചരിച്ചും

സ്വപ്‌നങ്ങള്‍ അയവിറക്കിയും

നേട്ടങ്ങള്‍ കൊയ്യുവാന്‍

ഉറച്ചൊരു നിനവുണ്ടായ്.

ഫെബ്രുവരിയില്‍

വിരളമായി തുറക്കുന്ന

ജാലകങ്ങളും വാതിലുകളും

പതിയെ തുറന്നപ്പോഴും

ഈണമില്ലാത്ത വരികള്‍ മൂളുമ്പോഴും

ചിതലുകള്‍

ശാന്തമായിയുറങ്ങുന്നതും

ചിലന്തികള്‍ കിന്നാരം പറയുന്നതും

പല്ലിയും പാറ്റയും വിരിച്ചിട്ട

മെത്തയില്‍ നിന്നുകൊണ്ട്

ഞാന്‍ കേട്ടിരുന്നു.

അടുത്ത തവണ

ഞാനീ മുറി ആകാശത്തോളം

ഭംഗിയുള്ളതാക്കുമെന്ന ഉറപ്പിനാല്‍

ഭിത്തിയില്‍ വരകള്‍ ചേര്‍ക്കുകയും

വിരലുകള്‍ പതിക്കുകയും

ഹൃദയത്താല്‍ ചുംബിക്കുകയും

ചെയ്തിരുന്നു.

എന്നിട്ടും!

മാര്‍ച്ചിന്റെ

മനസ്സു നിറയെ

പൊള്ളുന്ന ചിന്തകള്‍ ജന്മമെടുക്കുകയായിരുന്നു.

വിരിഞ്ഞു തുടങ്ങിയ

ഓരോ മോഹരാഗത്തെയും

നീലാകാശം കവര്‍ന്നു

തുടങ്ങിയിരുന്നു.

ഏപ്രിലിനോട് ചോദിച്ചാല്‍?

സമരമാണ് ജീവിതമെന്നും

കനലുകള്‍ കഥകള്‍

പറയുന്നതെല്ലാം കേള്‍ക്കണമെന്നും

കവിതയില്‍ കതിരുകള്‍

വിളയുന്നത് കാണണമെന്നും

തുടര്‍ച്ചയായി പാടിപോയി.

മെയ് മാസരാവുകള്‍

പലതും പുതിയ ചിന്തകള്‍

കളിമണ്ണ് കൊണ്ട്

പണിതെടുക്കുന്നതിന്റെ

തിരക്കിലായിരുന്നു.

ഉണങ്ങാന്‍ പാകത്തിന്

ചൂട് തൊടും മുമ്പ് നശിച്ചു.

ജൂണിന്റെ പ്രതീക്ഷിക്കാത്ത

വരവൊരു തിരിച്ചടിയായ്.

ഒരു പുഴയുടെ പിറവി കണ്ടതും

മരുഭൂമിയില്‍ നനവ് കണ്ടതും

കരളിന്റെ ഉള്ളറയില്‍

വിള്ളല്‍ കണ്ടതും

കണ്ണിന്റെ കോണില്‍

ഇരുള്‍ മൂടിയതും

ഹൃദയമറിയാതെയായിരുന്നു.

ഉപ്പു കലരും പോലെയെന്റെ

ചിന്തകള്‍ പുഴയുടെ

മാറില്‍ പറ്റിപ്പിടിച്ചു.

ജൂലൈയുടെ വരവ്

മുന്‍കൂട്ടി അറിയാമായിരുന്നിട്ടും

കടല്‍ കരയുന്ന ശബ്ദം

കാതുകളെ വേദനിപ്പിച്ചു.

എന്നിട്ടും ഉള്ളം പറഞ്ഞു.

കണ്ണുനീര്‍ കാണാന്‍

കാഴ്ചക്കാര്‍ ഏറെയുണ്ടെന്നും

ഓരോ ഇരുള്‍ മറയുടെ ചുവട്ടിലും

മിഴികള്‍ ഉറ്റു നോക്കുമെന്നും,

ആരും കാണാതെ യാത്രകള്‍

തുടങ്ങിവെയ്ക്കാനൊരു

മറയായികരുതണമെന്ന്.

ഓഗസ്റ്റിന്റെ പാതിയില്‍ കണ്ടുമുട്ടിയ ഉത്സവമുഖം

എന്റെ നെഞ്ചിടിപ്പിന്റെ

താളം കൂട്ടുകയും

എങ്ങോ പണിതു തുടങ്ങിയ

കൊട്ടാരത്തിന്റെ കവാടമെത്തും മുമ്പ് ജീവിതം തീരുമെന്ന

ഭയമുടലെടുക്കുകയും

ചെയ്തിരുന്നു.

സെപ്റ്റംബറില്‍ യാത്രകള്‍

വേഗത്തില്‍ ആകുമെന്നും

കൊട്ടാരമുറ്റം

പൂമെത്ത വിരിക്കുമെന്നും

സ്വര്‍ണ്ണമത്സ്യത്തിന്റെ

ചിറകില്‍ പറക്കുമെന്നും

ഞാന്‍ പറഞ്ഞു കഴിഞ്ഞു.

പലരോടും!

ഒക്‌ടോബറിന്റെ വരവില്‍

ജീവിതം മടുത്തു തുടങ്ങിയയൊരു

ഹൃദയമുണ്ടായ്.

കണ്ണുകള്‍ക്ക് കാണാന്‍

കഴിയാത്ത ലോകത്തെ

തിരയുന്നൊരു ഹൃദയം.

മയില്‍പീലി അഴകുള്ള ലോകം.

നവംബര്‍ തുടങ്ങിയിട്ട് ഏറെയായ് യാത്രയിന്നും തുടങ്ങിയിട്ടില്ലെന്ന

തിരിച്ചറിവും കണ്ടെത്തലുകളും

ഉലച്ചു കളഞ്ഞൊരുന്നാള്‍.

പുതിയ ചിന്തകളുടെ

വിത്തുകള്‍ വിതറുവാന്‍

സമയം നല്‍കാതെ

കണ്ണുകള്‍ മങ്ങി.

ഡിസംബറിന്റെ

മഞ്ഞുകണങ്ങള്‍ വീണിട്ടും

ഉണരാതെയുറങ്ങി പോയിട്ടും

കരങ്ങള്‍ കൊണ്ട്

ചേര്‍ത്ത് നിര്‍ത്തിയിട്ടും

ഉള്ളൊന്ന് തണുക്കാന്‍

നേരമേറെയെടുത്തു.

ആശ്വാസവാക്കുകള്‍

കൊണ്ട് മൂടുമ്പോഴും

മനസ്സ് നിറയെ

സന്തോഷത്തിന്റെ

പുഞ്ചിരി നിറങ്ങള്‍

മഴവില്ല് തീര്‍ക്കുന്ന

ഡിസംബറിനെ

ഞാന്‍ തൊട്ടറിഞ്ഞു.

പുതിയ തിരിച്ചറിവില്‍

മറ്റൊരു ജനുവരിക്കായ്

ഞാന്‍ കാത്തിരുക്കുമ്പോഴും

പുതിയ ചിന്തകള്‍ വിടര്‍ത്തി

നോക്കുമ്പോഴും

അലകളുയരാത്ത

ആഴിപോലെയെന്റെയുള്ളം

'അക്കങ്ങള്‍ മാറിയത്

അറിയാതെ വിരിഞ്ഞു തുടങ്ങി.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org