
മാത്യു കുരിശുമൂട്ടില്‍
'ആശയോ പൂഞ്ചിറകുള്ളതാം സാധ്യത
ആത്മാവില്‍ ചേക്കേറും, പാടുന്ന പൂങ്കുയില്‍
വാക്കുകളില്ലാതെ രാഗങ്ങള്‍ മൂളിടും;
കേള്‍ക്കുന്ന സ്ഥായിയില്‍ നിര്‍ത്താതെ പാടിടും!
ഏറ്റവും മാധുര്യം - ആപത്തുകാലത്തും;
മാറ്റങ്ങള്‍ കൂടാതെ കേള്‍ക്കുവാനായിടും
വേഗത്തില്‍ കാറ്റെത്ര വീശിയടിച്ചാലും,
ആകുമോ 'ആശയാം പക്ഷി'യെ തോല്‍പിക്കാന്‍ ?
എത്രയോ മാനുഷര്‍ക്കേകിയതൂര്‍ജം താന്‍
അത്രയും ഭീതി, ആധിയും പൂണ്ട നാളില്‍!
കഷ്ടതയെത്രമേല്‍ സാന്ദ്രമായീടിലും,
ഇഷ്ടനെന്നോടല്‍പവും ചോദിച്ചതില്ല.
(എമിലി ഡികിന്‍സണ്‍ രചിച്ച 'ഹോപ്' എന്ന കവിതയുടെ പരിഭാഷ)